Thursday, July 8, 2010

ഇന്നു വൈകുന്നേരത്തെ മഴയില്‍

ഇന്നു വൈകുന്നരം പെയ്ത
മഴയില്‍
കൊമ്പൊടിഞ്ഞു വീണ
മാവില്‍ നിന്നു
ചിതറിയ മാങ്ങകള്‍
പെറുക്കുകയാണമ്മ

ആകെയുള്ളൊരു മൂവാണ്ടന്റെ
ആകെയുള്ളൊരു കൊമ്പായിരുന്നു
എന്നിടയ്ക്കിടയ്ക്ക്
മഴയോടെന്നപോലെ
മങ്ങിമങ്ങിപ്പോകുന്ന
മിന്നലുകളോടെന്ന പോലെ
കൂട്ടത്തില്‍പ്പെട്ട കാറ്റുകളോടെന്ന പോലെ
പറയുന്നുണ്ടമ്മ

പെറുക്കിവച്ച മാങ്ങകള്‍
അച്ചാറോ
മീന്‍കറിയിലെ പുളിപ്പോ
ചമ്മന്തിയിലെ രുചിപ്പോ
ആവുന്നതിനെക്കുറിച്ചു
പേടിച്ചു പേടിച്ചു കരയുമ്പോളതാ
മാങ്ങകളൊക്കെയുമാകാശത്തു
പഴുപ്പിയ്ക്കാന്‍ വയ്ക്കാമെന്നു പറഞ്ഞ്
മിന്നലിന്റെ വേരുകളില്‍ത്തൂങ്ങി
പറക്കുകയാണമ്മ

പാകമാകാതെ
പഴുത്തു വീണ
മാമ്പഴത്തിന്റെ മണമായിരിക്കും
ഇന്നു രാത്രി മുഴുവന്‍ !

(ആനുകാലികകവിത)

Monday, June 14, 2010

ഹും !



ബലൂണ്‍
വീര്‍പ്പിച്ചു
വീര്‍പ്പിച്ച്
മുറുക്കെ
കെട്ടിവയ്ക്കുന്നു
അതിനുളളിലെ വായു
ശ്വാസം മുട്ടി
ച്ചാവട്ടെ!

Monday, June 7, 2010

ദൈവത്തിനും വേണ്ടാത്ത വാക്ക്




ശരിയ്ക്കുമൊരു ഭ്രാന്തി
യെന്നേ പറയൂ

ക്ലാസ്സെടുക്കുമ്പോള്‍
ജനലിന്റെ
മരയഴികള്‍ക്കപ്പുറത്തു നിന്ന്
കൈനീട്ടി വിളിയ്ക്കും പോലെ
പൊടിപിടിച്ച
കണ്ണുകളില്‍ നിന്ന്
വിശക്കുന്നുവെന്നൊരു
വിളി വരുമ്പോലെ

കൈയ്യിലിരുന്നൊരു
ചില്ലറത്തുട്ട്
അവര്‍ക്കുനേരെ നീട്ടി
ക്കൊണ്ടുറക്കെപ്പറഞ്ഞു
പോ...പോ...
കുട്ടികളുമുറക്കെച്ചിരിച്ചു പറഞ്ഞു

പെട്ടെന്നൊരു
കുഞ്ഞുകൈയ്യെന്റെ
വിരലില്‍ത്തൊട്ടു

"മാഷേ
അതെന്റെ
അമ്മയാണ്...
കരിങ്കല്ലു പണിയ്ക്കിടയില്‍
ഉച്ചക്കഞ്ഞിയുമായ് വന്നതാണ്.."

നൂറുനക്ഷത്രങ്ങള്‍ക്കു മുന്നില്‍
ഇരുട്ടിലാഴ്ന്നാഴ്ന്നു പോകുമൊരു
തോന്നല്‍ വന്നു മൂടുമ്പോള്‍
ദൈവത്തിനും
വേണ്ടാത്തൊരു വാക്കെന്റെ
ചുണ്ടില്‍നിന്നുമടര്‍ന്നു വീണു.

(പുതുകവിത)

Tuesday, May 25, 2010

യുറീക്ക




കടിയ്ക്കാന്‍ വന്നത്
എന്തിനെന്ന്
മറന്നു പോയൊരു
അരണ
മറവിയിലേക്കു തന്നെ
തിരിച്ചു പോയി

ഇടയ്ക്കിടയ്ക്ക്
മുകള്‍പ്പരപ്പില്‍ വന്ന്
മിന്നലായ് മറഞ്ഞത്
എത്ര വലവീശിയിട്ടും
കുരുങ്ങിയില്ല
പരീക്ഷാ ഹാളില്‍

അതൊരു തിരിച്ചറിവായിരുന്നു
മൂന്നാം കൊല്ലവും തോറ്റിരുന്ന
ബഞ്ചില്‍
കോമ്പസ്സുകൊണ്ട്
തെങ്ങുകയറ്റക്കാരന്‍ ഗോപാലന്റെ
ചിത്രം വരച്ചത്

തെങ്ങിന്റെ മണ്ടയിലിരുന്ന്
ഒരു നോട്ടം കൊണ്ട്
മൂപ്പുമിളപ്പും തിരിയ്ക്കുമ്പോള്‍
അവിശ്വസനീയം പോലെ
കണ്ടു കിട്ടി
മൂന്നാം ക്ലാസ്സില്‍ മറന്നു വച്ചൊരു
മയില്‍പ്പീലി

മുടികെട്ടി വച്ച
കോഞ്ഞാട്ടയ്ക്കു മുകളില്‍
തിരുകി വച്ചിരിക്കുന്നു

നഗ്നനായിരുന്നില്ല
കുളിത്തൊട്ടിയിലായിരുന്നില്ല
തേടിയലഞ്ഞൊരുത്തരത്തിന്റെ
തോന്നലുമായിരുന്നില്ല
എന്നിട്ടും
കൂവിവിളിച്ചു കൊണ്ട്
എഴുന്നേറ്റോടി

മഞ്ഞവരയ്ക്കുന്ന
തെങ്ങോലകള്‍ക്കു മുകളിലൂടെ
ചിറകു വിരുത്തി!

(Harithakam)

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP