ചോക്കുകഷണം
എഴുതിവച്ചതെല്ലാം
മായ്ച്ചുകളഞ്ഞ ബോര്‍ഡ്
അവധിക്കാലത്ത്
ഒറ്റയ്ക്കിരുന്നു മുഷിഞ്ഞ്
ബഞ്ചിലും ഡസ്കിലുമെല്ലാം
ചവിട്ടി നടന്ന പാടുകളുണ്ടാവും
സ്കൂള്‍തുറക്കുന്ന
ഓരോ ക്ലാസ്മുറിയിലും
കറുപ്പില്‍ വെളുപ്പെഴുതിയത് കൂട്ടിവായിച്ച്
മറ്റൊരവധിക്കാലം കഴിഞ്ഞ്
മഴക്കാലം കുളിച്ചൊരുങ്ങി
ക്ലാസ്സിലെത്തുമ്പോള്‍
ഡസ്കിനിടയില്‍
മറന്നുവച്ചൊരു നോട്ടുബുക്ക്
ബോര്‍ഡിനുപിന്നില്‍
തിരുകിവച്ചതാരാണെന്ന്
ചോദിക്കാന്‍ മറക്കും
ടീച്ചറില്ലാത്ത പിരിയഡില്‍
അച്ചടക്കത്തിന്റെ തൊലിപൊട്ടി
നിലത്തു മാമ്പഴങ്ങള്‍ ചിതറുമ്പോള്‍
ആരും കാണാതെ
അതിലൊന്നു പെറുക്കി
ചുവരില്‍ത്തന്നെ
തൂങ്ങിക്കിടക്കും
വിളിച്ചു പറയണമെന്നുണ്ടായിരുന്നു
ബ്ലാക് ആന്റ് വൈറ്റ് സിനിമയിലെ
നായകനെപ്പോലെ
ഇടിച്ചുവീഴ്ത്തണമെന്നുണ്ടായിരുന്നു
അസൂയമൂത്ത്
ഇല്ലാത്തൊരു പ്രണയത്തെ
അമ്പുതുളഞ്ഞ ഹൃദയത്തോടൊപ്പം
നെഞ്ചില്‍ വരച്ചവനെ
ക്ലാസ്സുമുറിയില്‍
ചുറ്റിത്തിരിഞ്ഞൊരു കാറ്റ്
ബോര്‍ഡ് മായ്ക്കുമോ
അല്ലെങ്കില്‍ എങ്ങനെയാണ്
ഉച്ചബെല്ലടിച്ച്
ഒന്നും സംഭവിക്കാതെ
വിയര്‍ത്തൊലിച്ച്
ബഞ്ചു നിറഞ്ഞപ്പോള്‍
പുതിയ പാഠത്തിന്റെ തലക്കെട്ട്
കറുത്തിരുണ്ട ബോര്‍ഡില്‍ തെളിഞ്ഞത്?
ടീച്ചര്‍ക്കുപോലും
താനെഴുതിയതല്ലെന്ന്
സംശയം തോന്നാത്ത വിധം.