Sunday, August 29, 2010

പാത്രങ്ങളുടെ പാട്ട്



ചെട്ട്യാര് വന്നാപ്പിന്നെ
പാത്രങ്ങളുടെ പാട്ടാണ്

കൊട്ടിലിനു പിന്നിലെ
പുളിമരച്ചോട്ടില്‍
കനലെരിഞ്ഞ്
പാത്രങ്ങളൊക്കെ
ഞണുക്കം മാറി
പൊട്ടലുമോട്ടയുമടഞ്ഞ്
പാടാന്‍ തുടങ്ങും

അട്ടത്തെയരണ്ട നിശ്ശബ്ദത
മാറാല പടര്‍ത്തിയ നാളുകള്‍ മറന്ന്
അരിതിളയ്ക്കുന്ന പാട്ട്
വയലിനക്കരെ
തെങ്ങുവരമ്പില്‍ നിന്നാലും
കേള്‍ക്കാം

കത്തുന്നത് കനലാക്കുന്ന
കാറ്റുയന്ത്രത്തെ
ചലിപ്പിക്കുമയാളുടെ
വിരലുകളെ
പാത്രങ്ങളോട്
തിരിഞ്ഞും മറിഞ്ഞുമിരിക്കെന്ന
പറച്ചിലുകളെ
പാട്ടുകള്‍ക്കിടയില്‍ നിന്നു
വിസ്മയിച്ചിട്ടുണ്ട്

പാട്ടുകൂടുകള്‍ തേടി
കിളികളാര്‍ക്കുമ്പോള്‍
ഞണുക്കമൊരിക്കലും മാറാത്തൊരോട്ടക്കലം
തലയില്‍ കമഴ്ത്തി
കാറ്റിനെതിരെ
കൈ വീശി വീശിയൊരു പോക്കുണ്ട്

അതു നോക്കി നില്‍ക്കുമൊരു
കുട്ടി
ഇപ്പോഴുമാ വരമ്പത്തുണ്ട്.

(പുതുകവിത ഓണപ്പതിപ്പ്)

9 comments:

മുകിൽ said...

വരമ്പത്തെ കുട്ടീ, നന്നായിട്ടുണ്ട്. ചെട്ടിയാരുടെ പാത്രങ്ങളിലെ കൊട്ടും പാട്ടും.

സലാഹ് said...

ആ വരന്പത്തെ കുട്ടി ഇപ്പോഴുമിവിടെയുണ്ട്.
നന്നായി. നന്ദി

സോണ ജി said...

ആ കുട്ടി എല്ലാര്‍ക്കും സുപരിചിതന്‍ .

ശ്രീനാഥന്‍ said...

കുട്ടി ഇപ്പൊഴുമുണ്ട്, ചെട്ടിയാരൊക്കെ പൊയ്പ്പോയോന്നാ സംശയം, നല്ല കവിത!

Thommy said...

വളരെ നന്നയി കുറിച്ചിരിക്കുന്നു

MyDreams said...

anessh
puthukaviathayil vannathu book aayi publish chyunnu ennu arinju
valare santhosham
all the best

ആര്‍. ശ്രീലതാ വര്‍മ്മ said...

വരമ്പത്തെ കുട്ടി മായാത്ത ഒരു ഉണ്മയാണ്,നന്നായി അനീഷ്‌.

ആയിരത്തിയൊന്നാംരാവ് said...

വരാന്‍ താമസിച്ചുപോയോ എന്ന് സംശയം

ധന്യാദാസ്. said...

അതു നോക്കി നില്‍ക്കുമൊരു
കുട്ടി
ഇപ്പോഴുമാ വരമ്പത്തുണ്ട്.

തീര്‍ച്ചയായും ഉണ്ട്.

നന്നായി ഏട്ടാ.

സ്നേഹപൂര്‍വ്വം..

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP