മുറ്റത്തിനരികില്‍
വേനലില്‍ ഞരമ്പുകള്‍ നിഴലിച്ചിരുന്ന
കാട്ടുനെല്ലിമരം
കുമ്പളവളളിക്കു പടരാനും
നിലാവിന് ചില്ല വരയ്ക്കാനും
പൂവാലനണ്ണാറക്കണ്ണന്
ഊഞ്ഞാലാടാനും
കോഴിക്കുഞ്ഞിനെ കണ്ണുവെച്ച്
പറന്നിരിക്കാനും
ഇടമൊരുക്കി
കുഞ്ഞിലകള്‍ വീഴ്ത്തിയാല്‍പ്പോലും
മുറ്റം വൃത്തികേടാക്കാതെ
വീടിനരികില്‍
കാടിനെ പ്രതീതിപ്പിച്ച്
ഇടയ്ക്കാരോ
ഒരു നെല്ലിയ്ക്ക പോലുമില്ലല്ലോ
എന്നും
ആണ്‍മരമാവുമെന്നും
ആശങ്കപ്പെട്ടും
വീടിന് പെയിന്റടിച്ചു
മുറ്റം ചെത്തിക്കോരി
പടര്‍പ്പുകള്‍ വെട്ടിക്കളഞ്ഞു
ജനല്‍ക്കാഴ്ചകളെ കര്‍ട്ടന്‍ മറച്ചു.
നെല്ലിമരം
വെട്ടിക്കളയാന്‍ തീരുമാനിച്ചതിന്റെ പിറ്റേന്നാണ് കണ്ടത്
ഉണങ്ങിയെന്നു കരുതിയിരുന്ന
കൊമ്പിലെല്ലാം പൂക്കള്‍!
ചുറ്റും അത്ഭുതത്തോടെ നടന്നിട്ടും
മരച്ചുവട്ടില്‍
ചോരപുരണ്ട്
പാമ്പുറപോലെന്തോ കിടന്നത് മാത്രം
ആരും കണ്ടില്ല.