എപ്പോള് വേണമെങ്കിലും
മുങ്ങിപ്പോയേക്കാവുന്നൊരു
തുരുത്തിലാണ്
നമ്മുടെ ജീവിതം
ചുറ്റുമുളള മരങ്ങളി
ലിളംകാറ്റു പരക്കുമ്പോഴു
മവയുടെ
വേരുകള്ക്കിടയില്
പടരുന്നുണ്ട്
ജലവിരലുകള്
എപ്പോള് വേണമെങ്കിലും
കടപുഴകിയേക്കാവുന്നൊ
രോര്മയുടെ
വൃക്ഷത്തിനു കീഴെയാണ്
നമ്മളിപ്പോള്
വെയില്
ഇടയ്ക്കിടെ വന്നു
നമ്മുടെ കവിളുകളിലും
കണ്ണരികുകളിലും
പുളളികളിട്ടു മായുന്നുണ്ട്
അതു നമ്മളിലൊരു
വരുംകാല സ്വപ്നത്തിന്റെ
കുമിളകളാവുന്നുമുണ്ട്
ചെറുചിരികളും
കരച്ചുലും കൊണ്ട്
വരച്ചു വയ്ക്കുന്നൊരു മണ്ചിത്ര
മല്ലാതെ
മറ്റെന്താണ് ജീവിതമെന്ന്
പറഞ്ഞു പോകാമെങ്കിലും
കൈപ്പിടിയില് നിന്നൂര്ന്നു
പോയതൊഴിച്ചാലും
ബാക്കിയാവുന്ന
ചിലത്
ഒരു പക്ഷേ,
സ്നേഹം കൊണ്ടുമാത്ര
മറിയാനാവുന്ന ചിലത്
അതിന്റെ
നേര്ത്ത നേര്ത്ത
മുടിയിഴകള് പോലുളള
നൂലിഴകളില്പ്പിടിച്ച്
ചിറകുകളില്ലാതെ
നാം പറക്കുകയാണല്ലോ
ഇപ്പോള് വേണമെങ്കിലു
മവസാനിച്ചേക്കുന്ന
ഈ ജീവിതത്തില്
നമുക്കു മാത്രമായ്
നാം പണിതൊരീ തുരുത്തു മുഴുവന്
മുങ്ങിപ്പോയാലു
മതിനും മുകളിലേക്കിലകള്
നീട്ടുന്ന ജലസസ്യങ്ങളായ്
നീയും ഞാനുമവശേഷിക്കില്ലെന്ന്
ദൈവത്തിനു പോലും
പറയാനാവില്ലല്ലോ
ഒറ്റയ്ക്കാവുമ്പോൾ
2 weeks ago