Friday, March 20, 2026
കടുവ / പി എ അനിഷ്
ഒരു കടുവ
അതിന്റെ തന്നെ കണ്ണുകളിൽ നിന്ന്
അഴികൾക്കിടയിലൂടെ
പുറത്തേക്ക് ഇറങ്ങി വരുന്നു
ഒരു മൃഗശാലയിൽ
ഉറപ്പായും
അതൊരു
അദ്ഭുതമൊന്നുമല്ല
അത് നടപ്പാതയുടെ
നട്ടുച്ചവളവിനപ്പുറത്തേക്ക് കുതിച്ചോടുന്നു
അതിന്റെ വാൽ
ഒരു മിന്നായം പോൽ
അപ്രത്യക്ഷമാകുന്നു
നിലത്തെ പച്ചപ്പുല്ലിൽ
കിടന്നുരുളുന്നു
മണ്ണുമാന്തി മുഖം ചേർക്കുന്നു
മരത്തിൽ പൊത്തിപ്പിടിച്ചു നിന്ന്
നടുനീർത്തുന്നു
മുക്കാലിൽ നിന്ന്
മൂത്രമൊഴിച്ച് അതിരിടുന്നു
(അതിനെ
ആരും കാണുന്നില്ല
അതുകൊണ്ട്
ആരും നിലവിളിച്ച്
മരണവെപ്രാളത്തിൽ
ഓടുന്നില്ല )
തൊട്ടടുത്തെ
മുതലക്കുളത്തിൽ
നീരാട്ടിനിറങ്ങുന്നു
നീർനാരപ്പക്ഷികളുടെ
അലസമായ ചിറകടിയിൽ
കാറ്റ് കൊള്ളുന്നു
മരങ്ങൾക്കിടയിൽ
ഒളിച്ചു നിന്ന്
ഒരു മാൻപുള്ളി കണ്ണിൽ കോർക്കുന്നു
(കണ്ണിൽ നിന്നിറങ്ങി
കൂടിനു പുറത്തു
വെട്ടിയൊതുക്കിയ പുല്ലു തിന്നും)
അതിനെ
ഭ്രാന്തമായ് കീഴ്പ്പെടുത്തി
ചോരപ്പുളിപ്പ് നുണയുന്നു
ഇളം വാരിയെല്ലുകൾ
കടിച്ചുടച്ച് രസിക്കുന്നു
കഴുത്തിലെ ഞരമ്പുകളിൽ
പല്ലു കോർത്ത്
നിലയ്ക്കുന്ന ഹൃദയമിടിപ്പ്
ആസ്വദിക്കുന്നു
കാട്ടുവള്ളികളും കരിയിലകളും ചുറ്റിവരിയുന്ന
നിശ്ശബ്ദതയെ
ഒരു മുരൾച്ചയുടെ വായ്ത്തലയാൽ
മുറിവേൽപ്പിക്കുന്നു
അല്ലെങ്കിൽത്തന്നെ
സന്ദർശനത്തിനു വന്നവൻ
ഇതൊക്കെ നോക്കിനിൽക്കുന്നതെന്തിനാണ് ?
പഞ്ചേന്ദ്രിയങ്ങളിലൂടെ
എപ്പൊഴും
പുറത്തിറങ്ങി നഗ്നനായ്
നിൽക്കാറുള്ളവൻ!
Subscribe to:
Comments (Atom)