Saturday, June 20, 2020

നിലപാടുള്ള ആളാണ് സാർ

ഏത് കരിയടുപ്പിലും കയ്യിട്ട് വാരും സാർ 
കാല് കഴുകി വെള്ളം കുടിച്ചാണെങ്കിലും 
കാര്യം സാധിയ്ക്കും സാർ 
കൂടെയുള്ളവൻ ചവിട്ടി നിൽക്കുന്ന 
മണ്ണ് മാന്തും സാർ 
ഇരിയ്ക്കുന്ന കൊമ്പു മുറിയ്ക്കാൻ 
ഒരു മടിയുമില്ല സാർ 
മുറിയ്ക്കുന്നവർക്കുള്ള 
വാക്കത്തിയുണ്ടാക്കിക്കൊടുക്കുന്ന 
ഹോൾസെയിലുണ്ട്  സാർ 
കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന 
ജന്മവാസനയുണ്ട് സാർ 
ചങ്കൂറ്റത്തിന് 
ഒരു കുറവുമില്ല സാർ 
ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയാൻ 
ഒരു അറപ്പുമില്ല സാർ 
ഏത് കള്ളവും ന്യായീകരിക്കും സാർ 
ഏത് തെമ്മാടിത്തരത്തിനും 
കൂട്ട് നിൽക്കും സാർ 
ചോറ് തിന്നുന്നവനെ 
കണ്ടാലറിയില്ലെന്ന മട്ടിൽ 
പെരുമാറാനറിയാം സാർ 
ചില്ലറയായും മൊത്തമായും 
കാല് വാരും സാർ 
ആരുടെ കണ്ണിലും പൊടിയിടാനുള്ള 
കുറുക്കുവിദ്യയറിയാം സാർ 
എന്നാലും നാണമില്ലാതെ 
മുഖത്ത് നോക്കി ചിരിയ്ക്കും സാർ 

നിലപാടുകളുള്ള 
ആളാണ് സാർ

പ്രാണരക്ഷാർഥം

മണ്ണിൽ
മുട്ടുകുത്തി
കുനിഞ്ഞിരുന്ന്
ഇന്നലെ പെയ്ത
മഴയുടെ ഇലകൾക്കിടയിലിരിക്കും
സൂക്ഷ്മജീവിതം
ക്യാമറയിൽ 
പകർത്തുകയായിരുന്നു

ഭീമാകാരനായ ഒരു ജന്തു
തന്നെ പകർത്തുന്നത്
ഭയത്താൽ  
പകർത്തുകയായിരുന്നു
അതും

ഒട്ടും സങ്കോചമില്ലാതെ
സമയം കടന്നു പോയിക്കൊണ്ടിരുന്നു

പതുക്കെയെങ്കിലും
മരണത്തിന്റെ തോന്നലിൽ നിന്ന്
ഇഴഞ്ഞകന്നു പോകാൻ
അതിനു കഴിഞ്ഞിരിക്കാം

എത്ര കിണഞ്ഞിട്ടും
ആ തോന്നലിൽ നിന്ന്
ഇഴഞ്ഞു പോകാനാവാതെ
അവിടെത്തന്നെ
മുട്ടുകുത്തിയിരുന്ന്
വേരുപിടിക്കുകയായിരുന്നു ഞാൻ!

പി എ അനിഷ് അശോകൻ

വിത്ത്

മുളയ്ക്കും 
എന്ന വിശ്വാസത്തിൽ
ഈ പാറക്കൂട്ടങ്ങൾക്കു മുകളിൽ
ഒരുവൻ വിത്തെറിഞ്ഞു പോകുന്നു

മുളപ്പിക്കും 
എന്ന ഉറപ്പിൽ
ഒരു മഴയപ്പോൾ
കാറ്റിനോടിണചേർന്ന്
പാറയും വിത്തും
ചുറ്റുപാടും
നനച്ചിട്ടു പോകുന്നു

മുളയ്ക്കണം 
എന്നു ചുംബിച്ച്
പാറക്കൂട്ടങ്ങൾക്കപ്പുറത്തെ മരങ്ങൾ
ഇലകളതിനടുത്തേക്ക്
അടർത്തിയടർത്തിയിടുന്നു

മുളച്ചിരിയ്ക്കുമെന്നാത്മവിശ്വാസം പകർന്ന്
നിശ്ശബ്ദത
കോടമഞ്ഞു കൊണ്ടതിനെ
പുതപ്പിക്കുന്നു

ഈർപ്പവും
വിശ്വാസങ്ങളുമുണങ്ങിപ്പോയൊരു 
രാത്രിയിൽ
മുള പൊട്ടിയ വിത്ത്
ആരുടെയൊക്കെയോ ഹൃദയങ്ങളിൽ
ചെടിയായി വളർന്നു
മരമായി പടർന്നു
കഷണ്ടിത്തലയെന്ന പോലെ
മരങ്ങൾക്കു നടുക്ക്
പൊള്ളിക്കിടന്ന
അവിശ്വാസത്തിന്റെ 
കരിമ്പാറക്കൂട്ടങ്ങളെ
മുറ്റിത്തഴച്ചൊരു ചിരിയാൽ 
മൂടിവെച്ചു

പി എ അനിഷ് അശോകൻ

തൊട്ടു മുൻപ്

കൊല്ലാൻ
കൈ എടുക്കുന്ന സമയം കൊണ്ട്
ആ കൊതുകിന്
പറന്നു രക്ഷപ്പെടാമായിരുന്നു
അല്ലെങ്കിൽ
വീശാനുള്ള തയ്യാറെടുപ്പിനു തൊട്ടു മുൻപ്
അതുമല്ലെങ്കിൽ
കൊടുങ്കാറ്റിൽ ചുറ്റിപ്പിണഞ്ഞ് 
കടപുഴകിയ
മരം പോലെ
ആഞ്ഞുപതിക്കുന്നത്
കാണുന്ന ആ നിമിഷം
എന്നിട്ടും
അത് ചെയ്തില്ല
മരണം
സ്വാഭാവികമായി
അതിന്റെയുടൽ
ചോരയിലരച്ച് 
തുടച്ചു കളഞ്ഞു 

രക്ഷപ്പെടണമെന്ന്
ഒട്ടുമാഗ്രഹിക്കാതെ
ചിലപ്പോൾ നാം കയറി നിൽക്കുന്ന ശൂന്യത
അരഞ്ഞു പോവുന്നതിനു
തൊട്ടു മുൻപ്
ചില കണ്ണുകളിൽ
വായിച്ചെടുക്കാം

പി എ അനിഷ് അശോകൻ

ജൂൺമഴ

സ്കൂളിലേക്കുപോം കുഞ്ഞു
മക്കളെക്കാണാഞ്ഞിട്ടോ 
ജൂൺമഴ, മേഘാവൃത 
മാകാശത്തലയുന്നു ?

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP