കടിയ്ക്കാന്‍ വന്നത്
എന്തിനെന്ന്
മറന്നു പോയൊരു
അരണ
മറവിയിലേക്കു തന്നെ
തിരിച്ചു പോയി
ഇടയ്ക്കിടയ്ക്ക്
മുകള്‍പ്പരപ്പില്‍ വന്ന്
മിന്നലായ് മറഞ്ഞത്
എത്ര വലവീശിയിട്ടും
കുരുങ്ങിയില്ല
പരീക്ഷാ ഹാളില്‍
അതൊരു തിരിച്ചറിവായിരുന്നു
മൂന്നാം കൊല്ലവും തോറ്റിരുന്ന
ബഞ്ചില്‍
കോമ്പസ്സുകൊണ്ട്
തെങ്ങുകയറ്റക്കാരന്‍ ഗോപാലന്റെ
ചിത്രം വരച്ചത്
തെങ്ങിന്റെ മണ്ടയിലിരുന്ന്
ഒരു നോട്ടം കൊണ്ട്
മൂപ്പുമിളപ്പും തിരിയ്ക്കുമ്പോള്‍
അവിശ്വസനീയം പോലെ
കണ്ടു കിട്ടി
മൂന്നാം ക്ലാസ്സില്‍ മറന്നു വച്ചൊരു
മയില്‍പ്പീലി
മുടികെട്ടി വച്ച
കോഞ്ഞാട്ടയ്ക്കു മുകളില്‍
തിരുകി വച്ചിരിക്കുന്നു
നഗ്നനായിരുന്നില്ല
കുളിത്തൊട്ടിയിലായിരുന്നില്ല
തേടിയലഞ്ഞൊരുത്തരത്തിന്റെ
തോന്നലുമായിരുന്നില്ല
എന്നിട്ടും
കൂവിവിളിച്ചു കൊണ്ട്
എഴുന്നേറ്റോടി
മഞ്ഞവരയ്ക്കുന്ന
തെങ്ങോലകള്‍ക്കു മുകളിലൂടെ
ചിറകു വിരുത്തി!
(
Harithakam)