Friday, April 24, 2009

കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും

ഞാവല്‍പ്പഴങ്ങള്‍
വീണുകൊണ്ടിരുന്നു

കിളികള്‍ കൊത്തിയിടുന്നതാണ്
കാറ്റില്‍
പൊഴിയുന്നതുമാണ്

മരച്ചുവട്ടില്‍
ഞാവല്‍പ്പഴങ്ങള്‍
ചിതറിക്കിടക്കുന്നു
ചീഞ്ഞപഴങ്ങള്‍ക്കു മുകളില്‍
തുടുത്ത പഴങ്ങള്‍
എന്ന വണ്ണം

പാര്‍ക്കില്‍ വന്ന
കുട്ടികള്‍
കല്ലുപാകിയ വഴിയിലൂടെ വന്ന്
ഞാവല്‍പ്പഴം പെറുക്കുന്നു
കിളികൊത്തിയതോ
കാറ്റു വീഴ്ത്തിയതോ
എന്നൊന്നും നോക്കാതെ
കടിച്ചുകൊണ്ട് ചിരിക്കുന്നു
ചീഞ്ഞതോ തുടുത്തതോ
എന്നൊന്നും നോക്കാതെ
പെറുക്കിക്കൂട്ടുന്നു
ഉടുപ്പില്‍
കറയാക്കുന്നു

അരികിലിട്ട സിമന്റു ബഞ്ചില്‍
ആരും കാണാതെ നമ്മള്‍
നാക്കുനീട്ടി
ഞാവല്‍പ്പഴത്തിന്റെ രക്തക്കറ
കാണിക്കുന്നു

Thursday, April 2, 2009

പാവം




റ്റപ്പെട്ടതു കൊണ്ടാവും
ഒരു കുളക്കോഴി
ഇടയ്ക്കിടെ
വീട്ടുപരിസരത്ത്
ചുറ്റിപ്പറ്റി നടക്കുന്നതു കണ്ടിട്ടുണ്ട്

പറമ്പില്‍ വീണ
കരിയിലകളില്‍ പതിഞ്ഞ
അതിന്റെ നേര്‍ത്ത കാലൊച്ച
ഉച്ചയുറക്കത്തെ
ഭയപ്പെടുത്തിയിട്ടുണ്ട്

പൂമരത്തില്‍
ചേക്കേറി
ഉറക്കം നഷ്ടപ്പെട്ട്
അലക്ഷ്യമായ്
ഇരുട്ടിലേക്കു പറന്നത്
ശീതീകരിച്ച പാതിരാമുറിയില്‍
കാതോര്‍ത്തിട്ടുണ്ട്

കടുത്ത വേനലിലും വെളളം വറ്റാതിരുന്ന
ഒരു കുളത്തിനു മുകളിലാണ്
ഈ വീടിരിക്കുന്നതെന്ന്
പഴയൊരു കൂട്ടുകാരന്‍
ഓര്‍മിപ്പിച്ചത്
തമാശയായിരുന്നില്ല

ഈ വീടിനടിയില്‍
ഒരു കുളമുണ്ടെന്നും
കൂട്ടമായ് ചേക്കേറിയിരുന്ന
പൊന്തക്കാടിനിടയിലേക്ക്
ഇവിടെവിടെയോ
ഒരു വഴിയുണ്ടാകുമെന്നും
ആ പാവം സ്വപ്നം കാണുന്നുണ്ടാവണം!

Tuesday, March 10, 2009

അതിജീവനം





മുറ്റത്തിനരികില്‍
വേനലില്‍ ഞരമ്പുകള്‍ നിഴലിച്ചിരുന്ന
കാട്ടുനെല്ലിമരം

കുമ്പളവളളിക്കു പടരാനും
നിലാവിന് ചില്ല വരയ്ക്കാനും
പൂവാലനണ്ണാറക്കണ്ണന്
ഊഞ്ഞാലാടാനും
കോഴിക്കുഞ്ഞിനെ കണ്ണുവെച്ച്
പറന്നിരിക്കാനും
ഇടമൊരുക്കി

കുഞ്ഞിലകള്‍ വീഴ്ത്തിയാല്‍പ്പോലും
മുറ്റം വൃത്തികേടാക്കാതെ
വീടിനരികില്‍
കാടിനെ പ്രതീതിപ്പിച്ച്

ഇടയ്ക്കാരോ
ഒരു നെല്ലിയ്ക്ക പോലുമില്ലല്ലോ
എന്നും
ആണ്‍മരമാവുമെന്നും
ആശങ്കപ്പെട്ടും

വീടിന് പെയിന്റടിച്ചു
മുറ്റം ചെത്തിക്കോരി
പടര്‍പ്പുകള്‍ വെട്ടിക്കളഞ്ഞു
ജനല്‍ക്കാഴ്ചകളെ കര്‍ട്ടന്‍ മറച്ചു.
നെല്ലിമരം
വെട്ടിക്കളയാന്‍ തീരുമാനിച്ചതിന്റെ പിറ്റേന്നാണ് കണ്ടത്
ഉണങ്ങിയെന്നു കരുതിയിരുന്ന
കൊമ്പിലെല്ലാം പൂക്കള്‍!

ചുറ്റും അത്ഭുതത്തോടെ നടന്നിട്ടും
മരച്ചുവട്ടില്‍
ചോരപുരണ്ട്
പാമ്പുറപോലെന്തോ കിടന്നത് മാത്രം
ആരും കണ്ടില്ല.

Sunday, February 15, 2009

ഒടിയന്‍





വരുന്ന വഴിയില്‍
വരമ്പുകള്‍ ചുറ്റിപ്പിണയുന്നിടത്ത്
കഴായയ്ക്കരികില്‍
ഒരു കടമ്പ

പോയപ്പോള്‍
വഴിയില്‍ കണ്ടിരുന്നില്ല
കടന്നപ്പോഴറിഞ്ഞു
ഒടിഞ്ഞുപോയ മനസ്സ്
കാത്തിരുന്ന
ചോരക്കണ്ണുകളില്‍
തിളക്കം

പൊടുന്നനെ
വാലില്ലാത്തൊരു പൂച്ചയായ്
കടമ്പ ഓടിപ്പോയി

ഒടിഞ്ഞ ജീവിതമായ്
ചെളിയില്‍ പുതഞ്ഞു കിടക്കുമ്പോള്‍
വായിച്ചതും
വിശ്വസിച്ചതും
വ്യര്‍ഥമാകുമോ
എന്നൊരു സന്ദേഹം
കണ്ണിലുറഞ്ഞു

Friday, January 30, 2009

പരമ്പ്

മുമ്പൊക്കെ
പുഴുങ്ങിയെടുത്ത നെല്ല്
ഉണങ്ങാനിട്ടിരുന്നു
വെയിലിനു ചുവട്ടില്‍ വിരിച്ച
പരമ്പുകളില്‍

ഉളളവനേയും ഇല്ലാത്തവനേയും വേര്‍തിരിക്കുന്ന
ദൃശ്യമായിരുന്നു
ഇറയത്ത് തൂക്കിയിട്ട
പരമ്പുചുരുട്ടുകള്‍

വീടിനു മുന്നില്‍
ചളിവരമ്പുകള്‍ക്കു നടുവില്‍ വിടര്‍ത്തിയ
വലിയ പരമ്പുകളില്‍
തഴച്ച പച്ചയിലൂടെ
കാറ്റൊഴുകി നടന്നു

പിന്നെപ്പോഴോ
ദ്രവിച്ച പരമ്പുകള്‍ക്കുളളില്‍
എലികള്‍ പെറ്റു പെരുകി
കൊട്ടിലിനുളളില്‍
കുണ്ടുമുറവും
മൂടുപോയ വട്ടിയും കിടന്നിടത്ത്
പഴമയെ നാം ചുരുട്ടിവച്ചു

ടെറസ്സിനു മുകളില്‍
സിമന്റു മുറ്റങ്ങളില്‍
സ്വപ്നങ്ങളുണക്കിയെടുക്കുന്നവര്‍
പരമ്പുകളെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ല;
അവരുടെ ഓര്‍മകളില്‍
പൊതിഞ്ഞെടുക്കപ്പെട്ടൊരു
ശവശരീരം
ഉണ്ടാവുമെങ്കിലും !

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP