പ്രപഞ്ചരഹസ്യം
കറന്റുകമ്പിയില്‍
തലകീഴായ്
തൂവലടര്‍ന്ന്
വെറുങ്ങലിച്ച കാക്ക
പൊടുന്നനെയുയര്‍ന്ന്
ചിറകൊതുക്കി
കാ...കാ...
എന്നു കരഞ്ഞ്
മീന്‍മാര്‍ക്കറ്റ് ലക്ഷ്യമാക്കി പറന്നത്
തികച്ചും യാദൃച്ഛികമായി
കണ്ണില്‍പ്പെട്ടു
വിശ്വസിച്ചു
വിശ്വസിച്ചു
എന്നെത്രയുറക്കെപ്പറഞ്ഞാലും
എന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കല്ലേ
എന്നല്ലേ
നമ്മളോരോരുത്തരുമുള്ളില്‍പ്പേറുന്ന
പ്രപഞ്ചരഹസ്യം ?
(കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും
എന്ന സമാഹാരത്തില്‍ നിന്ന് )
അമ്മ, മുറ്റം, കാക്ക
കൂട്ടക്ഷരം പഠിപ്പിയ്ക്കാന്‍
കോര്‍ത്തുണ്ടാക്കിയ കഥയില്‍ നിന്ന്
അപ്പം തട്ടിയെടുത്ത കാക്ക
പറന്നു പറന്ന്
മുറ്റത്തിരുന്നു
ഇതുകണ്ട്
അമ്മ, മുറ്റം, കാക്ക
എന്നുമാത്രമറിയുന്ന കുട്ടി
നാവിറങ്ങിപ്പോയ ശബ്ദത്തില്‍
അമ്മേ ദാ മുറ്റത്തൊരു കാക്ക
എന്ന വാക്യത്തിലാശ്ചര്യപ്പെട്ടു
ഇതുകേട്ടു കൊണ്ടയയില്‍
തുണിവിരിച്ചു നിന്ന
അമ്മയ്ക്കൊരു കുളിരുണ്ടായി
കാക്കയോടൊരിഷ്ടമുണ്ടായി
ചീഞ്ഞ ഓര്‍മകള്‍
അമ്മ കാക്കയ്ക്കെറിഞ്ഞുകൊടുത്തു
അതൊന്നും നോക്കാതെ
കീടനാശിനിയുടെ ഭാഷയില്‍
കാക്ക കുട്ടിയെയുമെടുത്ത്
പറന്നുപോയി
കഥ തീര്‍ന്നപ്പോഴേക്കും
കുട്ടികള്‍ പഠിച്ച ജീവിതത്തില്‍
അവരെഴുതാന്‍ മറന്നിട്ടുപോയ
കവിതയാണിത്
ഒഴിഞ്ഞ ബഞ്ചുകളില്‍ നിന്ന്
കീറിയെടുത്തു
സൂക്ഷിച്ചതാണിത്...!
ഉന്നം
കാക്കയുടെ
അത്രയുമുന്നം
എനിക്കില്ല
എത്ര കൃത്യമായാണ്
ജീവിതത്തിന്റെ അവശിഷ്ടം
ഒന്നുമറിയാതെ പോകുമൊരുത്തന്റെ
തലയില്‍ വീഴ്ത്തുന്നത്
മരണം പോലെ
ഹെന്റെ കാക്കേ
നിന്റെയൊരു കാര്യം !