ഇവിടത്തെ
ജീവിതത്തെക്കുറിച്ചു പറഞ്ഞാ
ലൊരു പക്ഷേ,
നിനക്കു ചിരിവരും
നിനക്കു നഗരമല്ലേ അറിയൂ
വെളുപ്പിനേ തിരക്കാവുന്ന
വെയില്‍ത്തിരയിലേക്ക്
നീയൊരു മത്സ്യമായ് കാണാതാവും
പൊടിപടര്‍ന്ന
ഇലകളുളള മരച്ചുവടുകളിലിട്ട
സിമന്റുകസേരകളിലെ
വൈകുന്നേരങ്ങള്‍ ,
രാത്രിയ്ക്കും പകലിനുമിടയിലെ
ചില നേരങ്ങളില്‍ മാത്രം
സ്നേഹമോര്‍ക്കുന്നവര്‍ ,
കുമിളകള്‍കൊണ്ട്
പൊതിഞ്ഞ ജീവിതങ്ങള്‍
മാത്രമുളള രാപ്പാറ്റകളെ
പ്പോലുളളവര്‍
ഇവിടത്തെ
ജീവിതത്തെക്കുറിച്ചറിഞ്ഞാ
ലുറപ്പാണ്
നിനക്കു ചിരിവരും
പാവല്‍പ്പന്തലുകളും
പൂവരുന്നതും
കായ് പൊടിക്കുന്നതും കാത്തിരുന്ന
കണ്ണുകളുമാണിവിടെ
മലകള്‍ക്കു മുകളിലേക്ക്
മഞ്ഞുപക്ഷികള്‍ പറക്കുന്ന
തിവിടെ നിന്നാല്‍ കാണാം
അവയേതു കൊമ്പില്‍
ചേക്കേറുമെന്നോര്‍ത്ത്
ഇടവഴിയില്‍ നില്‍ക്കുന്ന
മുളങ്കുറ്റികള്‍
മുന്‍പ്
നെല്‍പ്പാടങ്ങളായിരുന്നവിട
മെല്ലാമിപ്പോള്‍
റബ്ബറോ കുരുമുളകോ
ആയി എന്നുമാത്രം
ഇടയില്‍
ചില വീടുകളിരിക്കാന്‍ തുടങ്ങിയിട്ടുണ്ട്
പേടി തോന്നുന്ന
വലിയ വലിയ അറകളുളളവ,
രണ്ടുപേരോ മറ്റോ
താമസിക്കുന്നുണ്ടാവുമതില്‍
എങ്കിലും നീ ചിരിക്കും
മൊബൈല്‍ ടവറുകളും
ടി.വിയും പേചാനലുകളുമുണ്ടെന്നിരിയ്ക്കിലും*
ഇങ്ങനെയൊരിടത്ത്
എങ്ങനെയാണ്
താമസിക്കുകയെന്നോര്‍ത്ത്
എന്നാല്‍ ശരിക്കും
ഞാനത്ഭുതപ്പെട്ടു പോവുകയാണ്
നീ ചിരിച്ചില്ലെന്നതിനെ
ക്കുറിച്ചോര്‍ത്തല്ല
ഇനി മടങ്ങിപ്പോകുന്നില്ലെന്നു
നീ പറഞ്ഞപ്പോള്‍ .
അതുകേട്ടൊരുപക്ഷേ
ഞാന്‍ ചിരിച്ചിരിക്കാം
പുഴയിലേക്ക് മീനുകള്‍
വരുന്നതെങ്ങനെയെന്നു ചോദിക്കുന്ന
നിന്റെ കൗതുകത്തിലേക്ക്
ഊര്‍ന്നു വീഴുവോളം !
(
പുതുകവിത ഓണപ്പതിപ്പ് )