ബീവറേജിനു മുന്നില്
നീണ്ട ക്യൂവിനുപിന്നില്
നില്ക്കുമൊരാളുടെ വിചാരത്തില്
താനേറ്റവും പിന്നിലാണല്ലോ
എന്ന തോന്നലൊരു കുമിളയായുയര്ന്നു
അത് തൊട്ടുപിന്നില് വന്നുനിന്ന
മറ്റൊരാളിലേക്കു പൊട്ടിയത്
അന്നേരം ഭൂമിയിലെവിടെയോ ഒരിടത്ത്
ഏറ്റവുമവസാനം ജനിച്ച
ഒരു കുഞ്ഞിന്റെ കരച്ചിലിനൊപ്പമാണ്
ഒന്നില് നിന്നു തൊട്ടുപിന്നില് വന്ന
മറ്റൊന്നിലേക്കു പൊട്ടുകയുമതില് നിന്നു
പിന്നെയും പൊള്ളയ്ക്കുകയും ചെയ്യുന്ന
കോടാനുകോടി കുമിളകളാല്
ചകിതമാക്കപ്പെട്ട ഭൂമി
ഒന്നും സംഭവിക്കാത്തതുപോലെ
നൂറുനൂറായിരം വൈചിത്ര്യങ്ങളുടെ
ആവരണത്താല് ചുറ്റപ്പെട്ട ഭൂമി
അതാ ഏറ്റവുമവസാനം ജീവനുവേണ്ടി പിടയുമൊന്നിന്റെ
മരണത്തിന് കാതോര്ക്കുന്നു
അദൃശ്യമായ നൂറുനൂറായിരം
കാതുകള്
കൂണുകള്പോലെ മുളച്ചുകൊണ്ടിരിക്കുന്നു
തൊട്ടടുത്ത നിമിഷം
തൊട്ടടുത്ത നിമിഷത്തില്
വീണുപൊട്ടുന്ന
കുമിളകള്ക്കിടയിലൂടെ, കിതച്ചു
പോവുകയാണോരോ നിമിഷവും
ഏറ്റവുമവസാനത്തെ
ഈ കവിതയിലും
പൊന്തിവന്നൊരു കുമിളയുണ്ട്
മറ്റൊരുകവിതയില്
അതിപ്പോള് പൊട്ടിയിട്ടുണ്ടാവാം
അതെഴുതിയത് നിങ്ങളായിരിക്കാം.
ഒറ്റയ്ക്കാവുമ്പോൾ
2 weeks ago