Sunday, September 27, 2009

പുതുക്കം

പുതുക്കിപ്പണിഞ്ഞുകൊണ്ടിരുന്നു
ഈ വീടിന്റെ ചുമരുകള്‍
ഞാനെന്റെ ഭാഷകൊണ്ട്

ഈ വീടിന്റെ ജനാലകള്‍
വാതിലുകള്‍
ഉമ്മറം
നിന്നുമടുത്ത് ദ്രവിച്ച
കട്ടിളകള്‍

എന്നാല്‍
പുതുക്കാന്‍ മറന്നു പോയിരുന്നു
അകത്തെ കരിങ്കല്ലിന്റെ തണുപ്പ്
മേല്‍ത്തട്ടിനുളളില്‍
കൂട്ടികെട്ടിയ
ഇരുമ്പുകഷണങ്ങള്‍

വീടിങ്ങനെ
മേല്‍ക്കൂരയ്ക്കു കീഴെ
മക്കളെല്ലാം കൂടൊഴിഞ്ഞ നിശ്ശബ്ദത നോക്കി
സിറ്റൗട്ടിലെയിരുട്ടിലിരിക്കുന്ന അച്ഛനാകുന്നത്
അതുകൊണ്ടാകുമോ?

Wednesday, September 16, 2009

മത്സ്യബന്ധനം

കഴായില്‍ നിന്നൊരു കുഞ്ഞു
മീനിനെപ്പിടിച്ച്‌
കുപ്പിയിലിട്ടു

അടിത്തട്ടില്‍
മണലിന്റെ താഴ്‌വരയൊരുക്കിയതില്‍
ഉരുളന്‍ കല്ലുകളിട്ടു
വിശക്കുമെന്നു കരുതി
വറ്റുകളിട്ടു

മണലോ
കല്ലോ
വറ്റോ കാണാതെ
ചില്ലിന്‍ത്തന്നെ
ചുണ്ടുകളമര്‍ത്തിയത്‌
നീന്തിക്കൊണ്ടേയിരുന്നു

നാളെയൊരു ചെടി
നടണമതില്‍
രാത്രിയോര്‍ത്തു കിടന്നു.
വെളുക്കുവോളം
കണ്ടല്‍ച്ചെടികള്‍ക്കിടയിലൂടെ
ചെറുമീനായ്‌ നീന്തിത്തുടിച്ചു

ഇന്നോ
ഭൂമിയോളം
ആകാശത്തോളം
ഇടമുണ്ടായിട്ടും
ചില്ലുകുപ്പിയില്‍ത്തന്നെ
കുരുങ്ങിക്കിടക്കുന്നു,
ശ്വാസംമുട്ടി-
ത്തീരുവോളം.

Wednesday, September 2, 2009

പുഴയിലേക്ക് മത്സ്യങ്ങള്‍ വരുന്നത്



വിടത്തെ
ജീവിതത്തെക്കുറിച്ചു പറഞ്ഞാ
ലൊരു പക്ഷേ,
നിനക്കു ചിരിവരും

നിനക്കു നഗരമല്ലേ അറിയൂ
വെളുപ്പിനേ തിരക്കാവുന്ന
വെയില്‍ത്തിരയിലേക്ക്
നീയൊരു മത്സ്യമായ് കാണാതാവും

പൊടിപടര്‍ന്ന
ഇലകളുളള മരച്ചുവടുകളിലിട്ട
സിമന്റുകസേരകളിലെ
വൈകുന്നേരങ്ങള്‍ ,
രാത്രിയ്ക്കും പകലിനുമിടയിലെ
ചില നേരങ്ങളില്‍ മാത്രം
സ്നേഹമോര്‍ക്കുന്നവര്‍ ,
കുമിളകള്‍കൊണ്ട്
പൊതിഞ്ഞ ജീവിതങ്ങള്‍
മാത്രമുളള രാപ്പാറ്റകളെ
പ്പോലുളളവര്‍

ഇവിടത്തെ
ജീവിതത്തെക്കുറിച്ചറിഞ്ഞാ
ലുറപ്പാണ്
നിനക്കു ചിരിവരും

പാവല്‍പ്പന്തലുകളും
പൂവരുന്നതും
കായ് പൊടിക്കുന്നതും കാത്തിരുന്ന
കണ്ണുകളുമാണിവിടെ

മലകള്‍ക്കു മുകളിലേക്ക്
മഞ്ഞുപക്ഷികള്‍ പറക്കുന്ന
തിവിടെ നിന്നാല്‍ കാണാം
അവയേതു കൊമ്പില്‍
ചേക്കേറുമെന്നോര്‍ത്ത്
ഇടവഴിയില്‍ നില്‍ക്കുന്ന
മുളങ്കുറ്റികള്‍

മുന്‍പ്
നെല്‍പ്പാടങ്ങളായിരുന്നവിട
മെല്ലാമിപ്പോള്‍
റബ്ബറോ കുരുമുളകോ
ആയി എന്നുമാത്രം

ഇടയില്‍
ചില വീടുകളിരിക്കാന്‍ തുടങ്ങിയിട്ടുണ്ട്
പേടി തോന്നുന്ന
വലിയ വലിയ അറകളുളളവ,
രണ്ടുപേരോ മറ്റോ
താമസിക്കുന്നുണ്ടാവുമതില്‍

എങ്കിലും നീ ചിരിക്കും
മൊബൈല്‍ ടവറുകളും
ടി.വിയും പേചാനലുകളുമുണ്ടെന്നിരിയ്ക്കിലും*
ഇങ്ങനെയൊരിടത്ത്
എങ്ങനെയാണ്
താമസിക്കുകയെന്നോര്‍ത്ത്

എന്നാല്‍ ശരിക്കും
ഞാനത്ഭുതപ്പെട്ടു പോവുകയാണ്
നീ ചിരിച്ചില്ലെന്നതിനെ
ക്കുറിച്ചോര്‍ത്തല്ല
ഇനി മടങ്ങിപ്പോകുന്നില്ലെന്നു
നീ പറഞ്ഞപ്പോള്‍ .

അതുകേട്ടൊരുപക്ഷേ
ഞാന്‍ ചിരിച്ചിരിക്കാം
പുഴയിലേക്ക് മീനുകള്‍
വരുന്നതെങ്ങനെയെന്നു ചോദിക്കുന്ന
നിന്റെ കൗതുകത്തിലേക്ക്
ഊര്‍ന്നു വീഴുവോളം !

(പുതുകവിത ഓണപ്പതിപ്പ് )

എളുപ്പവഴി



സ്കൂളിലേയ്ക്കൊ
രെളുപ്പവഴിയുണ്ടായിരുന്നു.

വഴിവക്കിലെ
മരപ്പൊത്തില്‍
മുട്ടകള്‍ വിരിഞ്ഞുവോ
എന്നു നോക്കിയും
വരമ്പിനോരത്തെ
ആമ്പല്‍ക്കുളത്തില്‍
വിരിഞ്ഞപൂവിന്റെ വെളളയിലിരുന്നും
വേലിയിലെ തുമ്പിയുടെ
വീട്ടിലേയ്ക്കുളള വഴി ചോദിച്ചും
കാത്തിരു,ന്നൊരു മേഘത്തെ
കല്ലെറിഞ്ഞു വീഴ്ത്തി
ഉപ്പുകൂട്ടിത്തിന്നും
ചേമ്പിലക്കുമ്പിളില്‍
മഴവെളളം നിറച്ചതിലൊരു
കുഞ്ഞുമീനിനെപ്പിടിച്ചിട്ടും
കാറ്റിനോടൊക്കെ
ഉത്തരമില്ലാത്ത കടങ്കഥപറഞ്ഞും
നേരം വൈകുമ്പോഴൊക്കെ
ഈയെളുപ്പവഴിയിലൂടെ
ബെല്ലടിയ്ക്കുമ്പോഴേക്കും
സ്കൂളിലെത്തിയിരുന്നു

ആര്‍ക്കുമറിയാത്തൊരീയെളുപ്പവഴി
തുറന്നിട്ടൊരാകാശമായിരുന്നു
അതിലൂടെ
പുഴയിലെത്തിയ പരല്‍മീനായ് മാറിയിരുന്നു
അപ്പോഴേക്കും
സ്കൂളില്‍ നിന്നുമവസാന
ബെല്ലുമടിച്ചിരുന്നു

പിന്നെയെളുപ്പവഴികള്‍
ജീവിതത്തിലേക്കും
തുറന്നിട്ട വലിപ്പുകളായി
ഇടുങ്ങിയ തെരുവ്
കൗതുകങ്ങളൊളിപ്പിച്ചില്ലെങ്കിലും
കാട്ടുപൊന്തകളായി
ബസ്റ്റാന്റിലേക്കും
റെയില്‍വേസ്റ്റേഷനിലേക്കും
ഇടവഴിയൊരുക്കി

എന്നിട്ടും
ജീവിതത്തില്‍ നിന്നൊരെളുപ്പവഴി
മരണത്തിലേയ്ക്കുണ്ടെന്നറിഞ്ഞിട്ടും
നേര്‍വഴിയിലൂടെ മാത്രം
നടക്കുകയാണിന്നും.

( ബ്ലോത്രം ഓണപ്പതിപ്പ് )

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP