ശക്തിയായ് തിരയടിക്കും മുമ്പ്
കടലൊന്നു പിന്‍വലിയുമത്രേ
ശക്തിയായ് കല്ലെറിയും മുമ്പ്
കവണയാഞ്ഞു വലിയുമ്പോലെ
കടല്‍ പിന്‍വലിയും തോറും
കര തെളിഞ്ഞു തെളിഞ്ഞുവന്ന ആഹ്ലാദത്തില്‍
നമ്മളൊപ്പം നടന്നു
പൊടുന്നനെ കാണായി
കടലിനും കരയ്ക്കുമിടയില്‍
ജീവിച്ചവരുടെ കാല്പാടുകള്‍
കരയ്ക്കു കയറാനാവാതെ കരയോടുതൊട്ട്
കടല്‍വെള്ളത്തിലാരുമറിയാതെ
മുങ്ങിപ്പൊയവരുടെ
അത്ഭുതഗേഹങ്ങള്‍
ഒരുമിക്കാന്‍ തീരുമാനിച്ച്
കൈകോര്‍ത്ത്
കടലിലേയ്ക്കിറങ്ങിപ്പോയവരുടെ
മണിയറകള്‍
വെള്ളമപ്പോഴുമടര്‍ന്നു വീണുകൊണ്ടിരുന്ന
ജനലുകളിലൂടെ
സ്വാസ്ഥ്യമടര്‍ന്നുവീണ പരിഭ്രാന്തിയില്‍
പൊടുന്നനെയവരുടെ
നിലവിളികള്‍ കേള്‍ക്കായി
പിന്നെയും
കാണായി കേള്‍ക്കായി
കടല്‍മരങ്ങളില്‍ കാറ്റുപിടിക്കുന്ന
വഴുവഴുപ്പന്‍ സീല്‍ക്കാരങ്ങള്‍
കടലിന്നടിയില്‍ മറ്റൊരു കടലായ്
വിശന്നുമരിച്ചവര്‍ കുടിപാര്‍ക്കുമിടങ്ങള്‍
അഗാധസ്നേഹമെന്ന്
ആഴക്കടലിനെ വിളിച്ചതാരെന്ന്
തോന്നിപ്പോവുകയാണിപ്പോള്‍
പിന്‍വലിഞ്ഞ
കടലിനെക്കുറിച്ചൊരാധി
ചുറ്റും ചുറ്റും നിറയുമ്പോള്‍
മറ്റൊരിരുട്ടിനുമില്ലാത്തൊരിരുട്ട്
കണ്ണിനുള്ളില്‍ കനക്കുമ്പോള്‍
തുറന്ന വലിപ്പ്
വിസ്മയം കാണിച്ച്
വലിച്ചടയ്ക്കുംപോലെ
കടലേ...
17 comments:
മനസ്സിൽ ഇരുൾ വീണു കടലു കോളു കൊള്ളുന്നുണ്ട് അനീഷ് ഈ കവിത വായിക്കുമ്പോൾ. അക്ഷരങ്ങളുടെ മാന്ത്രികത. ഒന്നിച്ചു കൈകോർത്ത് കടലിൽ ഇറങ്ങി മറഞ്ഞവർ, കടലെടുത്ത കുടിലുകൾ, സ്വപ്നങ്ങൾ.
തിരയുടെ അനന്തധനുസ്സുകളിൽ എവിടെയൊക്കെയെങ്കിലും ഞാൺ വലിയുന്നുണ്ടോ, കുലയ്ക്കുന്നുണ്ടോ അനീഷ് വിനാശകാരികളായ വരുണാസ്ത്രങ്ങൾ?
അഗാധസ്നേഹമെന്ന്
ആഴക്കടലിനെ വിളിച്ചതാരെന്ന്
തോന്നിപ്പോവുകയാണിപ്പോള്‍
നന്നായിട്ടുണ്ട് അനീഷ്.. വ്യത്യസ്തമായ അനുഭവം തരുന്ന ഒരു രചന..
നല്ല കവിത അനീഷ്, നല്ല ഇഷ്ടമായി............
നന്നായി
പതിവുപോലെ മനോഹരം, അനീഷ്. നന്നായിരിക്കുന്നു. ആ ഫോട്ടോയും മനോഹരം.
കൊള്ളാം അനീഷേട്ടാ, നല്ല നിരീക്ഷണം. :)
അനീഷ് നല്ല കവിത.
കവണയാഞ്ഞു വലിയുമ്പോലെ....
നല്ല കവിത. ഒരു തിരയില്‍ നനഞ്ഞ സുഖം
good one Anish, all the best!
Good one keep it up
ഉപ്പുകാറ്റിന്റെ സ്പര്‍ശം.......
ഇഷ്ടായി...
ഇവിടെ വന്നിട്ട് കുറച്ചുനാളായി. വന്നതും നല്ലൊരു കവിതവായിക്കുവാനായി. നന്നായി!
അഭിപ്രായം അറിയിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദിയും സ്നേഹവും
ആഞ്ഞു വീശു മുമ്പേ കൊടും കാറ്റിന്റെ ശാന്തത പോലെ ....
നന്നായി
Post a Comment