പാളത്തൊപ്പിയും തലയില്‍ വെച്ച്
പോണ കൃഷിക്കാരാ
മണ്ണായമണ്ണൊക്കെ
യുണങ്ങിപ്പോയല്ലോ
മരമായ മരമൊക്കെ
കരിഞ്ഞും പോയല്ലോ
നീരായ നീരൊക്കെ
വറ്റിപ്പോയല്ലോ
ഇനിയും നീയിതൊന്നുമറിഞ്ഞില്ലേ?
കിള കിള കിള കിളയെന്നായത്തില്‍
പാടങ്ങളും പാറക്കെട്ടുകളും കിളച്ചുമറിച്ച്
എല്ലുനുറുങ്ങി നീയിരിക്കുമ്പോള്‍
മരുഭൂമിയില്‍പ്പോലും വരാറുള്ള കാറ്റ്
നിന്നെ തണുപ്പിക്കാന്‍ വരില്ലെന്നറിയുക
മരുപ്പച്ചപോലും
നിനക്കോര്‍ക്കാനുണ്ടാവില്ലെന്നറിയുക
2
പാളത്തൊപ്പിയും വെച്ച്
പോണ കൃഷിക്കാരന്‍ പറഞ്ഞു
എന്റെ കണ്ണിലൊരുറവയുണ്ടല്ലോ
ഈ ഭൂമിമുഴുവന്‍
നനയ്ക്കാനതു മതിയല്ലോ
ഇവിടം മുഴുവന്‍
പച്ചമൂടുന്നത്
നീ വന്നുകാണണം
അന്നേരമീയിരിപ്പിരിക്കാതെ
പച്ചയെക്കുറിച്ചൊരു
കവിതയെഴുതണം.