മിനുസമുള്ള
ഒരു വെള്ളാരങ്കല്ലുണ്ടായിരുന്നു
നിന്റെ കൈയ്യില്‍
കവിളില്‍ ചേര്‍ത്തു വച്ചാല്‍
തണുപ്പു തൊടുന്നത്
വെയില്‍ പടര്‍ന്ന
ഇല പോലെ നിന്റെ മനസ്സ്
പൊളളുമ്പോഴും
പൊട്ടിച്ചിരിച്ച്
നീയൊളിപ്പിച്ചു വച്ച
കൗതുകങ്ങള്‍
മഴയില്‍ കുതിര്‍ന്ന വിഷാദങ്ങള്‍
ആരുമറിയാത്ത സ്വപ്നങ്ങള്‍
കൈക്കുളളില്‍
വെളുത്ത മൗനത്തില്‍
അനങ്ങാതിരിക്കാനറിയാത്ത
ആ വിരലുകളെ
ഞാന്‍ ചേര്‍ത്തുപിടിയ്ക്കാനാഗ്രഹിച്ചു
പൂമ്പൊടി കൊണ്ട്
കവിളില്‍ തൊടാനും
നോക്കാനെന്ന പോലെ
ഞാനതു വാങ്ങി
കിളിമുട്ട പോലുളളത്
കുറേ ചോദിച്ചിട്ടും
കണ്ണീരില്‍ പിണങ്ങിയിട്ടും
തിരിച്ചു കൊടുത്തില്ല
പിന്നൊരിയ്ക്കല്‍
നിന്റെ കൈക്കുളളില്‍ വച്ചെങ്കിലും
അതെനിക്കെന്ന്
ആ കണ്ണുകളിലെ
തിളക്കം
(സുശിഖം മാസിക)