Tuesday, November 10, 2009

ഇല/പുഴു എന്നിങ്ങനെ

പുഴു തന്നെ തിന്നാന്‍ വരുമ്പോ
ഴെന്തുകൊണ്ടിലകള്‍
പുഴുവിനെത്തിന്നുന്നില്ല...?

കണ്ടില്ലേ
ഞെട്ടോടെ പറിച്ചെടുത്ത്
കുട്ടികളിങ്ങനെ
കണ്ണും
വായും
തുളച്ച്
മുഖംമൂടി വച്ച്
ഓടിക്കളിക്കുന്നത്

തന്നെ തിന്നാന്‍ വന്ന
ഒരു പുഴുവിനെയെങ്കിലും
തിന്നിരുന്നെങ്കില്‍
കുട്ടികളിങ്ങനെ
ചെയ്യുമായിരുന്നോ !

Sunday, November 1, 2009

വേലുമ്മാന്‍

അമ്മവീടിനടുത്താണ്
വേലുമ്മാന്റെ വീട്

ആകാശം തൊടുന്ന കുന്നുമ്പുറത്ത്
കാറ്റുപോലും വാലുചുരുട്ടി കടന്നുപോണ
തെങ്ങുവരമ്പു കടന്ന്
കൈതവളപ്പു മുറിച്ച്
കല്ലുവെട്ടു വഴിയിലൂടെ
കുന്നുകയറി വിയര്‍ക്കുമ്പോഴേക്കും
നരച്ചു കുമ്പളങ്ങയായൊരു തല
ചിരിച്ചോണ്ട് വരണകാണാം

മുറ്റത്ത് പാട്ടുപാടണ പഴഞ്ചന്‍ മരബഞ്ചിലിരുന്ന്
കട്ടന്‍കാപ്പി തിളച്ച് ചുറ്റും നോക്കുമ്പോള്‍
ഉമ്മറത്തിണ്ടില്‍
നിര്‍വികാരത ചൂണ്ടി ചാരിവെച്ചൊരു തോക്ക്

കാറ്റിട്ടു തന്ന കുത്തിക്കുടിയന്‍ മാമ്പഴമായ്
അവധിക്കാലം കടിച്ചീമ്പിക്കുടിച്ച
കുട്ടിക്കാലത്ത് വരച്ചതാണ്
വെടിയേറ്റ കൊറ്റിയോ കാട്ടുമുയലോ തൂക്കിപ്പിടിച്ച്
കുന്നിറങ്ങി വരുന്നൊരു രൂപം

കുറേ കേട്ടിട്ടുണ്ട്
പഴങ്കഥകള്‍ മൂടിപ്പുതച്ച്
രാത്രിയുറങ്ങാന്‍ കിടക്കുമ്പോള്‍

വെടിയേറ്റ കാട്ടുപന്നി
തേറ്റകൊണ്ടു പിളര്‍ന്ന
വയറു പൊത്തിക്കെട്ടി
രാത്രികടന്ന് ആശുപത്രിയിലെത്തിയപ്പോഴേക്കും
മിണ്ടാതെ മരവിച്ച ശരീരം
(ഇപ്പോഴും കാണാം
മണ്ണിട്ടു തൂര്‍ത്ത കഴായപോലെ
തുന്നിക്കെട്ടിയ പാട്)

രാത്രിവഴിയില്‍
മഞ്ഞുകുതിര്‍ന്ന് വഴുക്കുന്ന വരമ്പിലൂടെ
മുറിബീഡിയെരിഞ്ഞ നാട്ടുവെളിച്ചത്തില്‍
കരയ്ക്കുപിടിച്ചിട്ട വരാലിന്റെ വഴുപ്പുപോലെ
കാലിനടിയില്‍ പുളഞ്ഞ് കണങ്കാലില്‍ ദംശിച്ചപ്പോള്‍
തിരഞ്ഞുപിടിച്ച്,
തിരിച്ചു കടിച്ചത്

ഇന്ന്
പുല്‍പ്പായില്‍ തലമൂടിക്കിടന്ന്
ചുറ്റും കൂടിനിന്ന നിശ്ശബ്ദതയുടെ മുഖത്തേക്ക്
നീട്ടിത്തുപ്പിയ വെറ്റിലക്കറയില്‍
സൂര്യനാറിയ നേരത്ത്
ഒരുകൂട്ടം കാട്ടുമുയലുകള്‍
തൊടിയിലൂടെ
തുളളിച്ചാടി പോകുന്നതു കണ്ടു.

Sunday, October 25, 2009

വാസ്തവത്തില്‍ ...

മുഴങ്ങുന്നൊരു
ശബ്ദമുണ്ടായിട്ടും
ഉരച്ചുരച്ച്
മിനുസപ്പെടുത്തി
കൊണ്ടു നടക്കുന്നു

പ്രതികരിച്ച്
വെട്ടിവീഴ്ത്തേണ്ട
സന്ദര്‍ഭങ്ങളെല്ലാം
തൊണ്ടയിലുടക്കി
അണപ്പല്ലുകൊണ്ട്
കടിച്ചമര്‍ത്തി ചിരിക്കുന്നു

തീപാറുന്ന വാക്കുകളാല്‍
ആവിഷ്കരിക്കാമായിരുന്ന പലതും
വെളളമൊഴിച്ചു കെടുത്തി
കരിക്കട്ട പോലെ
പൂഴ്ത്തിവച്ച് വെളിപ്പെടുത്തുന്നു

ഇങ്ങനെ നടന്ന്
താടിവളര്‍ന്ന പലരും
ഇന്നുന്നതസ്ഥാനങ്ങളില്‍
തണലേറ്റിരിക്കുന്നതു കണ്ട്
കണ്ണു കുളിര്‍ത്തിരുന്നു.

Saturday, October 24, 2009

ഒരൊറ്റ...

എല്ലാം പൂത്തുകൊഴിഞ്ഞാലും
വീഴാത്തൊരു പൂവേണമെന്ന
വിചാരമുണ്ടായിരുന്നു ചെടിയ്ക്ക്

ഓരോ തവണ പൂക്കുമ്പോഴു
മൊരുപൂ വിടര്‍ത്താനുളളതെന്തോ
അത് മാറ്റിവച്ചു കൊണ്ടിരുന്നു
ചെടിയുടെ ഉളളിലത്
കനത്തുകൊണ്ടിരുന്നു

പലതവണ
പൂത്തതെല്ലാം
പലപ്പോഴായി കൊഴിഞ്ഞൊഴിഞ്ഞ
ശൂന്യത നോക്കി
ഒടിവിലൊരൊറ്റപ്പെയ്ത്ത്

കൊഴിഞ്ഞില്ല
ആ പൂവൊരിയ്ക്കലുമതിനാല്‍
ചെടി പിന്നെ പൂത്തില്ല

ആ ചെടിയിപ്പോള്‍
ആകാശത്തോളമായി
കൊഴിയാത്ത പൂവതില്‍
ചന്ദ്രനോളവും.

ഊണ്

ല്ലൊരൂണു കഴിച്ചിട്ട്
നാളെത്രയായെന്ന്
ഇലയിട്ടിരുന്നു മടുത്ത റോഡ്
പറയുന്നതു കേട്ട്
പകലിന്നൊരു സദ്യയൊരുക്കി
നല്ല നനുത്ത
തുമ്പപ്പൂച്ചോറു കൊണ്ട്

Saturday, October 17, 2009

പഴുതാര

രാത്രി
ഇടവഴികടന്ന്‌
മുറ്റമരിച്ച്‌
വീടിനുളളിലേക്കുകടന്നു

പുസ്തകക്കാടിനുളളിൽ
കൊഴിഞ്ഞുവീണ കരിയിലകൾക്കിടയിലൂടെ
പരതി നടന്നു

ഒടുവിൽ
എഴുതി മുഴുമിക്കാത്തൊരു
കവിതയിലേക്ക്‌ അരിച്ചുകയറി
പാതിവെന്തൊരു വാക്കിനുമുകളിൽ
തളർന്നു കിടപ്പായി

പിന്നെപ്പോഴോ
തിരിച്ചുകിട്ടിയ ഒഴുക്കിൽ
തിരുത്തിയെഴുതുമ്പോൾ
അവസാനത്തെവാക്കിൽ
ഉണങ്ങിപ്പിടിച്ചൊരു
പഴുതാരയുടെ ജഡം

ഉറുമ്പ്‌ തിന്ന
വെറുമൊരു തൊണ്ട്‌

നൂറുകാലുകൾ കൊണ്ട്‌
അമ്മ കുഞ്ഞിനെയെന്ന പോലെ
അതെന്റെ വാക്കിനെ
ഇറുക്കിപ്പിടിച്ചിരുന്നു.

Sunday, September 27, 2009

പുതുക്കം

പുതുക്കിപ്പണിഞ്ഞുകൊണ്ടിരുന്നു
ഈ വീടിന്റെ ചുമരുകള്‍
ഞാനെന്റെ ഭാഷകൊണ്ട്

ഈ വീടിന്റെ ജനാലകള്‍
വാതിലുകള്‍
ഉമ്മറം
നിന്നുമടുത്ത് ദ്രവിച്ച
കട്ടിളകള്‍

എന്നാല്‍
പുതുക്കാന്‍ മറന്നു പോയിരുന്നു
അകത്തെ കരിങ്കല്ലിന്റെ തണുപ്പ്
മേല്‍ത്തട്ടിനുളളില്‍
കൂട്ടികെട്ടിയ
ഇരുമ്പുകഷണങ്ങള്‍

വീടിങ്ങനെ
മേല്‍ക്കൂരയ്ക്കു കീഴെ
മക്കളെല്ലാം കൂടൊഴിഞ്ഞ നിശ്ശബ്ദത നോക്കി
സിറ്റൗട്ടിലെയിരുട്ടിലിരിക്കുന്ന അച്ഛനാകുന്നത്
അതുകൊണ്ടാകുമോ?

Wednesday, September 16, 2009

മത്സ്യബന്ധനം

കഴായില്‍ നിന്നൊരു കുഞ്ഞു
മീനിനെപ്പിടിച്ച്‌
കുപ്പിയിലിട്ടു

അടിത്തട്ടില്‍
മണലിന്റെ താഴ്‌വരയൊരുക്കിയതില്‍
ഉരുളന്‍ കല്ലുകളിട്ടു
വിശക്കുമെന്നു കരുതി
വറ്റുകളിട്ടു

മണലോ
കല്ലോ
വറ്റോ കാണാതെ
ചില്ലിന്‍ത്തന്നെ
ചുണ്ടുകളമര്‍ത്തിയത്‌
നീന്തിക്കൊണ്ടേയിരുന്നു

നാളെയൊരു ചെടി
നടണമതില്‍
രാത്രിയോര്‍ത്തു കിടന്നു.
വെളുക്കുവോളം
കണ്ടല്‍ച്ചെടികള്‍ക്കിടയിലൂടെ
ചെറുമീനായ്‌ നീന്തിത്തുടിച്ചു

ഇന്നോ
ഭൂമിയോളം
ആകാശത്തോളം
ഇടമുണ്ടായിട്ടും
ചില്ലുകുപ്പിയില്‍ത്തന്നെ
കുരുങ്ങിക്കിടക്കുന്നു,
ശ്വാസംമുട്ടി-
ത്തീരുവോളം.

Tuesday, September 1, 2009

പുഴയിലേക്ക് മത്സ്യങ്ങള്‍ വരുന്നത്



വിടത്തെ
ജീവിതത്തെക്കുറിച്ചു പറഞ്ഞാ
ലൊരു പക്ഷേ,
നിനക്കു ചിരിവരും

നിനക്കു നഗരമല്ലേ അറിയൂ
വെളുപ്പിനേ തിരക്കാവുന്ന
വെയില്‍ത്തിരയിലേക്ക്
നീയൊരു മത്സ്യമായ് കാണാതാവും

പൊടിപടര്‍ന്ന
ഇലകളുളള മരച്ചുവടുകളിലിട്ട
സിമന്റുകസേരകളിലെ
വൈകുന്നേരങ്ങള്‍ ,
രാത്രിയ്ക്കും പകലിനുമിടയിലെ
ചില നേരങ്ങളില്‍ മാത്രം
സ്നേഹമോര്‍ക്കുന്നവര്‍ ,
കുമിളകള്‍കൊണ്ട്
പൊതിഞ്ഞ ജീവിതങ്ങള്‍
മാത്രമുളള രാപ്പാറ്റകളെ
പ്പോലുളളവര്‍

ഇവിടത്തെ
ജീവിതത്തെക്കുറിച്ചറിഞ്ഞാ
ലുറപ്പാണ്
നിനക്കു ചിരിവരും

പാവല്‍പ്പന്തലുകളും
പൂവരുന്നതും
കായ് പൊടിക്കുന്നതും കാത്തിരുന്ന
കണ്ണുകളുമാണിവിടെ

മലകള്‍ക്കു മുകളിലേക്ക്
മഞ്ഞുപക്ഷികള്‍ പറക്കുന്ന
തിവിടെ നിന്നാല്‍ കാണാം
അവയേതു കൊമ്പില്‍
ചേക്കേറുമെന്നോര്‍ത്ത്
ഇടവഴിയില്‍ നില്‍ക്കുന്ന
മുളങ്കുറ്റികള്‍

മുന്‍പ്
നെല്‍പ്പാടങ്ങളായിരുന്നവിട
മെല്ലാമിപ്പോള്‍
റബ്ബറോ കുരുമുളകോ
ആയി എന്നുമാത്രം

ഇടയില്‍
ചില വീടുകളിരിക്കാന്‍ തുടങ്ങിയിട്ടുണ്ട്
പേടി തോന്നുന്ന
വലിയ വലിയ അറകളുളളവ,
രണ്ടുപേരോ മറ്റോ
താമസിക്കുന്നുണ്ടാവുമതില്‍

എങ്കിലും നീ ചിരിക്കും
മൊബൈല്‍ ടവറുകളും
ടി.വിയും പേചാനലുകളുമുണ്ടെന്നിരിയ്ക്കിലും*
ഇങ്ങനെയൊരിടത്ത്
എങ്ങനെയാണ്
താമസിക്കുകയെന്നോര്‍ത്ത്

എന്നാല്‍ ശരിക്കും
ഞാനത്ഭുതപ്പെട്ടു പോവുകയാണ്
നീ ചിരിച്ചില്ലെന്നതിനെ
ക്കുറിച്ചോര്‍ത്തല്ല
ഇനി മടങ്ങിപ്പോകുന്നില്ലെന്നു
നീ പറഞ്ഞപ്പോള്‍ .

അതുകേട്ടൊരുപക്ഷേ
ഞാന്‍ ചിരിച്ചിരിക്കാം
പുഴയിലേക്ക് മീനുകള്‍
വരുന്നതെങ്ങനെയെന്നു ചോദിക്കുന്ന
നിന്റെ കൗതുകത്തിലേക്ക്
ഊര്‍ന്നു വീഴുവോളം !

(പുതുകവിത ഓണപ്പതിപ്പ് )

എളുപ്പവഴി



സ്കൂളിലേയ്ക്കൊ
രെളുപ്പവഴിയുണ്ടായിരുന്നു.

വഴിവക്കിലെ
മരപ്പൊത്തില്‍
മുട്ടകള്‍ വിരിഞ്ഞുവോ
എന്നു നോക്കിയും
വരമ്പിനോരത്തെ
ആമ്പല്‍ക്കുളത്തില്‍
വിരിഞ്ഞപൂവിന്റെ വെളളയിലിരുന്നും
വേലിയിലെ തുമ്പിയുടെ
വീട്ടിലേയ്ക്കുളള വഴി ചോദിച്ചും
കാത്തിരു,ന്നൊരു മേഘത്തെ
കല്ലെറിഞ്ഞു വീഴ്ത്തി
ഉപ്പുകൂട്ടിത്തിന്നും
ചേമ്പിലക്കുമ്പിളില്‍
മഴവെളളം നിറച്ചതിലൊരു
കുഞ്ഞുമീനിനെപ്പിടിച്ചിട്ടും
കാറ്റിനോടൊക്കെ
ഉത്തരമില്ലാത്ത കടങ്കഥപറഞ്ഞും
നേരം വൈകുമ്പോഴൊക്കെ
ഈയെളുപ്പവഴിയിലൂടെ
ബെല്ലടിയ്ക്കുമ്പോഴേക്കും
സ്കൂളിലെത്തിയിരുന്നു

ആര്‍ക്കുമറിയാത്തൊരീയെളുപ്പവഴി
തുറന്നിട്ടൊരാകാശമായിരുന്നു
അതിലൂടെ
പുഴയിലെത്തിയ പരല്‍മീനായ് മാറിയിരുന്നു
അപ്പോഴേക്കും
സ്കൂളില്‍ നിന്നുമവസാന
ബെല്ലുമടിച്ചിരുന്നു

പിന്നെയെളുപ്പവഴികള്‍
ജീവിതത്തിലേക്കും
തുറന്നിട്ട വലിപ്പുകളായി
ഇടുങ്ങിയ തെരുവ്
കൗതുകങ്ങളൊളിപ്പിച്ചില്ലെങ്കിലും
കാട്ടുപൊന്തകളായി
ബസ്റ്റാന്റിലേക്കും
റെയില്‍വേസ്റ്റേഷനിലേക്കും
ഇടവഴിയൊരുക്കി

എന്നിട്ടും
ജീവിതത്തില്‍ നിന്നൊരെളുപ്പവഴി
മരണത്തിലേയ്ക്കുണ്ടെന്നറിഞ്ഞിട്ടും
നേര്‍വഴിയിലൂടെ മാത്രം
നടക്കുകയാണിന്നും.

( ബ്ലോത്രം ഓണപ്പതിപ്പ് )

  © Blogger template Palm by Ourblogtemplates.com 2008

Back to TOP