ഇടയ്ക്കൊരു ദിവസം തോന്നും
എല്ലാമൊന്നടുക്കിപ്പെറുക്കിവയ്ക്കണമെന്ന്
ജനാലത്തട്ടി
ലടങ്ങിയൊതുങ്ങാതിരിക്കുന്ന വാരികകള്‍
പാതിവായിച്ച പുസ്തകങ്ങള്‍
തുണ്ടുകവിതകള്‍
മുറിച്ചെടുത്ത പഴയകട്ടിലിന്നുരുണ്ട കാല്‍ക്കഷണത്തില്‍
ശില്പചാതുരിയിലുരുകിയൊലിച്ച വെളിച്ചത്തിരികള്‍
കീറത്തുണിപോലെ ചുരുട്ടിവെച്ച
വീര്‍പ്പുമുട്ടല്‍
വായിച്ചെത്തിയിടത്തൊരു മടക്കുവെച്ച്
ഷെല്‍ഫിലേക്കോ
കടലപൊതിയാനടുക്കിവെച്ച കെട്ടുകളിലേക്കോ
കത്തുന്ന മറവിയിലേക്കോ
അവയോരോന്നപ്രത്യക്ഷമാവും
പിന്നെയോരോ കാല്‍വെപ്പിലുമൊതുക്കം ദൃശ്യമാവും
എത്രവൃത്തിയായ് വിതച്ചിരിക്കുന്നു താരങ്ങളെ
മണല്‍ത്തരികളെ
കൃത്യമായളന്നുമുറിച്ചിട്ട റെയില്‍പ്പാളങ്ങള്‍
ഒറ്റവരിയില്‍ മാത്രം
സഞ്ചരിക്കുന്ന വാഹനങ്ങള്‍
സീബ്രാലൈനിലൂടെ മാത്രം
റോഡുമുറിയ്ക്കുന്ന നിര്‍ഭയങ്ങള്‍
ഹാ ! ചതുരങ്ങളാക്കിയ ചുടുകട്ടകള്‍
ഓരോന്നും
എഴുതാത്ത നോട്ടുബുക്കിലെ
പേജുകള്‍പോലെയെന്ന തോന്നല്‍
എവിടെവച്ചാണ് നൂലുപൊട്ടുന്നത്?
വെട്ടാത്ത മുടി
വളര്‍ന്ന നഖം
ഒതുക്കമില്ലാതെ വഴിയും
താടിരോമശൃംഗങ്ങള്‍
വായിക്കാനെടുത്ത് മറവിയിലേക്കുമാറ്റി വയ്ക്കുന്ന
മുഷിവന്‍ വൈകുന്നേരങ്ങള്‍
ഉറുമ്പുകള്‍ കൊണ്ടുനടക്കുന്ന
പഴഞ്ചന്‍രുചികള്‍
എല്ലാമൊന്നടുക്കിവയ്ക്കണമെന്ന
തോന്നലും !
ബൂലോകകവിത ഓണപ്പതിപ്പ്
11 comments:
നന്നായിരിക്കുന്നു ആശംസകള്‍....
BACK TO SQUARE ONE...
വന്നു വന്ന് അനീഷിന്റെ കവിതയ്ക്കെന്തോ ആ... പഴയ ഒരു സൌന്ദര്യമൊക്കെ
നഷ്ടപ്പെട്ട പോലെ ....എന്റെ തോന്നലാവുമോ .....
ഈയിടെ എല്ലാം വെറുതെ എന്തൊക്കെയോ ദൃതിയില്‍ പറഞ്ഞു പോകുന്ന പോലെ ....
ഭാവുകങ്ങള്‍
സിജെ ഡയറി
നാരദന്‍
സൂക്ഷ്മമായി എന്റെ കവിതയെ പിന്‍തുടരുന്നതിന് വളരെ സന്തോഷമുണ്ട്, പ്രിയ ഹാഷിം.നഷ്ടപ്പെട്ട സൗന്ദര്യം ഭാഷാപരമാണോ?
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയോടെ
അനീഷിന്റെ കവിതയിപ്പോഴും സുന്ദരം ( സുന്ദരി എന്നു പറയണോ ) തന്നെ.
അടുക്കിയും അടുക്കാതെയും അങ്ങനെ മാറിമാറി ...നന്നായി.
ഭാഷാപരം തന്നെ അനീഷ് ...
സാധാരണ വായനക്കാരന് ഒരു പ്രത്യേക ലോകം തുറക്കുന്ന
ഭാഷാപരമായ പ്രത്യേകത താങ്കളുടെ കവിതകളുടെ കരുത്തു തന്നെയാണ്.
ഞാന്‍ പറഞ്ഞത് എന്റെ തോന്നല്‍ മാത്രമാണ്. ഓരോരുത്തര്‍ക്കും അവരവരുടെ രുചിയുണ്ടല്ലോ...?
അനീഷിന്റെ കവിതകളില്‍ വളരെയിഷ്ടപ്പെട്ടവയോടു മുന്‍വിധി വച്ച് വായിക്കുന്നതിനാലുള്ള
വെറും തോന്നലാവാം.....
എല്ലാകവിതയും എല്ലാവരികളും എപ്പോഴും ഒരേപോലെ സുന്ദരവും കാവ്യഭംഗി നിറഞ്ഞതും ആവില്ലല്ലോ. എന്നാല്‍ സൌന്ദര്യം കുറഞ്ഞു എന്ന തോന്നല്‍ അവ ഇപ്പോഴും ഉണ്ടാക്കുന്നില്ല.
ആശയം ശരിക്കും ഇഷ്ടപ്പെട്ടു, എനിക്കെപ്പോഴും സംഭവിക്കുന്നത്.
വളരെ നന്ദി ഹാഷിം
സ്മിത മീനാക്ഷി
ശ്രീനാഥന്‍ മാഷേ
സോണി
സ്നേഹം
അബോധപരമായി ചില മാറ്റങ്ങള്‍ കവിതയില്‍ സംഭവിക്കുന്നുണ്ടാവാം. തീര്‍ച്ചയായും ഹാഷിമിനെപ്പോലുള്ള ഒരാള്‍ക്കേ അത് തിരിച്ചറിയാന്‍ കഴിയൂ.നന്ദി.
കവിത നല്ലതു തന്നെ.
Post a Comment