Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, June 20, 2020

കിളി കൊത്തിയ പേരയ്ക്ക തിന്നുമ്പോൾ

കിളി കൊത്തിയ പേരയ്ക്ക തിന്നുമ്പോൾ
പേരയ്ക്കയിലൂടെ 
പേരയിലേക്കും
കൊത്തിയ വടുക്കളിലൂടെ
കിളിയിലേക്കും സഞ്ചരിക്കുന്നു

പേരമരം
അതിന്റെ ഇലകളുടെ
പച്ചയും മഞ്ഞയുമെടുത്ത്
മധുരവുമേകാന്തതയും കലർത്തി
പൂക്കളിലെ 
രതിമൂർച്ഛയിൽ ധ്യാനിച്ച്
സ്വയം പേരയ്ക്കയാവുന്നു
മഴയിലോ മരുവിലോ മുളയ്ക്കാനുള്ളവ 
കൊതിപ്പിക്കലിന്റെ
വഴുവഴുപ്പും മണവും കുഴച്ച്
നിറയ്ക്കുന്നു

കിളി കൊത്തിയ പേരയ്ക്ക തിന്നുമ്പോൾ
ചിറകിലൂടെ ദേശാന്തരങ്ങളിലേക്ക്
കാലത്തിലേക്ക് 
സഞ്ചരിക്കുന്നു
പേരയ്ക്കയോടൊപ്പം
പറക്കലിന്റെ
സ്വാതന്ത്ര്യം കൂടി അകത്താക്കുന്നു
ചിന്തകളിൽ ഒരാകാശം തുറന്നുവരുന്നു
മേഘങ്ങളിൽ കായ്ച്ചു നിൽക്കുന്ന 
ഭൂമിയുടെ ഹരിതം

തങ്ങിയ ഇടങ്ങൾ
ഉഴുതുമറിച്ചിട്ട പാടങ്ങളുടെ നെടുവീർപ്പുകൾ
സമുദ്രപഥങ്ങൾ
ദേശാന്തരങ്ങൾ കടന്ന് 
വെയിലും മഴയുമറിഞ്ഞ്
തിരിച്ചെത്തുന്ന ഓർമകൾ

കിളി കൊത്തിയ പേരയ്ക്ക തിന്നുമ്പോൾ
ഒരേ സമയം
ചലനത്തിലേക്കും നിശ്ചലനത്തിലേക്കും
സഞ്ചരിക്കുന്നു
കവിതയിലെപ്പോലെ!
©p.a.anish elanad
RP

പാതിരാപ്പുഴയ്ക്കലിൽ

പാതിരാപ്പുഴയ്ക്കലിൽ
കാറ്റിന്റെ ദ്രുതതാളം
കേട്ടു കേട്ടിരിയ്ക്കവേ
അമ്പിളി നിലാക്കീറ്
ചത്തൊരീ പാടത്തിന്റെ
യസ്ഥികൾ പരതുന്നു

*പുഴയ്ക്കൽപ്പാടം, തൃശ്ശൂർ

വെയിലുദിച്ചപ്പോൾ

മരത്തിന്റെ
മുകളിലേക്ക്
കയറിപ്പോയി
അണ്ണാറക്കണ്ണൻ

മുകളിലെത്തുന്നതും നോക്കിയൊരു
മരംകൊത്തിയവിടെയിരുന്നു
മുകളിലെത്തും മുൻപത്
താഴേക്കു തന്നെയിറങ്ങി
വിശപ്പിന്റെ ചുണ്ടക്കൊളുത്തിൽ കുരുങ്ങി
വട്ടം കറങ്ങി
അടുത്തു നിന്ന കുരുമുളകു ചെടിയള്ളിപ്പിടിച്ച
മരത്തിലേക്ക് ശ്രദ്ധപ്പെട്ടു

ചാട്ടം പിഴച്ചില്ല
എല്ലാം വിചാരിച്ചതു പോലെ
പരുന്തിന്റെ നഖങ്ങളിൽ പറന്നു പോകുമ്പഴും 
മരത്തിൽ നിന്നു മരത്തിലേക്കുള്ള
ദൂരത്തിന്റെ രസത്തിലായിരുന്നത്

കൈവിട്ട മരവും
എത്തിച്ചേരാത്ത മരവുമത്
കണ്ടു നിൽക്കുന്നു
മുൻപില്ലാത്ത വിധമൊരു
ശൂന്യത വായുവിൽ പടരുന്നു

പി എ അനിഷ് അശോകൻ

അത്ര മതി

കത്തിച്ചു വെച്ച
മെഴുകുതിരി പോലൊരു
കൂട്ടുണ്ടതിനാൽ
ഇരുട്ടിനെക്കുറിച്ചോർക്കുന്നില്ല

പറയുമ്പോഴും
പറയാതെത്തന്നെ
തുറന്നു വരുന്ന ചില ജനലുകൾ
കാറ്റില്ലെങ്കിലുമനങ്ങുന്ന
ശിഖരങ്ങൾ
വാക്കുകളാൽ കുറിച്ചിടാനാവാത്ത
നിശ്വാസങ്ങൾ

ജലപ്പരപ്പിനു മുകളിൽ
തെളിഞ്ഞു കാണാവും
വരാലിന്റെ നിഴലെഴുത്തുപോൽ
ഇരുട്ടിന്റെ നോട്ടങ്ങൾ
ഒട്ടും ഭയക്കേണ്ടെന്ന
മാടി വിളിക്കലുകൾ
അതിപ്പോഴെവിടെപ്പോയി

സ്നേഹത്തിനിങ്ങനെ ചിലത്
ചെയ്യാൻ കഴിയുമായിരിക്കും
കണ്ണിൽ നോക്കിയിരിക്കുമ്പോൾ
ചുറ്റുമുള്ള വയലുകൾ
പക്ഷികൾ
എല്ലാം ശൂന്യമാകും
കത്തിച്ചു വെച്ച മെഴുകുതിരി
അതിന്റെ പ്രകാശം
അതുമതിയാകും
കുറേ കാലം കൂടി
മുന്നോട്ടു പോകുവാൻ
കവിതയുടെ തൊടലുകളിൽ തങ്ങി

പി എ അനിഷ് അശോകൻ

നിലപാടുള്ള ആളാണ് സാർ

ഏത് കരിയടുപ്പിലും കയ്യിട്ട് വാരും സാർ 
കാല് കഴുകി വെള്ളം കുടിച്ചാണെങ്കിലും 
കാര്യം സാധിയ്ക്കും സാർ 
കൂടെയുള്ളവൻ ചവിട്ടി നിൽക്കുന്ന 
മണ്ണ് മാന്തും സാർ 
ഇരിയ്ക്കുന്ന കൊമ്പു മുറിയ്ക്കാൻ 
ഒരു മടിയുമില്ല സാർ 
മുറിയ്ക്കുന്നവർക്കുള്ള 
വാക്കത്തിയുണ്ടാക്കിക്കൊടുക്കുന്ന 
ഹോൾസെയിലുണ്ട്  സാർ 
കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന 
ജന്മവാസനയുണ്ട് സാർ 
ചങ്കൂറ്റത്തിന് 
ഒരു കുറവുമില്ല സാർ 
ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയാൻ 
ഒരു അറപ്പുമില്ല സാർ 
ഏത് കള്ളവും ന്യായീകരിക്കും സാർ 
ഏത് തെമ്മാടിത്തരത്തിനും 
കൂട്ട് നിൽക്കും സാർ 
ചോറ് തിന്നുന്നവനെ 
കണ്ടാലറിയില്ലെന്ന മട്ടിൽ 
പെരുമാറാനറിയാം സാർ 
ചില്ലറയായും മൊത്തമായും 
കാല് വാരും സാർ 
ആരുടെ കണ്ണിലും പൊടിയിടാനുള്ള 
കുറുക്കുവിദ്യയറിയാം സാർ 
എന്നാലും നാണമില്ലാതെ 
മുഖത്ത് നോക്കി ചിരിയ്ക്കും സാർ 

നിലപാടുകളുള്ള 
ആളാണ് സാർ

വിത്ത്

മുളയ്ക്കും 
എന്ന വിശ്വാസത്തിൽ
ഈ പാറക്കൂട്ടങ്ങൾക്കു മുകളിൽ
ഒരുവൻ വിത്തെറിഞ്ഞു പോകുന്നു

മുളപ്പിക്കും 
എന്ന ഉറപ്പിൽ
ഒരു മഴയപ്പോൾ
കാറ്റിനോടിണചേർന്ന്
പാറയും വിത്തും
ചുറ്റുപാടും
നനച്ചിട്ടു പോകുന്നു

മുളയ്ക്കണം 
എന്നു ചുംബിച്ച്
പാറക്കൂട്ടങ്ങൾക്കപ്പുറത്തെ മരങ്ങൾ
ഇലകളതിനടുത്തേക്ക്
അടർത്തിയടർത്തിയിടുന്നു

മുളച്ചിരിയ്ക്കുമെന്നാത്മവിശ്വാസം പകർന്ന്
നിശ്ശബ്ദത
കോടമഞ്ഞു കൊണ്ടതിനെ
പുതപ്പിക്കുന്നു

ഈർപ്പവും
വിശ്വാസങ്ങളുമുണങ്ങിപ്പോയൊരു 
രാത്രിയിൽ
മുള പൊട്ടിയ വിത്ത്
ആരുടെയൊക്കെയോ ഹൃദയങ്ങളിൽ
ചെടിയായി വളർന്നു
മരമായി പടർന്നു
കഷണ്ടിത്തലയെന്ന പോലെ
മരങ്ങൾക്കു നടുക്ക്
പൊള്ളിക്കിടന്ന
അവിശ്വാസത്തിന്റെ 
കരിമ്പാറക്കൂട്ടങ്ങളെ
മുറ്റിത്തഴച്ചൊരു ചിരിയാൽ 
മൂടിവെച്ചു

പി എ അനിഷ് അശോകൻ

തൊട്ടു മുൻപ്

കൊല്ലാൻ
കൈ എടുക്കുന്ന സമയം കൊണ്ട്
ആ കൊതുകിന്
പറന്നു രക്ഷപ്പെടാമായിരുന്നു
അല്ലെങ്കിൽ
വീശാനുള്ള തയ്യാറെടുപ്പിനു തൊട്ടു മുൻപ്
അതുമല്ലെങ്കിൽ
കൊടുങ്കാറ്റിൽ ചുറ്റിപ്പിണഞ്ഞ് 
കടപുഴകിയ
മരം പോലെ
ആഞ്ഞുപതിക്കുന്നത്
കാണുന്ന ആ നിമിഷം
എന്നിട്ടും
അത് ചെയ്തില്ല
മരണം
സ്വാഭാവികമായി
അതിന്റെയുടൽ
ചോരയിലരച്ച് 
തുടച്ചു കളഞ്ഞു 

രക്ഷപ്പെടണമെന്ന്
ഒട്ടുമാഗ്രഹിക്കാതെ
ചിലപ്പോൾ നാം കയറി നിൽക്കുന്ന ശൂന്യത
അരഞ്ഞു പോവുന്നതിനു
തൊട്ടു മുൻപ്
ചില കണ്ണുകളിൽ
വായിച്ചെടുക്കാം

പി എ അനിഷ് അശോകൻ

ജൂൺമഴ

സ്കൂളിലേക്കുപോം കുഞ്ഞു
മക്കളെക്കാണാഞ്ഞിട്ടോ 
ജൂൺമഴ, മേഘാവൃത 
മാകാശത്തലയുന്നു ?

Tuesday, December 12, 2017

അപരം







ഫോട്ടോഗ്രാഫർമാരുടെ ഗ്രൂപ്പിൽ
ഫോട്ടോഗ്രാഫറായിട്ടഭിനയിക്കണം
കവിതാ ഗ്രൂപ്പിൽ കവിയായി
മാറണം
സൗഹൃദ ഗ്രൂപ്പിൽ
തനി തറയാകണം
വായനശാലാ ഗ്രൂപ്പിൽ
വായനാസമ്പന്നനാകണം
ഫാമിലി ഗ്രൂപ്പിൽ
നല്ല കുടുംബനാഥനാകണം

പ്രകൃതിസംരക്ഷകരുടെ ഗ്രൂപ്പിൽ
പരിസ്ഥിതി വാദിയാകണം
നാട്ടമ്പല ഗ്രൂപ്പിൽ
ഭക്തകുചേലനാകണം
സഹപാഠികളുടെ ഗ്രൂപ്പിൽ
സമസ്വത്വവാദിയാകണം


സത്യത്തിൽ
ഞാനാരാണ്?
ഒടുവിൽ
മരിച്ചവരുടെ ഗ്രൂപ്പിൽ
മിണ്ടാതെ കിടക്കാൻ തിരുമാനിച്ചു
ശ്വാസം നിലയ്ക്കും വരെ...!

ആ ഒരു നടുക്കം

എത്ര കിറുകൃത്യമായ്
ആ തെങ്ങ് ആ പുലർച്ചയ്ക്ക്
അതു വഴി പോകുമവളുടെ
തലയിൽത്തന്നെ വീണു
ഒരു നിമിഷം മുൻപോ പിൻപോ
ആയിരുന്നെങ്കിൽ
ആ മുഖത്തിപ്പോൾ
അത്ഭുതത്തിന്റെ ചിരി വിടർന്നേനെ
മരണത്തിന്റെ
തണുത്ത നാക്കൊന്നിഴയാനാഞ്ഞ
നെറ്റിയിൽ
വിയർപ്പു പൊടിഞ്ഞേനെ
വിരലുകൾ കൊണ്ടതു തുടച്ച്
ഓടിക്കൂടിയവർക്കു ചുറ്റും നിന്ന്
അവിശ്വാസത്തിന്റെ ആശ്വാസം പകർന്നേനെ
ഇത്രയും നാൾ
ദ്രവിച്ചു നാരുനാരായ് നുറുങ്ങിയ
വേരുകളിറുക്കിപ്പിടിച്ച്
കാത്തു കാത്തു നിന്നപോലെ
പച്ചയറ്റു പോകാതെ
വീഴുമോയെന്നാർക്കുമൊന്നും തോന്നിപ്പിക്കാതെ
ശ്വാസം പിടിച്ചതു പോലെ
(കവിതയുമങ്ങനെത്തന്നെ
കിറുകൃത്യമായതു വീഴുന്നു
അതുവഴി പോകുമൊരുവന്റെ
ശിരസ്സിൽത്തന്നെ)
തെങ്ങു വീഴുന്നത്
പകർന്നു പകർന്നു വന്ന
സി.സി.ടി.വി ദൃശ്യത്തിൽ
നമ്മളെല്ലാവരും കണ്ടു
കാണാത്തവർക്കയച്ച്
ആകസ്മികതയുടെ അവകാശിയായ് മാറി.
അവരവരുടെയേകാന്തതയിൽപ്പോലും
പിന്നെയതിനെക്കുറിച്ചോർത്തില്ല
അത്രയസ്വാഭാവികമായ്
ആർക്കുമൊന്നും തോന്നിയിരിക്കില്ല
ഇക്കാലത്ത്
ജീവിക്കുന്നവർ അങ്ങനെയാണ്
(ഇനിയും വറ്റിയിട്ടില്ലാത്ത
ചില ചെറിയ തടാകങ്ങൾ
അവശേഷിക്കുന്നുണ്ടായിരിക്കാമെങ്കിലും)
ആദ്യം കണ്ടപ്പോഴുണ്ടായ
ആ ഒരു നടുക്കം
അതു മാത്രമാണ്
മനുഷ്യരാണ് നമ്മളെന്ന്
നമ്മെ ഓർമിപ്പിച്ചത്
അല്ലേ ...?

തോന്നാലാൽ മാത്രം


കുറ്റവാളി അല്ലാഞ്ഞിട്ടും
കുറ്റവാളിയാണെന്ന തോന്നലാൽ മാത്രം
ഞാൻ പിടിക്കപ്പെടുന്നു
ചേർത്തു വയ്ക്കാൻ ആവശ്യപ്പെട്ട തെളിവുകൾ
അതുകൊണ്ട് മാത്രം
അവിശ്വാസനീയമാം വിധം
കൂടിച്ചേരുന്നു
എന്നിലേക്കുള്ള
എന്റെ നോട്ടങ്ങൾ
സംശയാസക്തിയുടെ വീഞ്ഞുമണം വിളമ്പുന്നു
അത് ചെയ്തത് ഞാൻ തന്നെ
ആ ചോരക്കറയുള്ള കൈകൾ എന്റേതു തന്നെ
പിടിക്കപ്പെടുമ്പോൾ മാത്രം മറ നീങ്ങിപോകുന്ന
ഒരു നിഴലിലാണ് ഞാൻ
പിടിക്കപ്പെട്ടല്ലോ
ഉള്ളിലൊരു ഗൂഢസ്മിതത്തോടെ
ഇനിയുറക്കെ വിളിച്ചു പറയാം
ഈ ഞാൻ ഞാനല്ലെന്ന്!

Tuesday, January 27, 2015

വാക്കും വെയിലും

ഒരു കുമിളയ്ക്കുള്ളിലാണ്
വെയിലുറങ്ങുന്നതെന്ന്
ഞാന്‍ കണ്ടുപിടിച്ചു

രാത്രി മുഴുവനുമതോര്‍ത്തിരുന്നു
മരങ്ങളും ചെടികളും പടര്‍ന്നൊരു
തുരുത്തായിരുന്നത്
കിളികളുടെ ചിറകില്‍
ഞാനവിടെയെത്തി

കാത്തിരുന്നു കാണാം
വെയില്‍ പൊട്ടിവിരിയുന്നത്
അതിനു തന്നെ തീരുമാനിച്ചു
അപരിചിതമായ വിധികളെ
പഴിചാരുന്നതെന്തിന്?
ഉറക്കത്തെ അരുവികള്‍ക്കുകൊടുത്തു
അവരുമാര്‍ക്കോ കൊടുത്തിരിക്കാം

ഇതിലെന്താണിത്രയെന്ന്
മുറുമുറുപ്പുകള്‍ കേട്ടു
ഒരു കാര്യവുമില്ലാതെ
ഇലകളെന്താണിങ്ങനെയെന്നു തോന്നി
കാലിലൂടൊരു
തണുപ്പിഴഞ്ഞു പോയി
മണവും മഞ്ഞും കൂടിക്കുഴഞ്ഞ്
പടരാന്‍ തിടുക്കപ്പെടുന്നതു കണ്ടു
അപൂര്‍വതയുടെ സൗന്ദര്യത്തിന്
അരനിമിഷം മാത്രമെന്ന്
അവര്‍ക്കെല്ലാമറിയാമായിരുന്നു

ഒന്നല്ല
ഒരായിരം കുമിളകളില്‍ നിന്ന്
വെയില്‍ പൊട്ടിവിരിയുന്നതു കണ്ടു
ഒരു കൗതുകവും തോന്നിപ്പിക്കാതെ
അത്ര സ്വാഭാവികമായിരുന്നു അത്

ഞാനിരുന്നതും
ഒരു കുമിളയ്ക്കുള്ളിലായിരുന്നു.

Friday, September 19, 2014

ഫ്രയിം ചെയ്തെടുത്തു വയ്ക്കാവുന്ന ഒരനുഭവം

ആരോടൊക്കെയോ ഉള്ള
കലിപ്പ് തീര്‍ക്കാനെന്ന മട്ടില്‍
നിന്നു പെയ്യുന്നു

കലിപ്പൊന്നും
ഞങ്ങളോടുവേണ്ടെന്ന മട്ടില്‍
നിന്നു കൊള്ളുന്നു,
കൂസലില്ലാതെ
വെള്ളക്കൊറ്റികള്‍ , മുലകളുള്ള
പപ്പായമരം
തൈത്തെങ്ങുകള്‍
ഇതിനിടയിലൊരു കാര്യവുമില്ലാത്ത
എന്റെ
കാഴ്ചപ്പരിധിയില്‍ !

Sunday, May 11, 2014

കാപ്പി


കാപ്പി കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു
പറമ്പിൽ മഴ നനഞ്ഞു നിന്ന
കാപ്പിച്ചെടി
ശ്രദ്ധയിൽപ്പെടുത്തി
പച്ചയും ചുവപ്പും കറുപ്പും
കുരുക്കൾ നീട്ടിപ്പിടിച്ച്‌

കാപ്പിച്ചെടിയെന്നോട്‌
പറയുകയായിരുന്നു
ഇപ്പോൾ കുടിച്ചു കൊണ്ടിരിക്കുന്ന
ഈ ചുടുകാപ്പിയിൽ
തന്റെ 
സർഗ്ഗാത്മഗതയുടെ
രുചിയുണ്ടെന്ന്
ആവിഷ്കാരത്തിന്റെ
ഇനിപ്പുണ്ടെന്ന്
പ്രണയത്തിന്റെ
കടുപ്പമുണ്ടെന്ന്
കരുതലിന്റെ
സുഗന്ധമുണ്ടെന്ന്
കവിതയുടെ 
ലഹരിയുണ്ടെന്ന്...

മറുപടിയില്ലാതെ
കേട്ടിരിക്കുകയായിരുന്നു
കവിതയുടെ ലഹരിയിൽ
പിന്നെയും കപ്പ്‌
ചുണ്ടോടമർത്തുകയായിരുന്നു.


Wednesday, September 14, 2011

കുമിളകള്‍

ബീവറേജിനു മുന്നില്‍
നീണ്ട ക്യൂവിനുപിന്നില്‍
നില്‍ക്കുമൊരാളുടെ വിചാരത്തില്‍
താനേറ്റവും പിന്നിലാണല്ലോ
എന്ന തോന്നലൊരു കുമിളയായുയര്‍ന്നു
അത് തൊട്ടുപിന്നില്‍ വന്നുനിന്ന
മറ്റൊരാളിലേക്കു പൊട്ടിയത്
അന്നേരം ഭൂമിയിലെവിടെയോ ഒരിടത്ത്
ഏറ്റവുമവസാനം ജനിച്ച
ഒരു കുഞ്ഞിന്റെ കരച്ചിലിനൊപ്പമാണ്

ഒന്നില്‍ നിന്നു തൊട്ടുപിന്നില്‍ വന്ന
മറ്റൊന്നിലേക്കു പൊട്ടുകയുമതില്‍ നിന്നു
പിന്നെയും പൊള്ളയ്ക്കുകയും ചെയ്യുന്ന
കോടാനുകോടി കുമിളകളാല്‍
ചകിതമാക്കപ്പെട്ട ഭൂമി
ഒന്നും സംഭവിക്കാത്തതുപോലെ
നൂറുനൂറായിരം വൈചിത്ര്യങ്ങളുടെ
ആവരണത്താല്‍ ചുറ്റപ്പെട്ട ഭൂമി
അതാ ഏറ്റവുമവസാനം ജീവനുവേണ്ടി പിടയുമൊന്നിന്റെ
മരണത്തിന് കാതോര്‍ക്കുന്നു
അദൃശ്യമായ നൂറുനൂറായിരം
കാതുകള്‍
കൂണുകള്‍പോലെ മുളച്ചുകൊണ്ടിരിക്കുന്നു

തൊട്ടടുത്ത നിമിഷം
തൊട്ടടുത്ത നിമിഷത്തില്‍
വീണുപൊട്ടുന്ന
കുമിളകള്‍ക്കിടയിലൂടെ, കിതച്ചു
പോവുകയാണോരോ നിമിഷവും

ഏറ്റവുമവസാനത്തെ
ഈ കവിതയിലും
പൊന്തിവന്നൊരു കുമിളയുണ്ട്

മറ്റൊരുകവിതയില്‍
അതിപ്പോള്‍ പൊട്ടിയിട്ടുണ്ടാവാം
അതെഴുതിയത് നിങ്ങളായിരിക്കാം.

Monday, September 12, 2011

ചതുരങ്ങളാക്കിയ ചുടുകട്ടകള്‍









ഇടയ്ക്കൊരു ദിവസം തോന്നും
എല്ലാമൊന്നടുക്കിപ്പെറുക്കിവയ്ക്കണമെന്ന്

ജനാലത്തട്ടി
ലടങ്ങിയൊതുങ്ങാതിരിക്കുന്ന വാരികകള്‍
പാതിവായിച്ച പുസ്തകങ്ങള്‍
തുണ്ടുകവിതകള്‍
മുറിച്ചെടുത്ത പഴയകട്ടിലിന്നുരുണ്ട കാല്‍ക്കഷണത്തില്‍
ശില്പചാതുരിയിലുരുകിയൊലിച്ച വെളിച്ചത്തിരികള്‍
കീറത്തുണിപോലെ ചുരുട്ടിവെച്ച
വീര്‍പ്പുമുട്ടല്‍

വായിച്ചെത്തിയിടത്തൊരു മടക്കുവെച്ച്
ഷെല്‍ഫിലേക്കോ
കടലപൊതിയാനടുക്കിവെച്ച കെട്ടുകളിലേക്കോ
കത്തുന്ന മറവിയിലേക്കോ
അവയോരോന്നപ്രത്യക്ഷമാവും

പിന്നെയോരോ കാല്‍വെപ്പിലുമൊതുക്കം ദൃശ്യമാവും
എത്രവൃത്തിയായ് വിതച്ചിരിക്കുന്നു താരങ്ങളെ
മണല്‍ത്തരികളെ
കൃത്യമായളന്നുമുറിച്ചിട്ട റെയില്‍പ്പാളങ്ങള്‍
ഒറ്റവരിയില്‍ മാത്രം
സഞ്ചരിക്കുന്ന വാഹനങ്ങള്‍
സീബ്രാലൈനിലൂടെ മാത്രം
റോഡുമുറിയ്ക്കുന്ന നിര്‍ഭയങ്ങള്‍
ഹാ ! ചതുരങ്ങളാക്കിയ ചുടുകട്ടകള്‍

ഓരോന്നും
എഴുതാത്ത നോട്ടുബുക്കിലെ
പേജുകള്‍പോലെയെന്ന തോന്നല്‍
എവിടെവച്ചാണ് നൂലുപൊട്ടുന്നത്?

വെട്ടാത്ത മുടി
വളര്‍ന്ന നഖം
ഒതുക്കമില്ലാതെ വഴിയും
താടിരോമശൃംഗങ്ങള്‍
വായിക്കാനെടുത്ത് മറവിയിലേക്കുമാറ്റി വയ്ക്കുന്ന
മുഷിവന്‍ വൈകുന്നേരങ്ങള്‍
ഉറുമ്പുകള്‍ കൊണ്ടുനടക്കുന്ന
പഴഞ്ചന്‍രുചികള്‍
എല്ലാമൊന്നടുക്കിവയ്ക്കണമെന്ന
തോന്നലും !

ബൂലോകകവിത ഓണപ്പതിപ്പ്

ഒരിടത്ത്

മരച്ചുവട്ടില്‍
ആരും കാണാത്ത
ഒരിടത്തൊറ്റയ്ക്കിരുന്ന്
തേങ്ങിക്കരയുന്ന കുഞ്ഞിനോട്
നമ്മളെന്തു പറയും?

മരിച്ചുപോയ
അവന്റെ അച്ഛനുമമ്മയും
മറ്റൊരു വണ്ടിയില്‍
മടങ്ങിവരുമെന്നോ

മറവിയിലേയ്ക്കോടിപ്പോയ
അവന്റെ കുഞ്ഞനുജത്തി
കുറ്റിക്കാട്ടിലൊരിടത്ത് വലിച്ചെറിഞ്ഞ
പാവയുമൊക്കത്തുവച്ച്
കുളക്കരയില്‍ചെന്ന്
ഇനിയുമാമ്പല്‍പ്പൂക്കളെ
കൊതിപ്പിച്ചു കൊഴിക്കുമെന്നോ

അവന്റെ വീട്
ഉറങ്ങാന്‍ മറന്നുപോയ
ഋതുക്കളുടെ തോളത്തിരുന്ന്
പൂക്കാലത്തെക്കുറിച്ചൊരു
പാട്ടുകൊരുക്കുമെന്നോ

ഒന്നും പറയാറില്ലാത്ത
കാറ്റു ചിലപ്പോള്‍ പറഞ്ഞേക്കാം
ഒറ്റയ്ക്കിരിക്കേണ്ട
എനിയ്ക്കൊപ്പം വന്നേക്കെന്ന്
ഇതായീ തൂവാലകൊണ്ട്
കണ്ണീരു തുടച്ചേക്കെന്ന്
ദാ ഈവിരല്‍ത്തുമ്പില്‍
മുറുകെ പിടിച്ചേക്കെന്ന് !

Thursday, September 8, 2011

പൂക്കളെ പരിചയപ്പെടുത്തല്‍

രാവിലെ ചാനലില്‍
പൂക്കളെ പരിചയപ്പെടുത്തുന്നു

ഫ്ലാറ്റിന്റെ ചുറ്റുഭിത്തിയ്ക്കുള്ളില്‍
വറുത്ത മാംസച്ചീളുകള്‍ ചവച്ച്
കണ്ടുകൊണ്ടിരുന്നവര്‍
പൊടുന്നനെയൊരു ഗൃഹാതുരതയുടെ
മഴക്കാറ്റില്‍
വീട്ടുമുറ്റത്തെ കാശിത്തുമ്പയിലേക്കും
പോക്കുവെയിലിന്റെ മുക്കുറ്റിയിലേക്കും
ഒഴുകിപ്പോയി
അങ്ങനെയെങ്കിലുമൊഴുകിപ്പോകാന്‍
ഒരിടമുണ്ടല്ലോയെന്നവര്‍
സമാധാനിച്ചു
നെടുവീര്‍പ്പെയ്ത് ആശ്വസിച്ചു

അതാ
നിലാവുകീറിയെടുത്തൊട്ടിച്ച
മന്ദാരച്ചാരുതകള്‍
ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞയെന്നു കോളാമ്പിച്ചിരികള്‍
ഞാനുണ്ട് ഞാനുണ്ടെന്ന മട്ടില്‍
തിക്കിത്തിരക്കുന്ന
പലതരം വയല്‍പ്പൂവുകള്‍

അവരങ്ങനെയൊഴുകുകയാണ്
കാറ്റെവിടെക്കൊണ്ടിടുമെന്നറിയാത്ത
അപ്പൂപ്പന്‍താടിയോര്‍മയില്‍

2

കാക്കപ്പൂവെന്നു പരിയപ്പെടുത്തുന്നു
കാശിത്തുമ്പയെ
മുക്കുറ്റിയെന്നു
പരിചയപ്പെടുത്തുന്നു
അരിപ്പൂവിനെ
തുമ്പയെന്നു പറഞ്ഞു കാണിക്കുന്നു
പേരുമറന്ന മറ്റൊരു പൂവിനെ

വറുത്തൊരു മാംസച്ചീള്
ചുണ്ടില്‍ത്തിരുകി
അതതല്ല അതതല്ല...യെന്നു വിളിച്ചുപറയുമ്പോള്‍
ശത്രുക്കളെ വെടിവെച്ചിട്ട്
തുരങ്കങ്ങളിലൂടെ നൂണ്ടുകൊണ്ടിരുന്നവര്‍
സോഡാക്കുപ്പിപോലെ
തൊണ്ടയില്‍തങ്ങിയ പുച്ഛത്തില്‍
മോണിറ്ററില്‍നിന്നു തലതിരിച്ച്
മോണിറ്ററിലേക്കുതന്നെ തലചരിച്ചു

പേരു മാറിയാലും
നിറം മാറില്ലല്ലോ
മണം മാറില്ലല്ലോ
പൂക്കളന്നേരവും പൂക്കളായ്ത്തന്നെ നില്‍ക്കുമല്ലോ
എന്നോര്‍ക്കുമ്പോള്‍
സ്ഫോടനപരമ്പരകളുടെ
ഹരംകൊള്ളിക്കുന്ന
ചെമ്പരത്തികള്‍
ഹാ ചെമ്പരത്തികള്‍ !

Tuesday, August 9, 2011

കറങ്ങുന്ന...


കറങ്ങുന്ന പമ്പരം
നൂലുകൊണ്ടെടുക്കുകയാണൊരു കുട്ടി

അവന്റെ കൗതുകം
മുറ്റത്തിന്നോരത്തെ
കാശിത്തുമ്പകളില്‍
കണ്ടുകൊണ്ടിരുന്ന വെയില്‍
കണ്ണുചിമ്മിത്തുറന്നതും
ചുറ്റും വട്ടംവരച്ച്
നൂലുചുറ്റി വെച്ച പമ്പരങ്ങളെ
എറിഞ്ഞുതെറിപ്പിച്ച കൂട്ടുകാരെ
അതുവഴിപോയൊരാളോര്‍മിക്കുന്നു

ഏറുകൊണ്ട
പമ്പരംപോലെ
കളത്തിനുപുറത്തുതെറിച്ചൊരാളുടെയുടല്‍
ട്രാക്കില്‍ നിന്നെടുത്തു മാറ്റുന്നു
ണ്ടതേ സമയം
മറ്റൊരിടത്ത്

കറങ്ങുന്ന ഭൂമി
കൈയിലെടുത്തു കാണിക്കു
മൊരാളിതെല്ലാം കണ്ടു
ചിരിക്കുന്നതുനോക്കി
ഒരിക്കല്‍ക്കൂടി നോക്കി
ഒന്നും മിണ്ടാതെ
കറങ്ങുന്ന ജീവിതത്തെ
കയറു കൊണ്ടെടുക്കുന്നു.

Sunday, July 24, 2011

രാവിലത്തേം വൈകീട്ടത്തേം സൂര്യന്‍

രാത്രിയൊരു
പിടക്കോഴിയാകുമ്പോള്‍
പകലൊരു പൂവന്‍കോഴിയാകുന്നു
പകലൊരു
പിടക്കോഴിയാകുമ്പോള്‍
രാത്രിയൊരു പൂവന്‍കോഴിയാകുന്നു
ഇങ്ങനെ രൂപാന്തരിച്ചും
ഇണചേര്‍ന്നും
രാപ്പകലുകളിടുന്ന മുട്ടകളാണ്
രാവിലത്തേം വൈകീട്ടത്തേം സൂര്യന്‍ !

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP