Sunday, May 13, 2018

വരാൽ

നീ ഞാനാണല്ലോയെന്നുപറയുന്ന
ഒരാളുടെകൂടെ നഗരത്തിൽ ചുറ്റിക്കറങ്ങുന്നു

മെയ് മാസത്തിന്റെ കനൽപ്പൊരി വീണ്
കണ്ണു കലങ്ങി പൊള്ളിയടർന്ന്
കരിമ്പിൻ ജ്യൂസ് നോക്കിയെത്തുന്നു
കരിക്കിൻകുലകൾ വാ പൊത്തിപ്പിടിച്ച്
ചരിഞ്ഞിരിക്കുന്നു
(പൊത്തിപ്പിടിച്ചാലും ചെത്തിത്തുറക്കുമെന്ന
വാശിയിൽ
തൊട്ടടുത്തൊരു വാക്കത്തിയിരിക്കുന്നത് കണ്ട്
പരസ്പരം സങ്കല്പിച്ചു)
തിരക്കുപിടിച്ച പാതകളിലൂടെ
തിരക്കുപിടിച്ച ജന്തുക്കൾ
പേ പിടിച്ചപോലെ ഇരമ്പിക്കൊണ്ടിരിക്കുന്നു

തൊണ്ടക്കുഴലിലൂടെ
മധുരവും തണുപ്പുമിഴഞ്ഞ്
വീണ്ടും പൊള്ളിയടരാനിറങ്ങുന്നു
പരസ്പരം തൊപ്പികളാവുന്നു

നട്ടുച്ചവെയിലിന്റെ പൂരക്കുട പിടിച്ച്
ഒരു കൂട്ടം
ട്രാഫിക് ബ്ലോക്കിനെ തമാശയായി കാണുന്നു
കാല് ചുട്ടുപൊള്ളുമ്പോൾ ആനയ്ക്ക്
പാപ്പാനെ ചുരുട്ടി റോഡിലടിച്ച്
തല ചവിട്ടിയരച്ച് മരങ്ങൾക്കിടയിലേക്ക്
ഓടിപ്പോവാൻ തോന്നുന്നത്
എനിക്കും തോന്നുന്നു
നീ ഞാനല്ലോ
എന്നു പറയുന്ന നിനക്കും തോന്നുന്നുണ്ട്
എന്നു ഞാൻ വിചാരിക്കുന്നത്
നീയും വിചാരിക്കുന്നുണ്ട്

നടന്നു നടന്നു പോകുമ്പോൾ
മരങ്ങളെ തിരയുന്നു
നീ വിചാരിക്കുന്നത്
ഞാൻ പറയുന്നു
നിന്റെ ശ്വാസകോശത്തിലെ
വലിവ്
എനിക്കുമുണ്ടായതെങ്ങനെ
നിന്റെയന്തർമുഖത്വം
ദുരൂഹമായ നോട്ടം
കോലം കെട്ടിയ പോലത്തെ
സെൽഫികൾ
മിണ്ടായ്മകൾ
ആക്കിയ ചിരി
മസാലക്കലർപ്പുള്ള രുചികൾ
വാക്കുകൾ
നോട്ടങ്ങൾ
എല്ലാമെനിക്കുമുണ്ടല്ലോ
പറയുന്നതെല്ലാം അതുപോലെയാകുമ്പോൾ
നീ പറഞ്ഞതിന്റെ വാസ്തവത്തിൽ
ഞാൻ വിശ്വസിക്കുന്നു
അല്ല വിശ്വാസത്തെ
അരക്കിട്ടുറപ്പിക്കുന്നു

രണ്ടു തലയുള്ള
ഒറ്റജീവിയാകാൻ
നമ്മൾ തീരുമാനിക്കുന്നു
വിശ്വാസം മണ്ണാങ്കട്ട
എന്നു പറഞ്ഞ് രണ്ടു പട്ടങ്ങളെ
നൂലു പൊട്ടിച്ച്
ഒന്നിച്ച് പറത്തുന്നു
ശേഷിക്കുന്ന നൂൽ
കൈയിൽ നിന്ന് കളയാൻ
മറന്നു പോകുന്നു

നട്ടുച്ച
നന്നായി മൂക്കുന്നു

തിരഞ്ഞൊരു മൂലയിൽ
കണ്ടെത്തിയ മാളത്തിനുള്ളിൽ നിന്ന്
പുറത്തിറങ്ങിയപ്പോഴേക്കും
പകലിന്റെ മരണവെപ്രാളം തുടങ്ങിയിരുന്നു
നീ ഞാനല്ലോ
എന്നു നീ പറഞ്ഞില്ല
കളഞ്ഞിട്ടും കൈയിൽ അവശേഷിച്ച നൂൽ
കണ്ടപ്പോൾ മാത്രം
ഞാൻ നീയല്ലോ എന്നെനിക്കു തോന്നി

നീയപ്പോൾ തിരിഞ്ഞു നോക്കാതെ
തിടുക്കത്തിൽ
ബസ്സ്റ്റാൻഡിലേക്ക് നടക്കുകയായിരുന്നു
നീ നടന്നു പോകുന്നതു നോക്കി
കളഞ്ഞിട്ടും
കൈയിലൊട്ടിപ്പിടിച്ച പട്ടത്തിന്റെ നൂൽ
ഞാൻ വലിച്ചു പറിച്ചു കളഞ്ഞു

ഇരുട്ടിലേക്ക് പുതയുമ്പോൾ
എനിക്കു ചിരി വന്നു
നീയല്ലല്ലോ ഞാൻ!

സങ്കടം

കാറ്റടിച്ചപ്പോൾ
ആകാശം
നിൽക്കക്കള്ളിയില്ലാതെ
മഴയെ
പറഞ്ഞു വിട്ടതു കണ്ട്
ചുട്ടുപൊള്ളിയ മണ്ണിന്
സങ്കടം വന്നു
കാറ്റിനിട്ടടിക്കാൻ നിന്നുകൊടുത്തല്ലോയെന്നോർത്ത്
മരങ്ങൾക്കും സങ്കടം വന്നു
പിടഞ്ഞുകൊണ്ടിരുന്ന
ഇലകളുടെ കാര്യംപിന്നെ പറയേണ്ടല്ലോ
പോയോ മഴ എന്നൊലർച്ച
സങ്കടമായ് വിവർത്തനം ചെയ്തത്
വീടിനുള്ളിൽ നിന്നും മുഴങ്ങിക്കെട്ടു

ഇതൊക്കെക്കണ്ട്
എനിക്കു സങ്കടം വന്നു
ഈ കവിതയ്ക്കും ആ സങ്കടമുണ്ട്
വായിക്കുമ്പോഴും
ആ സങ്കടമുണ്ടാവണം
ആ സങ്കടം വൈറലാക്കണം
എങ്കിലേ
ഒന്നുകിൽ കാറ്റിന്
അല്ലെങ്കിൽ ആകാശത്തിന്
അതിന്റെയോരിത് തോന്നൂ

കുത്തിപ്പൊട്ടിക്കണം നമുക്കത്
എന്നിട്ട്
അടുത്ത മഴയിൽ
ഒന്നിച്ച് നനയണം

കടലുമേകാന്തശിലകളും

കടലുമേകാന്തശിലകളും
മഞ്ഞും തണുപ്പുമിരുട്ടുമതിൽ
അഴകൊഴയുമോർമകളും
തീരത്തെ കാറ്റടിമരങ്ങളിൽ
കാറ്റിന്റെ ഞരമ്പുരോഗവും

പൊടുന്നനെയിരുട്ടിനെ
ബ്ലേഡ് കൊണ്ടു വരഞ്ഞൊരു ബൈക്കിൻ
പ്രകാശം
തൊട്ടുപിറകെ മറ്റൊന്ന്
തൊട്ടുപിറകെ
തൊട്ടുപിറകെ

പൂഴിമണലിൽ വേച്ചു വേച്ചോടുന്ന
കിരുകിരുപ്പ്
വലിച്ചിട്ട് ചവിട്ടുമ്പോൾ
കുതറിമാറുന്ന കിതപ്പുകൾ
ആഴത്തിലേക്ക് കയറാനായും
മൂർച്ചയെയെതിർക്കും
കൈകൾ പിടിച്ചുനിർത്തി
കാൽകൾ പിണച്ചു പിടിച്ച്
കണ്ണിൽചോരയില്ലാത്ത
കളികൾ
ചേറ്റിലേക്ക് മുഷിയെന്നപോൽ
ഉടലിൽ വഴുതിയിറങ്ങും ലോഹമുനകൾ
നിലത്തേക്ക് വിറച്ച് വീഴുമൊടുക്കത്തെ
തുമ്പിപ്പിടച്ചിൽ
കാറ്റൂതിത്തണുപ്പിയ്ക്കുന്ന
നുള്ളു ചൂട്
ഇരുട്ടിനെ ബ്ലേഡ്കൊണ്ടു വരഞ്ഞ്
മടങ്ങിപ്പോകുന്ന
ആർഎക്സ് 100
കടന്നലുകൾ

കടലുമേകാന്തശിലകളും
മഞ്ഞും തണുപ്പുമിരുട്ടും
മണലിൽ മുഖംപൂഴ്ത്തിക്കിടക്കും
ശവവും
തീരത്തെ കാറ്റടിമരങ്ങളിൽ
കാറ്റിന്റെ ഞരമ്പുരോഗവും
സുഖമുള്ളോരുറക്കവും..

Sunday, January 28, 2018

ചാറ്റുപാത്രം

വാക്കുകളുണങ്ങാത്ത
ഓർമകളുടെ ചാറ്റുപാത്രം
മരിച്ചിട്ടും
നമ്മളിപ്പോഴുമതിൽ
തർക്കിച്ചു കൊണ്ടിരിക്കുന്നു..!

Sunday, January 14, 2018

പുലിമുട്ട്


പുലിമുട്ടിലൊരു വൈകുന്നേരം
ചൂണ്ടയിടാൻ പോവുകയാണ്
അവിടെയൊരുപാടു പേർ
വമ്പൻ ചൂണ്ടകളുമായ് വന്നിട്ടുണ്ട്

വീശിയെറിഞ്ഞ്
ദൂരത്തോളം വീഴ്ത്തുന്നു
മീനെന്നു തോന്നിക്കുന്നവ
(ചുറ്റിയെടുക്കുമ്പോളവ നീന്തിവരുന്ന തോന്നൽ
കടലിനെ വേദനിപ്പിക്കുന്നുണ്ട്)

ചൂണ്ടക്കൊളുത്തിൽ
കുരുങ്ങിയിട്ടുണ്ട് സൂര്യൻ
ചെകിളക്കീറലിൽ
ചോര കലങ്ങിയിട്ടുണ്ട്

വമ്പൻ ചൂണ്ടകളുമായെത്തിയവർ
നിരാശയിൽ കാലു നനയ്ക്കുന്നുണ്ട്
(അതു കണ്ടിരിക്കുന്നതിലും
ഒരു രസമുണ്ട്)
മീന്തല കൊളുത്തി
കയ്യിൽ ചുറ്റിയനൂലെറിഞ്ഞ്
ബീഡിപ്പുകയിൽ മിണ്ടാതിരുന്നൊരാൾക്കൊരു
വമ്പൻ ചെമ്പല്ലി കിട്ടി
പൊത്തിപ്പിടയ്ക്കാൻ കൊള്ളാതെ
കൂക്കുവിളിയെറിഞ്ഞ്
മുണ്ടിനുള്ളിൽ കൂട്ടിപ്പിടിച്ചയാൾ
കരിങ്കല്ലിരുപ്പിൽ നിന്ന്
കയറിവരുന്നുണ്ട്
(മുഖത്തൊട്ടിയിരുന്നൊരു
ചെതുമ്പൽച്ചിരിയപ്പോൾ കണ്ടു)

ചൂണ്ടക്കൊളുത്തിൽ
പിടയുന്നുണ്ട് സൂര്യൻ
ചോര കടലിൽ കലർന്നിട്ടുണ്ട്

എല്ലാരുമൊഴിഞ്ഞു പോകെ
ഞാനെന്നിലേക്കൊരു
ചൂണ്ടയിടുകയാണിപ്പോൾ

ഈ കവിതയിലെങ്കിലും
കുരുങ്ങുമോ ഞാൻ?

***തുറമുഖങ്ങളെയും തുറമുഖ കവാടങ്ങളേയും തിരമാലകളിൽ നിന്ന് സംരക്ഷിക്കുന്ന പ്രതിരോധ ചിറയാണ് തരംഗരോധി (പുലിമുട്ട്)-From Wiki

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP