Monday, December 20, 2010

കൊല്ലന്‍


വരമ്പിനു നടുക്ക്
കാറ്റിനോടെപ്പോഴും
കൈചൂണ്ടിക്കെറുവിക്കു
മൊറ്റപ്പനയോടു തൊട്ട
ഓലപ്പുരയായിരുന്നാല

കൊല്ലനതില്‍
വാക്കത്തി,കൊടുവാളു
കഠാരകളില്‍
മൂര്‍ച്ചയേറ്റിയ ധ്യാനത്തിലിരുന്നു

ഇടയ്ക്കു റോഡിനോരത്തു വന്ന്
ചായകുടിച്ച്
ബീഡിയെരിച്ച്
പൊകല ചവച്ച്
പുകചുവപ്പിച്ച കണ്ണുകളോടെ
ആലയിലേക്കു തന്നെയടങ്ങും

ഇരുമ്പിരുമ്പിനോടു
ചെന്നുപറയുമൊച്ചകള്‍
ഓലപ്പഴുതുകടന്ന്
കൊറ്റികളെ പറപ്പിച്ചുവിട്ടു

മൂര്‍ച്ചയില്ലാത്തൊരരിവാളുമാ
യന്തിനേരമാകാശം
തോടുചാടിക്കടന്നു ചെല്ലുമ്പോള്‍
ആറിയ ആലയ്ക്കരികിലിരുന്നു ചാരി
കൊല്ലനൊരു കിനാവുകണ്ടുറങ്ങുന്നു
നിറുകയിലൊരു വാള്‍മുന
വീഴാനോങ്ങുന്നു

കുഞ്ഞുങ്ങളുടെ ചിരി
കാറ്റിലെഴുതുകയാവുമന്നേരം കരിമ്പന

(ആനുകാലികകവിത)

Monday, December 13, 2010

ഒരു രാത്രി


ഒരു രാത്രി
എനിക്കുമാത്രമായ് വേണം

ശ്വസിക്കുന്നവരും
മരിച്ചവരും
പങ്കിട്ടെടുക്കാത്തൊരു രാത്രി

പാതി കീറിയ നിലാവോ
താരങ്ങളോ, ശ്വാസകോശങ്ങളില്‍
തണുപ്പോ മണങ്ങളോ
കോരിനിറയ്ക്കാത്ത
ഒരേയൊരു രാത്രി
യെനിക്കുമാത്രമായ് വേണം

നിറങ്ങളുടെയുടുപ്പുക
ളൊന്നൊന്നായൂരിയെറിഞ്ഞ്
ശരീരത്തിന്റെ വ്യഥകളില്ലാതെ
എനിക്കാ രാത്രിയിലൂടെ
നീന്തിനടക്കണം

Sunday, December 5, 2010

അയ്യേ


വീടിനോടു തൊട്ടുള്ള
കല്ലുവെട്ടുകുളത്തില്‍
മൂടിയ പച്ചയിടയ്ക്കു
മുറിച്ച്
മീനുകള്‍ പുളയ്ക്കുന്നു

മുറികൂടുന്നതുകണ്ട്
അപ്പുറത്തുമിപ്പുറത്തും
വെയില്‍ വെട്ടംപുരട്ടിയ മരങ്ങളില്‍
പക്ഷികളിരിക്കുന്നു

നിറയെ മുള്ളുകളാണതിനാല്‍
വലയെറിയുവാന്‍ വയ്യതിന്‍
കണ്ണികള്‍
മുറിയുമോര്‍മകള്‍ പൊട്ടുന്ന മാതിരി

അതിനാലെറിയുന്നു
ഇരകോര്‍ത്ത ചൂണ്ടക്കൊളുത്തുകള്‍

ഒരു മീനും കൊത്താത്ത
പകലിനെ നോക്കി
യൊരുപക്ഷി താഴ്ന്നു വരുന്നു
മുങ്ങുന്നു
കൊക്കിലൊരു മീനുമായ്
പൊങ്ങിപ്പറക്കുന്നു

മീനുകളങ്ങനെ ചുണ്ടില്‍പ്പിടയുമ്പോഴും
അയ്യേ...ന്നു
കളിയാക്കിച്ചിരിക്കുന്നുണ്ട്
കരയിലിരുന്ന്
മടുപ്പെറിയുമെന്നെ !

Friday, December 3, 2010

പകർപ്പ്‌


അതുപോലെത്തന്നെ
പകർത്തി വച്ചിരിക്കുന്നു

അടഞ്ഞകണ്ണുകളിലും
മുഖത്തും
ചിലയടയാളങ്ങൾ
മഷിപരന്ന പോലെ
എന്നല്ലാതെ
യാതൊരു മാറ്റവുമില്ലാതെ

ഇറുത്തെടുക്കുമ്പോഴുളള പിടച്ചിലിൽ
കിടപ്പിലോ
തൂക്കിലോ
ചില ചരിവുകളുണ്ടെന്നല്ലാതെ

അതേ മരക്കൊമ്പ്‌
റെയിൽപ്പാളം
അടച്ചിട്ട കിടപ്പുമുറി
സീലിങ്ങ്‌ ഫാൻ
ഉടുമുണ്ട്‌
ആഴക്കിണർ

എന്നാൽ
സൂക്ഷിച്ചു നോക്കിയാലറിയാം
എല്ലാ പകർപ്പിലും
കീറലുകളുണ്ട്‌

വേലിയില്ലാത്ത
വക്കിടിഞ്ഞ കിണറിൽ
കാലുതെറ്റി വീഴുമ്പോലല്ലല്ലൊ
ഉയരത്തിൽ
ചുറ്റുമതിലുളള
കിണറ്റിൽ വീഴുന്നത്‌ !

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP