കൊളുത്തുപോലെന്തോ വിഴുങ്ങി
രക്ഷപ്പെട്ടതിന്റെ
ആവേശത്തിലൊരു പരല്‍
ചെകിളമുറിഞ്ഞ വേദനമറന്ന്
വെളളത്തിലൂടെ നീന്തുന്നു
കഴായ കടന്നാല്‍ കടലാണെന്നു പറഞ്ഞ്
ആരോ തെറ്റിദ്ധരിപ്പിച്ചതത്രെ
കടലും കായലുമല്ല
പാറയിടുക്കിലൂടെ കുത്തിയൊലിക്കുന്ന
ഇത്തിരിത്തണുപ്പാണിന്ന് സ്വപ്നം
വേരുകള്‍ക്കിടയിലെ ഇരുളാണിന്ന് അഭയം
മരണത്തില്‍ നിന്ന്
രക്ഷപ്പെട്ടൊരു കൂട്ടുകാരന്
അംബരചുംബികള്‍വെറുത്ത്
ഓലപ്പുരയിലേക്ക് പോകണമെന്ന് വാശിപ്പെട്ടത്
ഓര്‍മവന്നു
മരയഴികള്‍ക്കിടയിലൂടെ
തൊടിയില്‍ കാണാവുന്ന പച്ചകളില്‍
കിളികള്‍ വന്നിരിക്കുന്നതു കണ്ട്
അവനിന്ന് സുഖപ്പെടുന്നു
(എന്റെ പ്രിയ കളിക്കൂട്ടുകാരന്)