പുലിമുട്ടിലൊരു വൈകുന്നേരം
ചൂണ്ടയിടാൻ പോവുകയാണ്
അവിടെയൊരുപാടു പേർ
വമ്പൻ ചൂണ്ടകളുമായ് വന്നിട്ടുണ്ട്
വീശിയെറിഞ്ഞ്
ദൂരത്തോളം വീഴ്ത്തുന്നു
മീനെന്നു തോന്നിക്കുന്നവ
(ചുറ്റിയെടുക്കുമ്പോളവ നീന്തിവരുന്ന തോന്നൽ
കടലിനെ വേദനിപ്പിക്കുന്നുണ്ട്)
ചൂണ്ടക്കൊളുത്തിൽ
കുരുങ്ങിയിട്ടുണ്ട് സൂര്യൻ
ചെകിളക്കീറലിൽ
ചോര കലങ്ങിയിട്ടുണ്ട്
വമ്പൻ ചൂണ്ടകളുമായെത്തിയവർ
നിരാശയിൽ കാലു നനയ്ക്കുന്നുണ്ട്
(അതു കണ്ടിരിക്കുന്നതിലും
ഒരു രസമുണ്ട്)
മീന്തല കൊളുത്തി
കയ്യിൽ ചുറ്റിയനൂലെറിഞ്ഞ്
ബീഡിപ്പുകയിൽ മിണ്ടാതിരുന്നൊരാൾക്കൊരു
വമ്പൻ ചെമ്പല്ലി കിട്ടി
പൊത്തിപ്പിടയ്ക്കാൻ കൊള്ളാതെ
കൂക്കുവിളിയെറിഞ്ഞ്
മുണ്ടിനുള്ളിൽ കൂട്ടിപ്പിടിച്ചയാൾ
കരിങ്കല്ലിരുപ്പിൽ നിന്ന്
കയറിവരുന്നുണ്ട്
(മുഖത്തൊട്ടിയിരുന്നൊരു
ചെതുമ്പൽച്ചിരിയപ്പോൾ കണ്ടു)
ചൂണ്ടക്കൊളുത്തിൽ
പിടയുന്നുണ്ട് സൂര്യൻ
ചോര കടലിൽ കലർന്നിട്ടുണ്ട്
എല്ലാരുമൊഴിഞ്ഞു പോകെ
ഞാനെന്നിലേക്കൊരു
ചൂണ്ടയിടുകയാണിപ്പോൾ
ഈ കവിതയിലെങ്കിലും
കുരുങ്ങുമോ ഞാൻ?
***തുറമുഖങ്ങളെയും തുറമുഖ കവാടങ്ങളേയും തിരമാലകളിൽ നിന്ന് സംരക്ഷിക്കുന്ന പ്രതിരോധ ചിറയാണ് തരംഗരോധി (പുലിമുട്ട്)-From Wiki