സെക്കന്റ് ഷോ
കഴിഞ്ഞ ഇരുട്ടില്‍
വീടിനടുത്തുളള വളവില്‍ വെച്ച്
മതിലിനു പിന്നില്‍ നിന്നും
പൊന്തക്കാട്ടില്‍ നിന്നും
മരക്കൊമ്പില്‍ നിന്നെല്ലാം
ചാടി വീണു
കുറേ വാളുകള്‍
ഭാര്യ പ്രസവിച്ചു കിടക്കുകയാണ്
അമ്മയ്ക്ക്
മരുന്നു വാങ്ങണം
പറഞ്ഞതിന്റെ
പാതിയെങ്കിലും കൊടുത്ത്
പെങ്ങളേം കുട്ടികളേം
തിരിച്ചു കൊണ്ടാക്കണം
എന്നൊക്കെ
പറയണമെന്നുണ്ടായിരുന്നു
കൂലിപ്പണി ചെയ്ത്
ജീവിച്ചോളാമെന്നും
ഇതൊക്കെത്തന്നെയാവില്ലേ
തെരുവോരത്തു വച്ചും
വിജനമായ
റോഡില്‍ വച്ചും
കുളക്കടവില്‍ വച്ചുമെല്ലാം
വെട്ടുകൊണ്ട്
നിലവിളിയുടെ ഭാഷയില്‍
അവരെല്ലാം
പറയാന്‍ തുനിഞ്ഞതും?