Friday, March 20, 2026

കടുവ / പി എ അനിഷ്

ഒരു കടുവ അതിന്റെ തന്നെ കണ്ണുകളിൽ നിന്ന് അഴികൾക്കിടയിലൂടെ പുറത്തേക്ക് ഇറങ്ങി വരുന്നു ഒരു മൃഗശാലയിൽ ഉറപ്പായും അതൊരു അദ്ഭുതമൊന്നുമല്ല അത്‌ നടപ്പാതയുടെ നട്ടുച്ചവളവിനപ്പുറത്തേക്ക് കുതിച്ചോടുന്നു അതിന്റെ വാൽ ഒരു മിന്നായം പോൽ അപ്രത്യക്ഷമാകുന്നു നിലത്തെ പച്ചപ്പുല്ലിൽ കിടന്നുരുളുന്നു മണ്ണുമാന്തി മുഖം ചേർക്കുന്നു മരത്തിൽ പൊത്തിപ്പിടിച്ചു നിന്ന് നടുനീർത്തുന്നു മുക്കാലിൽ‌ നിന്ന് മൂത്രമൊഴിച്ച്‌ അതിരിടുന്നു (അതിനെ ആരും കാണുന്നില്ല അതുകൊണ്ട്‌ ആരും നിലവിളിച്ച് മരണവെപ്രാളത്തിൽ ഓടുന്നില്ല ) തൊട്ടടുത്തെ മുതലക്കുളത്തിൽ നീരാട്ടിനിറങ്ങുന്നു നീർനാരപ്പക്ഷികളുടെ അലസമായ ചിറകടിയിൽ കാറ്റ്‌ കൊള്ളുന്നു മരങ്ങൾക്കിടയിൽ ഒളിച്ചു നിന്ന് ഒരു മാൻപുള്ളി കണ്ണിൽ കോർക്കുന്നു (കണ്ണിൽ നിന്നിറങ്ങി കൂടിനു പുറത്തു വെട്ടിയൊതുക്കിയ പുല്ലു തിന്നും) അതിനെ ഭ്രാന്തമായ് കീഴ്‌പ്പെടുത്തി ചോരപ്പുളിപ്പ് നുണയുന്നു ഇളം വാരിയെല്ലുകൾ കടിച്ചുടച്ച് രസിക്കുന്നു കഴുത്തിലെ ഞരമ്പുകളിൽ പല്ലു കോർത്ത് നിലയ്ക്കുന്ന ഹൃദയമിടിപ്പ് ആസ്വദിക്കുന്നു കാട്ടുവള്ളികളും കരിയിലകളും ചുറ്റിവരിയുന്ന നിശ്ശബ്ദതയെ ഒരു മുരൾച്ചയുടെ വായ്ത്തലയാൽ മുറിവേൽപ്പിക്കുന്നു അല്ലെങ്കിൽത്തന്നെ സന്ദർശനത്തിനു വന്നവൻ ഇതൊക്കെ നോക്കിനിൽക്കുന്നതെന്തിനാണ് ? പഞ്ചേന്ദ്രിയങ്ങളിലൂടെ എപ്പൊഴും പുറത്തിറങ്ങി നഗ്നനായ്‌ നിൽക്കാറുള്ളവൻ!

Saturday, June 20, 2020

കിളി കൊത്തിയ പേരയ്ക്ക തിന്നുമ്പോൾ

കിളി കൊത്തിയ പേരയ്ക്ക തിന്നുമ്പോൾ
പേരയ്ക്കയിലൂടെ 
പേരയിലേക്കും
കൊത്തിയ വടുക്കളിലൂടെ
കിളിയിലേക്കും സഞ്ചരിക്കുന്നു

പേരമരം
അതിന്റെ ഇലകളുടെ
പച്ചയും മഞ്ഞയുമെടുത്ത്
മധുരവുമേകാന്തതയും കലർത്തി
പൂക്കളിലെ 
രതിമൂർച്ഛയിൽ ധ്യാനിച്ച്
സ്വയം പേരയ്ക്കയാവുന്നു
മഴയിലോ മരുവിലോ മുളയ്ക്കാനുള്ളവ 
കൊതിപ്പിക്കലിന്റെ
വഴുവഴുപ്പും മണവും കുഴച്ച്
നിറയ്ക്കുന്നു

കിളി കൊത്തിയ പേരയ്ക്ക തിന്നുമ്പോൾ
ചിറകിലൂടെ ദേശാന്തരങ്ങളിലേക്ക്
കാലത്തിലേക്ക് 
സഞ്ചരിക്കുന്നു
പേരയ്ക്കയോടൊപ്പം
പറക്കലിന്റെ
സ്വാതന്ത്ര്യം കൂടി അകത്താക്കുന്നു
ചിന്തകളിൽ ഒരാകാശം തുറന്നുവരുന്നു
മേഘങ്ങളിൽ കായ്ച്ചു നിൽക്കുന്ന 
ഭൂമിയുടെ ഹരിതം

തങ്ങിയ ഇടങ്ങൾ
ഉഴുതുമറിച്ചിട്ട പാടങ്ങളുടെ നെടുവീർപ്പുകൾ
സമുദ്രപഥങ്ങൾ
ദേശാന്തരങ്ങൾ കടന്ന് 
വെയിലും മഴയുമറിഞ്ഞ്
തിരിച്ചെത്തുന്ന ഓർമകൾ

കിളി കൊത്തിയ പേരയ്ക്ക തിന്നുമ്പോൾ
ഒരേ സമയം
ചലനത്തിലേക്കും നിശ്ചലനത്തിലേക്കും
സഞ്ചരിക്കുന്നു
കവിതയിലെപ്പോലെ!
©p.a.anish elanad
RP

നദിയിൽ

നദിയിൽ
മയങ്ങിക്കിടക്കുന്ന നട്ടുച്ച
ഉച്ചയുടെ കണ്ണിൽ
കുറുകുന്ന ചെമ്പോത്ത്
അതിന്റെ കണ്ണിൽ
കട്ട പിടിച്ചു കറുക്കുന്ന രക്തം
അതിന്റെ മണത്തിൽ വീർപ്പുമുട്ടുന്ന നമ്മൾ
മരണത്തിലേക്ക് ചുണ്ടയിട്ട്
അക്ഷമം കാത്തിരിക്കുന്നു

പാതിരാപ്പുഴയ്ക്കലിൽ

പാതിരാപ്പുഴയ്ക്കലിൽ
കാറ്റിന്റെ ദ്രുതതാളം
കേട്ടു കേട്ടിരിയ്ക്കവേ
അമ്പിളി നിലാക്കീറ്
ചത്തൊരീ പാടത്തിന്റെ
യസ്ഥികൾ പരതുന്നു

*പുഴയ്ക്കൽപ്പാടം, തൃശ്ശൂർ

വെയിലുദിച്ചപ്പോൾ

മരത്തിന്റെ
മുകളിലേക്ക്
കയറിപ്പോയി
അണ്ണാറക്കണ്ണൻ

മുകളിലെത്തുന്നതും നോക്കിയൊരു
മരംകൊത്തിയവിടെയിരുന്നു
മുകളിലെത്തും മുൻപത്
താഴേക്കു തന്നെയിറങ്ങി
വിശപ്പിന്റെ ചുണ്ടക്കൊളുത്തിൽ കുരുങ്ങി
വട്ടം കറങ്ങി
അടുത്തു നിന്ന കുരുമുളകു ചെടിയള്ളിപ്പിടിച്ച
മരത്തിലേക്ക് ശ്രദ്ധപ്പെട്ടു

ചാട്ടം പിഴച്ചില്ല
എല്ലാം വിചാരിച്ചതു പോലെ
പരുന്തിന്റെ നഖങ്ങളിൽ പറന്നു പോകുമ്പഴും 
മരത്തിൽ നിന്നു മരത്തിലേക്കുള്ള
ദൂരത്തിന്റെ രസത്തിലായിരുന്നത്

കൈവിട്ട മരവും
എത്തിച്ചേരാത്ത മരവുമത്
കണ്ടു നിൽക്കുന്നു
മുൻപില്ലാത്ത വിധമൊരു
ശൂന്യത വായുവിൽ പടരുന്നു

പി എ അനിഷ് അശോകൻ

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP