Sunday, September 26, 2010

ഇനിയൊരു...



ഇനിയൊരു മരം നട്ടുവളര്‍ത്തി
യതിന്റെ തഴച്ച തണുപ്പത്തിരുന്ന്
കാറ്റുകൊള്ളണം

ചെടി പിഴുതെടുത്തു വെച്ച്
പൊടിച്ചുവളര്‍ന്ന്
മരമാവും വരെ ആയുസ്സുണ്ടാകുമോ?
ഉണ്ടെങ്കിലന്നനങ്ങാനാവുമോ?
അനങ്ങാനായാലും
നടക്കാനോ കാറ്റുകൊള്ളാനോ മനസ്സുണ്ടാകുമോ?

ഒട്ടുമുറപ്പില്ലാത്ത
ഒന്നിനുവേണ്ടി
കാലാകാലം കാത്തിരിക്കാന്‍
മനുഷ്യനാകുമോ?
ആയാലുമക്കാലത്ത് ഇതേയാഗ്രഹവും
ചിന്തയും വികാരവുമുറഞ്ഞമേഘമായ് നിലനില്‍ക്കുമോ?
ഋതുക്കളോട് പ്രതികരിക്കാത്ത കല്ലുപോലത്തെ
ജീവിതമുണ്ടാവില്ലല്ലോ
ഒരു മനുഷ്യനും

എന്നുവെച്ച്
ഇപ്പോള്‍ തോന്നിയൊരാഗ്രഹം
ഇപ്പോഴെടുത്ത കുഴിയില്‍ത്തന്നെ
കുഴിച്ചുമൂടണോ?

അതിനാല്‍
പഴക്കത്തിന്റെ വേടുകള്‍തൂങ്ങിയൊരു പെരുമരം
വേരുകള്‍ പൊട്ടാതെ പിഴുതെടുത്ത്
മണ്ണുമാന്തി കുഴിയെടുത്തതില്‍ നട്ടു
വെള്ളമൊഴിച്ചതിന്റെ ചുവട്ടിലിരുന്ന്
ഇതുവഴി വന്നിട്ടില്ലാത്തൊരു കാറ്റിനെ
ഗതി തിരിച്ചു വിടുന്നു

ഇനിയൊരു കാടു നട്ടുവളര്‍ത്തി
യതിന്റെയഗാധ ഗഹ്വരങ്ങളിലൊന്നിലിരുന്ന്
ധ്യാനിക്കണം
ത്രികാലജ്ഞാനിയാകണം !

Tuesday, September 21, 2010

തീക്കളി


ഇടയ്ക്കിടെ
മുറിബീഡി മിന്നിച്ചു
കൊണ്ടിതിലേ കടന്നുപോകുന്ന
മിന്നാമിനുങ്ങേ

വയലുകളായ വയലുകളൊക്കെ
യുണക്കപ്പുല്ലു
പുതച്ചുഷ്ണിച്ചുറങ്ങുകയാണ്
അവിടൊന്നും ചെന്നിരിയ്ക്കല്ലേ
തീകൊണ്ടീയേകാന്തത മുഴുവനെരിയ്ക്കല്ലേ !

Saturday, September 18, 2010

കുഴഞ്ഞ്‌

എല്ലാം
കൂടിക്കുഴഞ്ഞു കിടക്കുന്നു

മണ്ണ്‌
വേരുകൾ
ജലം
സസ്യം
മരം
കിളികൾ
മനുഷ്യർ

വലിച്ചു വാരിയിട്ട
പുസ്തകംപോലെ
ഭൂമി

അടുക്കിപ്പെറുക്കി വെച്ച്‌
മടുത്ത്‌
തിരിച്ചു പോകും സൂര്യൻ
മടങ്ങിവരാത്ത
വേലക്കാരിയാവുന്നത്‌
എന്നാണാവോ ?

Sunday, September 12, 2010

കടവിലൊരന്തിയില്‍


വെളളം
പിന്നോട്ടു പിന്നോട്ടു വലിഞ്ഞു തുടങ്ങിയ
കടവില്‍
രണ്ടുമൂന്നു
കടത്തുവഞ്ചികള്‍
കെട്ടിയിട്ടിരിക്കുന്നു

ചീഞ്ഞ തൊണ്ടുകള്‍
കോര്‍ത്തു കെട്ടിത്താഴ്ത്തിയ
ഇരുട്ടിലേക്ക്
മുങ്ങുന്ന സൂര്യന്റെ
അഴുകിയ ഗന്ധം

അവിടെ നിന്ന്
അസ്തമയം കണ്ടു
മടങ്ങുമ്പോള്‍
ചവിട്ടേറ്റെന്തോ
പിടഞ്ഞതുപോലെ തോന്നി
ഇരുട്ടു പരന്നതിനാല്‍
ശരിക്കു കണ്ടില്ല

ടോര്‍ച്ചിന്റെ
വെളിച്ചത്തില്‍ കണ്ടു
അന്തിക്കള്ളിന്റെ ലഹരിയില്‍
മാളത്തിലേയ്ക്കിഴയുന്ന
കായലിന്റെ
കറുത്ത ഫണം

Sunday, September 5, 2010

വെള്ളത്തിലൊരു കല്ല്


വെള്ളത്തിലൊരു
കല്ലിടാൻ പോവുകയാണ്‌

വെള്ളത്തിലേയ്ക്കെത്ര പേർ
കല്ലിട്ടിരിക്കുന്നു
കുളങ്ങളെത്ര ജലവൃത്തങ്ങൾ വരച്ചിരിക്കുന്നു
ഞാനുമെത്ര കല്ലിട്ടിരിക്കുന്നു

എന്നാലീക്കല്ല്‌
മുൻപിട്ടിട്ടില്ല
ഇതേ നിൽപും
മുൻപത്തേതല്ല

ഇതേ വേഗത്തി
ലിതേ സമയപരിധിയിലല്ല
മുൻപെറിഞ്ഞിട്ടുള്ളത്‌
തൊട്ടുതെന്നിത്തെറിച്ചു താണതു
മിങ്ങനെയല്ല

എന്നിട്ടുമെന്തേ പറയുന്നു
വെള്ളത്തിലൊരു കല്ലിടുന്നതി
നെന്താണിത്രയെന്ന്‌ ?

ഈ പറയുന്നവർക്കു കഴിയുമോ
ഇപ്പോഴിട്ട ഈ കല്ല്‌
ഇതുപോലെയിടാൻ ?

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP