Tuesday, May 13, 2014

പവര്‍കട്ട്


ഒരു ചെറിയകഷണം
മെഴുകുതിരിയുടെ പ്രകാശത്തില്‍
വായിക്കുകയായിരുന്നു

ചെറിയ കഷണം മെഴുകുതിരി
അതെപ്പോള്‍ വേണമെങ്കിലും
കെട്ടുപോകാം
അല്പനേരത്തെ വെളിച്ചം
അക്ഷരങ്ങളെ ഇരുട്ടില്‍നിന്ന്
തിളക്കുന്നു

ഇരുട്ടിലേക്കെത്രദൂരമുണ്ടെന്നളക്കാന്‍
ഇടയ്ക്കിടയ്ക്ക് തിരിഞ്ഞുനോക്കുന്നു
എത്ര പേജുകളവശേഷിക്കുന്നുണ്ടെന്ന്
മറിച്ചുനോക്കുന്നു

എല്ലാ കണക്കുകൂട്ടലുകളും
തെറ്റിച്ചുകൊണ്ട്
കറന്റുവന്നേക്കാം അല്ലെങ്കില്‍
ഒരു കാറ്റുവന്ന് മെഴുകുതിരി
കെടുത്തിയേക്കാം
കണ്ടാലറിയാം
രണ്ടും അതാഗ്രഹിക്കുന്നുണ്ടെന്ന്,
പ്രകാശം പരത്തുന്ന ജീവിതം
എന്നൊക്കെ പറയിച്ച്
കത്തുന്നു എങ്കിലും.

Sunday, May 11, 2014

കാപ്പി


കാപ്പി കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു
പറമ്പിൽ മഴ നനഞ്ഞു നിന്ന
കാപ്പിച്ചെടി
ശ്രദ്ധയിൽപ്പെടുത്തി
പച്ചയും ചുവപ്പും കറുപ്പും
കുരുക്കൾ നീട്ടിപ്പിടിച്ച്

കാപ്പിച്ചെടിയെന്നോട്
പറയുകയായിരുന്നു
ഇപ്പോൾ കുടിച്ചു കൊണ്ടിരിക്കുന്ന
ചുടുകാപ്പിയിൽ
തന്റെ 
സർഗ്ഗാത്മഗതയുടെ
രുചിയുണ്ടെന്ന്
ആവിഷ്കാരത്തിന്റെ
ഇനിപ്പുണ്ടെന്ന്
പ്രണയത്തിന്റെ
കടുപ്പമുണ്ടെന്ന്
കരുതലിന്റെ
സുഗന്ധമുണ്ടെന്ന്
കവിതയുടെ 
ലഹരിയുണ്ടെന്ന്...

മറുപടിയില്ലാതെ
കേട്ടിരിക്കുകയായിരുന്നു
കവിതയുടെ ലഹരിയിൽ
പിന്നെയും കപ്പ്
ചുണ്ടോടമർത്തുകയായിരുന്നു.


Saturday, February 22, 2014

ആനവര !

ഇനിയൊരാനയെ വരയ്ക്കാമെന്ന്
പടംവര ക്ലാസ്സില്‍
മാഷ് പറയുന്നു

കുട്ടികളെല്ലാം
മനസ്സിലൊരാനയെ വരച്ചു കഴിഞ്ഞിരുന്നു
അപ്പോഴേക്കും 

മാഷിന്റെ  കൈകള്‍ക്കുള്ളിലൊരാനയൊളിച്ചിരിപ്പുണ്ടെന്നും
അതിപ്പോള്‍ നെറ്റിപ്പട്ടമണിഞ്ഞ്
ചെവിയാട്ടുമെന്നും
കുട്ടികള്‍ നോക്കുന്നു

ബോര്‍ഡിലൊരാനയെ
മാഷ് വരയ്ക്കുന്നു
മാഷിന്റെ വരയിലൂടൊരാനയെ
കുട്ടികള്‍ വരയ്ക്കുന്നു

മാഷിന്റെ വര
കുട്ടികളുടെ വരയാകുന്നു
കുട്ടികള്‍ വരയുമാന
ചെവിയാട്ടുന്നു തുമ്പിയിളക്കുന്നു
ചങ്ങല കിലുക്കമില്ലാതെ
കാട്ടിലേക്കു നടക്കുന്നു
പൂഴിയാടി പൊന്തകളില്‍ മറയുന്നു

പെരുവയറനാനയെന്ന്
കുട്ടികള്‍ ചിരിക്കുന്നു
മാഷപ്പോള്‍  ഒരു പാപ്പാനാവുന്നു

ചങ്ങലയ്ക്കിട്ട കുട്ടികള്‍
ചെവിയാട്ടുന്നു
ചിന്നം വിളിക്കുന്നു 
കുട്ടിയാനച്ചെവികളില്‍ നിന്ന്
മാഷിന്റെ വിരല്‍
പിച്ചിപ്പൂ പറിയ്ക്കുന്നു !

(മാതൃകാന്വേഷിയുടെ 100 ആം ലക്കത്തില്‍ )

Sunday, October 20, 2013

ചാഞ്ചാട്ടം

പക്ഷികളുടെ കൂട്
കാറ്റിലാടുന്നത്
കണ്ടുനില്‍ക്കാന്‍ രസമാണ്
നേരം പൊകുന്നത്
അറിയത്തേയില്ല

കാറ്റിന്റെ
പോക്കുവരവുകള്‍ കാണാം
അതിന്റെ
ഓളങ്ങളില്‍

അതിനുള്ളില്‍
ചുരുണ്ടുറങ്ങുന്ന
കിളിക്കുഞ്ഞുങ്ങളെ കാണാന്‍
കൊതിതോന്നും,
അതുപോലുറങ്ങാന്‍
ആഗ്രഹിക്കും

വീടിനുള്ളില്‍
പുതച്ചുകിടന്നുറങ്ങിയാലും
ഇത്രയുറക്കം കിട്ടില്ല

ചാഞ്ചാട്ടം
ബസ്സിലിരുന്നുറക്കത്തെ
തൂക്കണാംകുരുവിക്കൂടായ്
വരയ്ക്കുന്നു



Sunday, June 30, 2013

തണുപ്പിനോട്

എടോ തണുപ്പേ
താനിങ്ങനെയെന്നും
രാപ്പാതിനേരത്ത്
കടന്നുവന്ന്
ക്രൂരനായ വന്യമൃഗം
തേറ്റയാലെന്നപോലെ
മുരണ്ടുകൊണ്ടെന്റെ
പുറത്താകുന്ന ശരീരത്തെ
കുത്തിമറിക്കുകയാണ്

ഞാനപ്പോള്‍
സൂചിത്തലപ്പിനേക്കാള്‍
സൂക്ഷ്മമായ നിന്റെ മൂര്‍ച്ചയില്‍
നിന്നു രക്ഷപ്പെടാന്‍
പുതപ്പിനുള്ളിലേക്കു
ചുരുണ്ടുകൂടുകയാണ്

എന്നാലും
അസ്വസ്ഥപ്പെടുത്തുന്ന
സുഖാലസ്യത്തിന്റെ ചൂടില്‍നിന്ന്
ഇടയ്ക്കിടയ്ക്ക്
നിന്റെ തേറ്റയിലേക്കെന്റെ
പുതപ്പു ഞാന്‍ മാറ്റുന്നുണ്ട്
മരണത്തിന്റെ നാക്കിലേക്ക്
നീട്ടുന്ന ഉഷ്ണശരീരങ്ങള്‍പോലെ!

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP