കറങ്ങുന്ന പമ്പരം
നൂലുകൊണ്ടെടുക്കുകയാണൊരു കുട്ടി
അവന്റെ കൗതുകം
മുറ്റത്തിന്നോരത്തെ
കാശിത്തുമ്പകളില്‍
കണ്ടുകൊണ്ടിരുന്ന വെയില്‍
കണ്ണുചിമ്മിത്തുറന്നതും
ചുറ്റും വട്ടംവരച്ച്
നൂലുചുറ്റി വെച്ച പമ്പരങ്ങളെ
എറിഞ്ഞുതെറിപ്പിച്ച കൂട്ടുകാരെ
അതുവഴിപോയൊരാളോര്‍മിക്കുന്നു
ഏറുകൊണ്ട
പമ്പരംപോലെ
കളത്തിനുപുറത്തുതെറിച്ചൊരാളുടെയുടല്‍
ട്രാക്കില്‍ നിന്നെടുത്തു മാറ്റുന്നു
ണ്ടതേ സമയം
മറ്റൊരിടത്ത്
കറങ്ങുന്ന ഭൂമി
കൈയിലെടുത്തു കാണിക്കു
മൊരാളിതെല്ലാം കണ്ടു
ചിരിക്കുന്നതുനോക്കി
ഒരിക്കല്‍ക്കൂടി നോക്കി
ഒന്നും മിണ്ടാതെ
കറങ്ങുന്ന ജീവിതത്തെ
കയറു കൊണ്ടെടുക്കുന്നു.