Friday, December 25, 2009

കളഞ്ഞു പോകുന്ന നാണയങ്ങള്‍

വേദിയില്‍ പറയുന്നത്
ഹാളിനു പുറത്തു കേള്‍ക്കില്ല

സദസ്സിലിടയ്ക്കു
കൂട്ടച്ചിരി മുഴങ്ങുന്നുണ്ട്
കൈയ്യടി മുറുകുന്നുണ്ട്
ഞങ്ങള്‍ ഹാളിനു പുറത്താണ്
ഉറക്കെച്ചിരിക്കുന്നുണ്ട്
കൈയ്യടിക്കുന്നുമുണ്ട്

ഹാളിനു പുറത്തുനിന്ന്
കൂട്ടച്ചിരി ചിരിക്കുന്നവരെ
പിരിച്ചു വിട്ടിരിക്കുന്നു
എന്നായിരിക്കും വേദിയില്‍ പറഞ്ഞത്
എന്നോര്‍ത്തപ്പോള്‍
പൊടുന്നനെ
എന്റെ ചിരി
കളഞ്ഞു പോയ നാണയമായി

Tuesday, November 10, 2009

ഇല/പുഴു എന്നിങ്ങനെ

പുഴു തന്നെ തിന്നാന്‍ വരുമ്പോ
ഴെന്തുകൊണ്ടിലകള്‍
പുഴുവിനെത്തിന്നുന്നില്ല...?

കണ്ടില്ലേ
ഞെട്ടോടെ പറിച്ചെടുത്ത്
കുട്ടികളിങ്ങനെ
കണ്ണും
വായും
തുളച്ച്
മുഖംമൂടി വച്ച്
ഓടിക്കളിക്കുന്നത്

തന്നെ തിന്നാന്‍ വന്ന
ഒരു പുഴുവിനെയെങ്കിലും
തിന്നിരുന്നെങ്കില്‍
കുട്ടികളിങ്ങനെ
ചെയ്യുമായിരുന്നോ !

Sunday, November 1, 2009

വേലുമ്മാന്‍

അമ്മവീടിനടുത്താണ്
വേലുമ്മാന്റെ വീട്

ആകാശം തൊടുന്ന കുന്നുമ്പുറത്ത്
കാറ്റുപോലും വാലുചുരുട്ടി കടന്നുപോണ
തെങ്ങുവരമ്പു കടന്ന്
കൈതവളപ്പു മുറിച്ച്
കല്ലുവെട്ടു വഴിയിലൂടെ
കുന്നുകയറി വിയര്‍ക്കുമ്പോഴേക്കും
നരച്ചു കുമ്പളങ്ങയായൊരു തല
ചിരിച്ചോണ്ട് വരണകാണാം

മുറ്റത്ത് പാട്ടുപാടണ പഴഞ്ചന്‍ മരബഞ്ചിലിരുന്ന്
കട്ടന്‍കാപ്പി തിളച്ച് ചുറ്റും നോക്കുമ്പോള്‍
ഉമ്മറത്തിണ്ടില്‍
നിര്‍വികാരത ചൂണ്ടി ചാരിവെച്ചൊരു തോക്ക്

കാറ്റിട്ടു തന്ന കുത്തിക്കുടിയന്‍ മാമ്പഴമായ്
അവധിക്കാലം കടിച്ചീമ്പിക്കുടിച്ച
കുട്ടിക്കാലത്ത് വരച്ചതാണ്
വെടിയേറ്റ കൊറ്റിയോ കാട്ടുമുയലോ തൂക്കിപ്പിടിച്ച്
കുന്നിറങ്ങി വരുന്നൊരു രൂപം

കുറേ കേട്ടിട്ടുണ്ട്
പഴങ്കഥകള്‍ മൂടിപ്പുതച്ച്
രാത്രിയുറങ്ങാന്‍ കിടക്കുമ്പോള്‍

വെടിയേറ്റ കാട്ടുപന്നി
തേറ്റകൊണ്ടു പിളര്‍ന്ന
വയറു പൊത്തിക്കെട്ടി
രാത്രികടന്ന് ആശുപത്രിയിലെത്തിയപ്പോഴേക്കും
മിണ്ടാതെ മരവിച്ച ശരീരം
(ഇപ്പോഴും കാണാം
മണ്ണിട്ടു തൂര്‍ത്ത കഴായപോലെ
തുന്നിക്കെട്ടിയ പാട്)

രാത്രിവഴിയില്‍
മഞ്ഞുകുതിര്‍ന്ന് വഴുക്കുന്ന വരമ്പിലൂടെ
മുറിബീഡിയെരിഞ്ഞ നാട്ടുവെളിച്ചത്തില്‍
കരയ്ക്കുപിടിച്ചിട്ട വരാലിന്റെ വഴുപ്പുപോലെ
കാലിനടിയില്‍ പുളഞ്ഞ് കണങ്കാലില്‍ ദംശിച്ചപ്പോള്‍
തിരഞ്ഞുപിടിച്ച്,
തിരിച്ചു കടിച്ചത്

ഇന്ന്
പുല്‍പ്പായില്‍ തലമൂടിക്കിടന്ന്
ചുറ്റും കൂടിനിന്ന നിശ്ശബ്ദതയുടെ മുഖത്തേക്ക്
നീട്ടിത്തുപ്പിയ വെറ്റിലക്കറയില്‍
സൂര്യനാറിയ നേരത്ത്
ഒരുകൂട്ടം കാട്ടുമുയലുകള്‍
തൊടിയിലൂടെ
തുളളിച്ചാടി പോകുന്നതു കണ്ടു.

Sunday, October 25, 2009

വാസ്തവത്തില്‍ ...

മുഴങ്ങുന്നൊരു
ശബ്ദമുണ്ടായിട്ടും
ഉരച്ചുരച്ച്
മിനുസപ്പെടുത്തി
കൊണ്ടു നടക്കുന്നു

പ്രതികരിച്ച്
വെട്ടിവീഴ്ത്തേണ്ട
സന്ദര്‍ഭങ്ങളെല്ലാം
തൊണ്ടയിലുടക്കി
അണപ്പല്ലുകൊണ്ട്
കടിച്ചമര്‍ത്തി ചിരിക്കുന്നു

തീപാറുന്ന വാക്കുകളാല്‍
ആവിഷ്കരിക്കാമായിരുന്ന പലതും
വെളളമൊഴിച്ചു കെടുത്തി
കരിക്കട്ട പോലെ
പൂഴ്ത്തിവച്ച് വെളിപ്പെടുത്തുന്നു

ഇങ്ങനെ നടന്ന്
താടിവളര്‍ന്ന പലരും
ഇന്നുന്നതസ്ഥാനങ്ങളില്‍
തണലേറ്റിരിക്കുന്നതു കണ്ട്
കണ്ണു കുളിര്‍ത്തിരുന്നു.

Saturday, October 24, 2009

ഒരൊറ്റ...

എല്ലാം പൂത്തുകൊഴിഞ്ഞാലും
വീഴാത്തൊരു പൂവേണമെന്ന
വിചാരമുണ്ടായിരുന്നു ചെടിയ്ക്ക്

ഓരോ തവണ പൂക്കുമ്പോഴു
മൊരുപൂ വിടര്‍ത്താനുളളതെന്തോ
അത് മാറ്റിവച്ചു കൊണ്ടിരുന്നു
ചെടിയുടെ ഉളളിലത്
കനത്തുകൊണ്ടിരുന്നു

പലതവണ
പൂത്തതെല്ലാം
പലപ്പോഴായി കൊഴിഞ്ഞൊഴിഞ്ഞ
ശൂന്യത നോക്കി
ഒടിവിലൊരൊറ്റപ്പെയ്ത്ത്

കൊഴിഞ്ഞില്ല
ആ പൂവൊരിയ്ക്കലുമതിനാല്‍
ചെടി പിന്നെ പൂത്തില്ല

ആ ചെടിയിപ്പോള്‍
ആകാശത്തോളമായി
കൊഴിയാത്ത പൂവതില്‍
ചന്ദ്രനോളവും.

ഊണ്

ല്ലൊരൂണു കഴിച്ചിട്ട്
നാളെത്രയായെന്ന്
ഇലയിട്ടിരുന്നു മടുത്ത റോഡ്
പറയുന്നതു കേട്ട്
പകലിന്നൊരു സദ്യയൊരുക്കി
നല്ല നനുത്ത
തുമ്പപ്പൂച്ചോറു കൊണ്ട്

Saturday, October 17, 2009

പഴുതാര

രാത്രി
ഇടവഴികടന്ന്‌
മുറ്റമരിച്ച്‌
വീടിനുളളിലേക്കുകടന്നു

പുസ്തകക്കാടിനുളളിൽ
കൊഴിഞ്ഞുവീണ കരിയിലകൾക്കിടയിലൂടെ
പരതി നടന്നു

ഒടുവിൽ
എഴുതി മുഴുമിക്കാത്തൊരു
കവിതയിലേക്ക്‌ അരിച്ചുകയറി
പാതിവെന്തൊരു വാക്കിനുമുകളിൽ
തളർന്നു കിടപ്പായി

പിന്നെപ്പോഴോ
തിരിച്ചുകിട്ടിയ ഒഴുക്കിൽ
തിരുത്തിയെഴുതുമ്പോൾ
അവസാനത്തെവാക്കിൽ
ഉണങ്ങിപ്പിടിച്ചൊരു
പഴുതാരയുടെ ജഡം

ഉറുമ്പ്‌ തിന്ന
വെറുമൊരു തൊണ്ട്‌

നൂറുകാലുകൾ കൊണ്ട്‌
അമ്മ കുഞ്ഞിനെയെന്ന പോലെ
അതെന്റെ വാക്കിനെ
ഇറുക്കിപ്പിടിച്ചിരുന്നു.

Sunday, September 27, 2009

പുതുക്കം

പുതുക്കിപ്പണിഞ്ഞുകൊണ്ടിരുന്നു
ഈ വീടിന്റെ ചുമരുകള്‍
ഞാനെന്റെ ഭാഷകൊണ്ട്

ഈ വീടിന്റെ ജനാലകള്‍
വാതിലുകള്‍
ഉമ്മറം
നിന്നുമടുത്ത് ദ്രവിച്ച
കട്ടിളകള്‍

എന്നാല്‍
പുതുക്കാന്‍ മറന്നു പോയിരുന്നു
അകത്തെ കരിങ്കല്ലിന്റെ തണുപ്പ്
മേല്‍ത്തട്ടിനുളളില്‍
കൂട്ടികെട്ടിയ
ഇരുമ്പുകഷണങ്ങള്‍

വീടിങ്ങനെ
മേല്‍ക്കൂരയ്ക്കു കീഴെ
മക്കളെല്ലാം കൂടൊഴിഞ്ഞ നിശ്ശബ്ദത നോക്കി
സിറ്റൗട്ടിലെയിരുട്ടിലിരിക്കുന്ന അച്ഛനാകുന്നത്
അതുകൊണ്ടാകുമോ?

Wednesday, September 16, 2009

മത്സ്യബന്ധനം

കഴായില്‍ നിന്നൊരു കുഞ്ഞു
മീനിനെപ്പിടിച്ച്‌
കുപ്പിയിലിട്ടു

അടിത്തട്ടില്‍
മണലിന്റെ താഴ്‌വരയൊരുക്കിയതില്‍
ഉരുളന്‍ കല്ലുകളിട്ടു
വിശക്കുമെന്നു കരുതി
വറ്റുകളിട്ടു

മണലോ
കല്ലോ
വറ്റോ കാണാതെ
ചില്ലിന്‍ത്തന്നെ
ചുണ്ടുകളമര്‍ത്തിയത്‌
നീന്തിക്കൊണ്ടേയിരുന്നു

നാളെയൊരു ചെടി
നടണമതില്‍
രാത്രിയോര്‍ത്തു കിടന്നു.
വെളുക്കുവോളം
കണ്ടല്‍ച്ചെടികള്‍ക്കിടയിലൂടെ
ചെറുമീനായ്‌ നീന്തിത്തുടിച്ചു

ഇന്നോ
ഭൂമിയോളം
ആകാശത്തോളം
ഇടമുണ്ടായിട്ടും
ചില്ലുകുപ്പിയില്‍ത്തന്നെ
കുരുങ്ങിക്കിടക്കുന്നു,
ശ്വാസംമുട്ടി-
ത്തീരുവോളം.

Wednesday, September 2, 2009

പുഴയിലേക്ക് മത്സ്യങ്ങള്‍ വരുന്നത്വിടത്തെ
ജീവിതത്തെക്കുറിച്ചു പറഞ്ഞാ
ലൊരു പക്ഷേ,
നിനക്കു ചിരിവരും

നിനക്കു നഗരമല്ലേ അറിയൂ
വെളുപ്പിനേ തിരക്കാവുന്ന
വെയില്‍ത്തിരയിലേക്ക്
നീയൊരു മത്സ്യമായ് കാണാതാവും

പൊടിപടര്‍ന്ന
ഇലകളുളള മരച്ചുവടുകളിലിട്ട
സിമന്റുകസേരകളിലെ
വൈകുന്നേരങ്ങള്‍ ,
രാത്രിയ്ക്കും പകലിനുമിടയിലെ
ചില നേരങ്ങളില്‍ മാത്രം
സ്നേഹമോര്‍ക്കുന്നവര്‍ ,
കുമിളകള്‍കൊണ്ട്
പൊതിഞ്ഞ ജീവിതങ്ങള്‍
മാത്രമുളള രാപ്പാറ്റകളെ
പ്പോലുളളവര്‍

ഇവിടത്തെ
ജീവിതത്തെക്കുറിച്ചറിഞ്ഞാ
ലുറപ്പാണ്
നിനക്കു ചിരിവരും

പാവല്‍പ്പന്തലുകളും
പൂവരുന്നതും
കായ് പൊടിക്കുന്നതും കാത്തിരുന്ന
കണ്ണുകളുമാണിവിടെ

മലകള്‍ക്കു മുകളിലേക്ക്
മഞ്ഞുപക്ഷികള്‍ പറക്കുന്ന
തിവിടെ നിന്നാല്‍ കാണാം
അവയേതു കൊമ്പില്‍
ചേക്കേറുമെന്നോര്‍ത്ത്
ഇടവഴിയില്‍ നില്‍ക്കുന്ന
മുളങ്കുറ്റികള്‍

മുന്‍പ്
നെല്‍പ്പാടങ്ങളായിരുന്നവിട
മെല്ലാമിപ്പോള്‍
റബ്ബറോ കുരുമുളകോ
ആയി എന്നുമാത്രം

ഇടയില്‍
ചില വീടുകളിരിക്കാന്‍ തുടങ്ങിയിട്ടുണ്ട്
പേടി തോന്നുന്ന
വലിയ വലിയ അറകളുളളവ,
രണ്ടുപേരോ മറ്റോ
താമസിക്കുന്നുണ്ടാവുമതില്‍

എങ്കിലും നീ ചിരിക്കും
മൊബൈല്‍ ടവറുകളും
ടി.വിയും പേചാനലുകളുമുണ്ടെന്നിരിയ്ക്കിലും*
ഇങ്ങനെയൊരിടത്ത്
എങ്ങനെയാണ്
താമസിക്കുകയെന്നോര്‍ത്ത്

എന്നാല്‍ ശരിക്കും
ഞാനത്ഭുതപ്പെട്ടു പോവുകയാണ്
നീ ചിരിച്ചില്ലെന്നതിനെ
ക്കുറിച്ചോര്‍ത്തല്ല
ഇനി മടങ്ങിപ്പോകുന്നില്ലെന്നു
നീ പറഞ്ഞപ്പോള്‍ .

അതുകേട്ടൊരുപക്ഷേ
ഞാന്‍ ചിരിച്ചിരിക്കാം
പുഴയിലേക്ക് മീനുകള്‍
വരുന്നതെങ്ങനെയെന്നു ചോദിക്കുന്ന
നിന്റെ കൗതുകത്തിലേക്ക്
ഊര്‍ന്നു വീഴുവോളം !

(പുതുകവിത ഓണപ്പതിപ്പ് )

എളുപ്പവഴിസ്കൂളിലേയ്ക്കൊ
രെളുപ്പവഴിയുണ്ടായിരുന്നു.

വഴിവക്കിലെ
മരപ്പൊത്തില്‍
മുട്ടകള്‍ വിരിഞ്ഞുവോ
എന്നു നോക്കിയും
വരമ്പിനോരത്തെ
ആമ്പല്‍ക്കുളത്തില്‍
വിരിഞ്ഞപൂവിന്റെ വെളളയിലിരുന്നും
വേലിയിലെ തുമ്പിയുടെ
വീട്ടിലേയ്ക്കുളള വഴി ചോദിച്ചും
കാത്തിരു,ന്നൊരു മേഘത്തെ
കല്ലെറിഞ്ഞു വീഴ്ത്തി
ഉപ്പുകൂട്ടിത്തിന്നും
ചേമ്പിലക്കുമ്പിളില്‍
മഴവെളളം നിറച്ചതിലൊരു
കുഞ്ഞുമീനിനെപ്പിടിച്ചിട്ടും
കാറ്റിനോടൊക്കെ
ഉത്തരമില്ലാത്ത കടങ്കഥപറഞ്ഞും
നേരം വൈകുമ്പോഴൊക്കെ
ഈയെളുപ്പവഴിയിലൂടെ
ബെല്ലടിയ്ക്കുമ്പോഴേക്കും
സ്കൂളിലെത്തിയിരുന്നു

ആര്‍ക്കുമറിയാത്തൊരീയെളുപ്പവഴി
തുറന്നിട്ടൊരാകാശമായിരുന്നു
അതിലൂടെ
പുഴയിലെത്തിയ പരല്‍മീനായ് മാറിയിരുന്നു
അപ്പോഴേക്കും
സ്കൂളില്‍ നിന്നുമവസാന
ബെല്ലുമടിച്ചിരുന്നു

പിന്നെയെളുപ്പവഴികള്‍
ജീവിതത്തിലേക്കും
തുറന്നിട്ട വലിപ്പുകളായി
ഇടുങ്ങിയ തെരുവ്
കൗതുകങ്ങളൊളിപ്പിച്ചില്ലെങ്കിലും
കാട്ടുപൊന്തകളായി
ബസ്റ്റാന്റിലേക്കും
റെയില്‍വേസ്റ്റേഷനിലേക്കും
ഇടവഴിയൊരുക്കി

എന്നിട്ടും
ജീവിതത്തില്‍ നിന്നൊരെളുപ്പവഴി
മരണത്തിലേയ്ക്കുണ്ടെന്നറിഞ്ഞിട്ടും
നേര്‍വഴിയിലൂടെ മാത്രം
നടക്കുകയാണിന്നും.

( ബ്ലോത്രം ഓണപ്പതിപ്പ് )

Saturday, August 29, 2009

വഴിയോരക്കാഴ്ച

കുഞ്ഞിത്താറാവുകളെ
റോഡിനരികിലൂടേ
നടത്തിക്കൊണ്ടു പോകുന്നു

നീണ്ട കോലിന്‍തുമ്പില്‍
തൂങ്ങിയാടുന്ന
വെളുത്ത പ്ലാസ്റ്റിക് കവറിന്റെ
താളത്തിനൊപ്പം
അവയങ്ങനെ കൂട്ടമായ് പോകുന്നു

വാഹനങ്ങളുടെ
നിലയ്ക്കാത്ത ഒഴുക്ക്
ഞെട്ടിക്കുന്ന ഹോണ്‍
ബ്രേക്കുര
കുഞ്ഞിത്താറാക്കൂട്ടത്തെ
പേടിപ്പിക്കുന്നു
മരണത്തെ മുഖാമുഖം കാണുന്ന പോലെ
അന്ധാളിപ്പിക്കുന്നു

പിറകില്‍ നിന്നൊരു
കാല്‍ത്തളള്, അവയെ
കൊയ്തെടുത്ത
നെല്‍പ്പാടമോര്‍മിപ്പിക്കുന്നു

കുഞ്ഞിത്താറാക്കൂട്ടം
ഇടയ്ക്കൊരു ത്രികോണമാകുന്നു
വെയിലത്ത് വിളമ്പിയുണ്ണാനിട്ട
നാക്കിലയാകുന്നു, പാതിതിന്ന
പപ്പടമാകുന്നു
എപ്പോഴോ
ആകാശത്തേക്കു വിലപിക്കുന്ന
കണ്ണുകളാകുന്നു

കുഞ്ഞിത്താറാക്കൂട്ടത്തെ
നയിക്കുന്നൊരമ്മത്താറാവായ്
കൊയ്ത്തുകഴിഞ്ഞ ചെളിക്കണ്ടത്തില്‍ നിന്ന്
ഞാനിനിയെപ്പോഴാണാവോ
കയറിവരിക.

നോട്ടം

ബ്ലോക്ക്-
മണിക്കൂറുകള്‍ നീണ്ട്, ബോറടിച്ച്
ബസ്സിനുളളില്‍ നിന്നും
പുറത്തേക്ക് നോക്കുമ്പോള്‍
ടാറും ചരലും
കൂടിക്കിടന്നിടത്തെല്ലാം
ചെടികള്‍ കിളിര്‍ക്കുന്നു
അതിലെല്ലാം
പൂക്കള്‍ വിടരുന്നു

ബ്ലോക്ക് മാറി
ബസ്സ് നീങ്ങിത്തുടങ്ങുമ്പോള്‍
കാഴ്ചയില്‍ നിന്ന്
അകന്നകന്നു പോകുന്നു
ഒരു പൂന്തോട്ടം

Friday, August 28, 2009

രണ്ടു കവിതകള്‍

രക്തസാക്ഷി

കണ്ണിമാങ്ങ പറിക്കാന്‍ കയറി
വീണുകിടന്നവന്റെ
ചുറ്റും
പലനിറക്കൊടി പരന്നു

ഇലകള്‍
അവനുമുകളില്‍
റീത്തുകള്‍ നിരത്തി
ആകാശം
കണ്ണീരിറ്റിച്ചു

ഇന്നവന്‍
കിടന്നയിടത്ത്
ഉയര്‍ത്തിയിരിക്കുന്നു
ഒരു രക്തസാക്ഷിമണ്ഡപം,
കിടന്ന കിടപ്പിന്റെ
അതേ രൂപത്തില്‍

തെറ്റ്

വെയിലിന്
മഴയെ അറിയില്ല
മഴയ്ക്ക് വെയിലിനെയും
എന്ന വിശ്വാസം
തെറ്റായിരുന്നു

അവരുടെ
തിരിച്ചറിവുകളാണല്ലോ
മഴവില്ലായി
തെളിയുന്നത്
ഇങ്ങനെ തെറ്റിപ്പോകുന്ന
വിശ്വാസങ്ങളാണല്ലോ
ജീവിതത്തിന്റെ നൈമിഷികത
നമ്മെ ബോധ്യപ്പെടുത്തുന്നത്

(ബൂലോകകവിത ഓണപ്പതിപ്പ് 2009)

Sunday, August 2, 2009

പ്രായമാകുന്നവരുടെ ശ്രദ്ധയ്ക്ക് ..!

പ്രായമാവുകയാണതിനാല്‍
ആ ബോര്‍ഡ് ശ്രദ്ധിച്ചു
മരങ്ങള്‍ക്കിടയില്‍
ചെറുവീടുകളുടെ ചിത്രങ്ങള്‍
ചുവട്ടില്‍
ആര്‍ക്കും വേണ്ടാതാകുമ്പോള്‍
വിളിക്കാനുളള നമ്പറുകള്‍

പട്ടണത്തില്‍ നിന്നു
വിദൂരത്തൊരിടം.
നല്ല ഭക്ഷണം
ഏതുമതക്കാര്‍ക്കും പ്രാര്‍ഥനാസൗകര്യം
യോഗ
സ്വച്ഛശീതള
വായുസഞ്ചാരമുറികളുറപ്പു പറഞ്ഞിട്ടുണ്ട്

ആദ്യം ബുക്കുചെയ്യുന്നവര്‍ക്ക്
ആനുകൂല്യങ്ങളുണ്ട്

ഇന്നുതന്നെ വിളിക്കണം
വൈദ്യുതശ്മശാനവുമുറപ്പുവരുത്തണം

സ്വന്തമല്ലൊരു വീടു
മെന്നറിഞ്ഞാല്‍പ്പിന്നെ
യെന്തിനു വിഷമിക്കണം..!

Tuesday, July 21, 2009

ഇങ്ങനെയും ചിലത്ചോക്കുകഷണം
എഴുതിവച്ചതെല്ലാം
മായ്ച്ചുകളഞ്ഞ ബോര്‍ഡ്
അവധിക്കാലത്ത്
ഒറ്റയ്ക്കിരുന്നു മുഷിഞ്ഞ്
ബഞ്ചിലും ഡസ്കിലുമെല്ലാം
ചവിട്ടി നടന്ന പാടുകളുണ്ടാവും
സ്കൂള്‍തുറക്കുന്ന
ഓരോ ക്ലാസ്മുറിയിലും

കറുപ്പില്‍ വെളുപ്പെഴുതിയത് കൂട്ടിവായിച്ച്
മറ്റൊരവധിക്കാലം കഴിഞ്ഞ്
മഴക്കാലം കുളിച്ചൊരുങ്ങി
ക്ലാസ്സിലെത്തുമ്പോള്‍
ഡസ്കിനിടയില്‍
മറന്നുവച്ചൊരു നോട്ടുബുക്ക്
ബോര്‍ഡിനുപിന്നില്‍
തിരുകിവച്ചതാരാണെന്ന്
ചോദിക്കാന്‍ മറക്കും

ടീച്ചറില്ലാത്ത പിരിയഡില്‍
അച്ചടക്കത്തിന്റെ തൊലിപൊട്ടി
നിലത്തു മാമ്പഴങ്ങള്‍ ചിതറുമ്പോള്‍
ആരും കാണാതെ
അതിലൊന്നു പെറുക്കി
ചുവരില്‍ത്തന്നെ
തൂങ്ങിക്കിടക്കും

വിളിച്ചു പറയണമെന്നുണ്ടായിരുന്നു
ബ്ലാക് ആന്റ് വൈറ്റ് സിനിമയിലെ
നായകനെപ്പോലെ
ഇടിച്ചുവീഴ്ത്തണമെന്നുണ്ടായിരുന്നു
അസൂയമൂത്ത്
ഇല്ലാത്തൊരു പ്രണയത്തെ
അമ്പുതുളഞ്ഞ ഹൃദയത്തോടൊപ്പം
നെഞ്ചില്‍ വരച്ചവനെ

ക്ലാസ്സുമുറിയില്‍
ചുറ്റിത്തിരിഞ്ഞൊരു കാറ്റ്
ബോര്‍ഡ് മായ്ക്കുമോ
അല്ലെങ്കില്‍ എങ്ങനെയാണ്
ഉച്ചബെല്ലടിച്ച്
ഒന്നും സംഭവിക്കാതെ
വിയര്‍ത്തൊലിച്ച്
ബഞ്ചു നിറഞ്ഞപ്പോള്‍
പുതിയ പാഠത്തിന്റെ തലക്കെട്ട്
കറുത്തിരുണ്ട ബോര്‍ഡില്‍ തെളിഞ്ഞത്?

ടീച്ചര്‍ക്കുപോലും
താനെഴുതിയതല്ലെന്ന്
സംശയം തോന്നാത്ത വിധം.

Tuesday, July 14, 2009

പെന്‍സില്‍എഴുതുമ്പോള്‍
മുനയൊടിഞ്ഞ പെന്‍സിലുമായ്
ഒരു കുട്ടി വന്നു

ചെത്തിയിട്ടും ചെത്തിയിട്ടും
മുനവരാത്ത
പെന്‍സിലിനെക്കുറിച്ചോര്‍ത്തു
അതുകൊണ്ട് തെളിയിക്കാനാവാത്ത
ജീവിതത്തെക്കുറിച്ചും

കുഞ്ഞു കണ്ണില്‍
മുനയില്ലാത്ത
പെന്‍സിലിനെക്കുറിച്ചായിരുന്നു
ആശങ്ക

ചെത്തുമ്പോള്‍
മുനവരില്ലെന്നും
പാതിനിറുത്തിയത്
മുഴുമിക്കാനാവില്ലെന്നും
കുഞ്ഞുമിഴികള്‍ക്കറിയുമോ

വിരിയുംമുന്‍പേ
കൊഴിയുന്ന പൂക്കളുടെ
ചിത്രങ്ങളായിരുന്നു
അവളുടെ പുസ്തകം നിറയെ

നിറങ്ങളില്ലാതെ

Wednesday, July 1, 2009

നോക്ക്യ്പവളളിയുടെ തല
നീണ്ടു നീണ്ടു വന്നു;
നട്ടു നനച്ചത്
വെറുതെയാവില്ലെന്ന വിശ്വാസവും

പന്തലിട്ട്
കാത്തിരുന്നു
പ്രണയം
ഹൃദയത്തെ മൂടും പോലെ
പാവല്‍വളളി പന്തലുമൂടി
തളിരിട്ടു, തണലിട്ടു.

സ്ലേറ്റില്‍
ആദ്യമായ് എഴുതിയ വാക്കു വളര്‍ന്ന്
ജീവിതത്തിലും
പന്തലിടുന്നത്
സ്വപ്നം കണ്ടിരുന്നു

പൂവും കായുമില്ലാത്ത
പാവല്‍പ്പടര്‍പ്പിനു മുകളില്‍
നോക്കുകുത്തിയുടെ കുപ്പായമിട്ട്
കരിക്കലം തലയില്‍ കമഴ്ത്തി
വെളുത്ത് ചിരിച്ച് നിന്നു

വിശന്ന വയര്‍
വയ്ക്കോലു തന്നെയോ
എന്ന നോട്ടങ്ങളെ
കരിങ്കണ്ണാ...!
എന്നു ചിതറിച്ച്

(ഹരിതകം.കോം)

Sunday, June 14, 2009

കറിക്കത്തിയുടെ മൂര്‍ച്ചയെപ്പറ്റികറിക്കത്തിയുടെ
മൂര്‍ച്ചയെക്കുറിച്ചു പറയുമ്പോള്‍ ...

അരിഞ്ഞു നീക്കുമ്പഴും
നിലവിളിക്കാത്ത
ചീരയിലകളെക്കുറിച്ചു പറയേണ്ടിവരും

നെഞ്ചുപിളര്‍ന്ന്
കുടല്‍മാല പുറത്തിടുമ്പഴും
ഒന്നും മിണ്ടാത്ത
മത്തങ്ങകളെക്കുറിച്ച്

വിരലരിയുന്ന പോലെ
നുറുക്കി വീഴ്ത്തുമ്പഴും
ശബ്ദിക്കാത്ത
വെണ്ടക്കായകളെക്കുറിച്ച്

കവിളുപോലെ
മൃദുവായ് മുറിച്ചിടവേ
പിടയ്ക്കാത്ത
തക്കാളിത്തുടുപ്പിനെക്കുറിച്ച്

വെട്ടിയിടുമ്പോള്‍
നെഞ്ചിലെച്ചോര
നിശ്ശബ്ദതയുടെ വിരലില്‍ പുരട്ടിയ
ബീറ്റ്റൂട്ടിനെക്കുറിച്ച്

പറയേണ്ടി വരും
പ്രണയത്തിന്റെ ഒഴുക്കുകളെ
സ്വതന്ത്രമാക്കിയ
നിന്റെ ഹൃദയത്തിന്റെ
മൂര്‍ച്ചയെപ്പറ്റിയും..

Saturday, June 6, 2009

പരല്‍

കൊളുത്തുപോലെന്തോ വിഴുങ്ങി
രക്ഷപ്പെട്ടതിന്റെ
ആവേശത്തിലൊരു പരല്‍
ചെകിളമുറിഞ്ഞ വേദനമറന്ന്
വെളളത്തിലൂടെ നീന്തുന്നു

കഴായ കടന്നാല്‍ കടലാണെന്നു പറഞ്ഞ്
ആരോ തെറ്റിദ്ധരിപ്പിച്ചതത്രെ
കടലും കായലുമല്ല
പാറയിടുക്കിലൂടെ കുത്തിയൊലിക്കുന്ന
ഇത്തിരിത്തണുപ്പാണിന്ന് സ്വപ്നം
വേരുകള്‍ക്കിടയിലെ ഇരുളാണിന്ന് അഭയം

മരണത്തില്‍ നിന്ന്
രക്ഷപ്പെട്ടൊരു കൂട്ടുകാരന്
അംബരചുംബികള്‍വെറുത്ത്
ഓലപ്പുരയിലേക്ക് പോകണമെന്ന് വാശിപ്പെട്ടത്
ഓര്‍മവന്നു

മരയഴികള്‍ക്കിടയിലൂടെ
തൊടിയില്‍ കാണാവുന്ന പച്ചകളില്‍
കിളികള്‍ വന്നിരിക്കുന്നതു കണ്ട്
അവനിന്ന് സുഖപ്പെടുന്നു

(എന്റെ പ്രിയ കളിക്കൂട്ടുകാരന്)

Friday, May 22, 2009

ബസ്റ്റാന്റിലെ ചിത്രകാരന്


സ്റ്റാന്റില്‍
വിരലുകളില്ലാത്തൊരാള്‍
ചിത്രം വരയ്ക്കുന്നു

വര തെറ്റിയതിന്റെ
പ്രതിഷേധമെന്ന പോല്‍
പലനിറങ്ങളില്‍
തെളിയുന്നു
ഇരുട്ടിന്റെ കണ്ണുള്ളൊരു
ദൈവം

അലിവിന്റെ
നാണയത്തുട്ടുകള്‍
ചിലപ്പോഴൊക്കെ
വീണു ചിതറുന്നു

ഈച്ചകളില്‍
പഴക്കച്ചവടം,
ലോട്ടറിവില്പന
പൊടിപൊടിക്കുന്നു

എത്തിനോക്കുന്നു
എന്തായി വരയെന്ന്
വെയിലിടയ്ക്ക്

ഒരു കൗതുകം
ചിത്രത്തെ ചവിട്ടാതിരിക്കാന്‍
ചാടിക്കടന്നു
ഒരു നോട്ടം
പോക്കറ്റില്‍
ചില്ലറയുണ്ടോന്നു പരതി

നേരമേറെയായ്
ആളൊഴിഞ്ഞ ബസ്റ്റാന്റില്‍ നിന്ന്
അവസാനത്തെ ബസ്സും പോയി

ചിത്രകാരനെവിടെ?

ഇന്നൊന്നും കഴിച്ചില്ലല്ലോയെന്ന്
ചില്ലറത്തുട്ടുകളയാളോടു പറയുന്നതു കേള്‍ക്കാതെ
വരച്ചിട്ടും വരച്ചിട്ടും
തെളിയാതിരുന്ന
ചിത്രത്തിനു മുകളില്‍

ഉറങ്ങുന്ന പോലുണ്ട്.

Saturday, May 16, 2009

മുള്ള്


വശേഷിച്ചത്
മുളളുകള്‍ മാത്രമാണ്

രുചിയിലലിഞ്ഞു പോയ
ഉടലുകള്‍ക്കുളളില്‍
തുഴച്ചിലിന്റെ പൊരുളറിഞ്ഞിരുന്നവ

ചിലപ്പോള്‍
തൊണ്ടയ്ക്കുളളില്‍ കുടുങ്ങി
'ഇത്രപാടില്ലെന്ന്'
മുന്നറിയിപ്പു തരും

ഉളളിലിരിപ്പത്
വെളിപ്പെടുത്തും
മുളളുകളായും
കാലം

Wednesday, May 13, 2009

ദിനോസര്‍

ഗരത്തില്‍
രാത്രിവെളിച്ചത്തില്‍ മാത്രം
പുറത്തിറങ്ങുന്നൊരു
ദിനോസറുണ്ട്

ഉറക്കമില്ലാതെ
ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലിരുന്ന്
നഗരത്തെ കാണുമ്പോള്‍
സിമന്റുവനങ്ങള്‍ക്കിടയിലൂടെ
വിശന്നു നടക്കുന്നതുകണ്ട്
പേടിച്ചിട്ടുണ്ട്

പകല്‍നേരങ്ങളില്‍
എവിടെയാണത്
ഒളിച്ചിരിക്കുന്നത്?
ഇത്രവലിയ കാലുകള്‍
പിളര്‍ന്നാല്‍ കാണാവുന്ന
കൂര്‍ത്ത പല്ലുകള്‍
ഭീമന്‍ ശരീരം
നടക്കുമ്പോള്‍ നടുക്കുന്ന
ശബ്ദം
എവിടെയാണത് ഒളിപ്പിക്കുന്നത്

ഒരുപക്ഷേ
ഫാക്ടറിക്കു പിറകിലുളള
പൊന്തക്കാട്ടിലാവാം
അതിന്റെ താമസം
അതല്ലെങ്കില്‍
നഗരമധ്യത്തില്‍
അടച്ചിട്ട പാര്‍ക്കില്‍ അനങ്ങാതിരിക്കുകയാവും
ആരുകണ്ടാലും
പ്രാക്തനകാലത്തിന്റെ
നിശ്വാസമറ്റ ഉടല്‍

ആദ്യത്തെ പേടിയെല്ലാം
പോയതിനു ശേഷം
ബാല്‍ക്കണിക്കു സമീപം വന്നപ്പോള്‍
അതിന്റെ മൂക്കില്‍ തൊട്ടു
ചോദിച്ചപ്പോള്‍ വായതുറന്നു തന്നു
ഗുഹപോലുളള വായില്‍
എത്തിനോക്കി

ഇന്ന്
അതിന്റെ പുറത്തിരുന്ന്
രാത്രികാലങ്ങളില്‍
ഞാന്‍ തെരുവിലൂടെ സഞ്ചരിക്കുന്നു
ഉറക്കം നഷ്ടപ്പെട്ട
ഓരോ നഗരവാസിയെയും പോലെ

ചെങ്കണ്ണ്

പീളകെട്ടി
കണ്ണാകെ വീര്‍ത്തിരുന്നു
കാലത്തെണീറ്റപ്പോള്‍

വായിക്കാനായി
കരുതിയ പുസ്തകങ്ങള്‍
മൂലയില്‍ തലമൂടിയിരുന്നു

ചെമ്പരത്തിയിതള്‍ പോലെ
തോന്നിച്ചാലും
മങ്ങലോ പിളര്‍പ്പോ
നേരിട്ടിരുന്നില്ല
കാഴ്ചയില്‍

ഇന്നിപ്പോള്‍
കണ്ടുകൊണ്ടിരിയ്ക്കെ
കാണാതാവുന്നു ചിലര്‍
കടം പറഞ്ഞ്
രണ്ടായി മൂന്നായി പിളരുന്നു ചിലര്‍
കാഴ്ചയില്‍ നിന്നേ
അകന്നുപോകുന്നു
ശരി വീണ്ടും കാണാം
എന്ന് നേരത്തേയാവുന്നു

ചുവന്നു വീര്‍ത്ത്
ജ്വലനശേഷി നഷ്ടപ്പെട്ട്
മൂന്നാം കണ്ണും

Thursday, May 7, 2009

നിലക്കടല തിന്ന്

തൊണ്ടോടു കൂടിയ നിലക്കടല
വറുത്തു വച്ചിരുന്ന
ബസ്റ്റാന്റില്‍ നിന്നൊരു പൊതിവാങ്ങി
അവസാനത്തെ സീറ്റിലിരുന്നു

പല പല പണികള്‍ക്കായ്
നഗരത്തിലേക്കു ചിതറി
പിന്നെയൊരു വറവുചട്ടിയിലേക്കിട്ട നിലക്കടലപോലെ
രാത്രിവണ്ടിയില്‍
ഗ്രാമത്തിലേക്കു പൊരിയുന്നവര്‍

സായാഹ്നപത്രത്താള്‍
മറിച്ചിരിക്കുന്നു ചിലര്‍
നരച്ച അതേ ആകാശത്തു
കണ്ണുനട്ട്
ഏതോ ഇടവഴിയിലേക്കോടിപ്പോകും ചിലര്‍

ഞാനോ
തോടുപൊട്ടിച്ച്
കടലതിന്നുകൊണ്ട്
വേരുകളിലൂര്‍ന്നിറങ്ങി
മണ്ണിനടിയിലൂടെ
മുളപ്പിച്ച് കാത്തിരുന്ന
മനസ്സുകളിലലഞ്ഞ്
കയററ്റത്തു കാറ്റിലാടി
ഇറങ്ങേണ്ട സ്റ്റോപ്പും കഴിഞ്ഞ്...

Saturday, May 2, 2009

കണ്ണാരം

ളിച്ചിരുന്നിടത്ത്
ഒരു പാമ്പുണ്ടായിരുന്നു

ഇരുട്ടില്‍
അതിന്റെ വാല്‍
ചവിട്ടുകൊണ്ടിട്ടും
തിരിഞ്ഞു കടിച്ചില്ല

കാലിലെന്തോ
ഇഴഞ്ഞതായ് തോന്നി
നിലവിളിയായ് പുറത്തേയ്ക്കോടി
വടിയും ടോര്‍ച്ചും
ആക്രോശങ്ങളും
അകത്തേയ്ക്കും

അടികൊണ്ട്
തലചതഞ്ഞ കരിമൂര്‍ഖനെ
തോണ്ടിയെടുത്ത്
മുറ്റത്തിട്ടു

അപ്പോഴും ചാവാത്ത
അതിന്റെ വാല്‍
പൂഴിമണ്ണില്‍ എഴുതിവച്ചു
'സാറ്റ് !'

Friday, April 24, 2009

കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും

ഞാവല്‍പ്പഴങ്ങള്‍
വീണുകൊണ്ടിരുന്നു

കിളികള്‍ കൊത്തിയിടുന്നതാണ്
കാറ്റില്‍
പൊഴിയുന്നതുമാണ്

മരച്ചുവട്ടില്‍
ഞാവല്‍പ്പഴങ്ങള്‍
ചിതറിക്കിടക്കുന്നു
ചീഞ്ഞപഴങ്ങള്‍ക്കു മുകളില്‍
തുടുത്ത പഴങ്ങള്‍
എന്ന വണ്ണം

പാര്‍ക്കില്‍ വന്ന
കുട്ടികള്‍
കല്ലുപാകിയ വഴിയിലൂടെ വന്ന്
ഞാവല്‍പ്പഴം പെറുക്കുന്നു
കിളികൊത്തിയതോ
കാറ്റു വീഴ്ത്തിയതോ
എന്നൊന്നും നോക്കാതെ
കടിച്ചുകൊണ്ട് ചിരിക്കുന്നു
ചീഞ്ഞതോ തുടുത്തതോ
എന്നൊന്നും നോക്കാതെ
പെറുക്കിക്കൂട്ടുന്നു
ഉടുപ്പില്‍
കറയാക്കുന്നു

അരികിലിട്ട സിമന്റു ബഞ്ചില്‍
ആരും കാണാതെ നമ്മള്‍
നാക്കുനീട്ടി
ഞാവല്‍പ്പഴത്തിന്റെ രക്തക്കറ
കാണിക്കുന്നു

Thursday, April 2, 2009

പാവം
റ്റപ്പെട്ടതു കൊണ്ടാവും
ഒരു കുളക്കോഴി
ഇടയ്ക്കിടെ
വീട്ടുപരിസരത്ത്
ചുറ്റിപ്പറ്റി നടക്കുന്നതു കണ്ടിട്ടുണ്ട്

പറമ്പില്‍ വീണ
കരിയിലകളില്‍ പതിഞ്ഞ
അതിന്റെ നേര്‍ത്ത കാലൊച്ച
ഉച്ചയുറക്കത്തെ
ഭയപ്പെടുത്തിയിട്ടുണ്ട്

പൂമരത്തില്‍
ചേക്കേറി
ഉറക്കം നഷ്ടപ്പെട്ട്
അലക്ഷ്യമായ്
ഇരുട്ടിലേക്കു പറന്നത്
ശീതീകരിച്ച പാതിരാമുറിയില്‍
കാതോര്‍ത്തിട്ടുണ്ട്

കടുത്ത വേനലിലും വെളളം വറ്റാതിരുന്ന
ഒരു കുളത്തിനു മുകളിലാണ്
ഈ വീടിരിക്കുന്നതെന്ന്
പഴയൊരു കൂട്ടുകാരന്‍
ഓര്‍മിപ്പിച്ചത്
തമാശയായിരുന്നില്ല

ഈ വീടിനടിയില്‍
ഒരു കുളമുണ്ടെന്നും
കൂട്ടമായ് ചേക്കേറിയിരുന്ന
പൊന്തക്കാടിനിടയിലേക്ക്
ഇവിടെവിടെയോ
ഒരു വഴിയുണ്ടാകുമെന്നും
ആ പാവം സ്വപ്നം കാണുന്നുണ്ടാവണം!

Tuesday, March 10, 2009

അതിജീവനം

മുറ്റത്തിനരികില്‍
വേനലില്‍ ഞരമ്പുകള്‍ നിഴലിച്ചിരുന്ന
കാട്ടുനെല്ലിമരം

കുമ്പളവളളിക്കു പടരാനും
നിലാവിന് ചില്ല വരയ്ക്കാനും
പൂവാലനണ്ണാറക്കണ്ണന്
ഊഞ്ഞാലാടാനും
കോഴിക്കുഞ്ഞിനെ കണ്ണുവെച്ച്
പറന്നിരിക്കാനും
ഇടമൊരുക്കി

കുഞ്ഞിലകള്‍ വീഴ്ത്തിയാല്‍പ്പോലും
മുറ്റം വൃത്തികേടാക്കാതെ
വീടിനരികില്‍
കാടിനെ പ്രതീതിപ്പിച്ച്

ഇടയ്ക്കാരോ
ഒരു നെല്ലിയ്ക്ക പോലുമില്ലല്ലോ
എന്നും
ആണ്‍മരമാവുമെന്നും
ആശങ്കപ്പെട്ടും

വീടിന് പെയിന്റടിച്ചു
മുറ്റം ചെത്തിക്കോരി
പടര്‍പ്പുകള്‍ വെട്ടിക്കളഞ്ഞു
ജനല്‍ക്കാഴ്ചകളെ കര്‍ട്ടന്‍ മറച്ചു.
നെല്ലിമരം
വെട്ടിക്കളയാന്‍ തീരുമാനിച്ചതിന്റെ പിറ്റേന്നാണ് കണ്ടത്
ഉണങ്ങിയെന്നു കരുതിയിരുന്ന
കൊമ്പിലെല്ലാം പൂക്കള്‍!

ചുറ്റും അത്ഭുതത്തോടെ നടന്നിട്ടും
മരച്ചുവട്ടില്‍
ചോരപുരണ്ട്
പാമ്പുറപോലെന്തോ കിടന്നത് മാത്രം
ആരും കണ്ടില്ല.

Sunday, February 15, 2009

ഒടിയന്‍

വരുന്ന വഴിയില്‍
വരമ്പുകള്‍ ചുറ്റിപ്പിണയുന്നിടത്ത്
കഴായയ്ക്കരികില്‍
ഒരു കടമ്പ

പോയപ്പോള്‍
വഴിയില്‍ കണ്ടിരുന്നില്ല
കടന്നപ്പോഴറിഞ്ഞു
ഒടിഞ്ഞുപോയ മനസ്സ്
കാത്തിരുന്ന
ചോരക്കണ്ണുകളില്‍
തിളക്കം

പൊടുന്നനെ
വാലില്ലാത്തൊരു പൂച്ചയായ്
കടമ്പ ഓടിപ്പോയി

ഒടിഞ്ഞ ജീവിതമായ്
ചെളിയില്‍ പുതഞ്ഞു കിടക്കുമ്പോള്‍
വായിച്ചതും
വിശ്വസിച്ചതും
വ്യര്‍ഥമാകുമോ
എന്നൊരു സന്ദേഹം
കണ്ണിലുറഞ്ഞു

Friday, January 30, 2009

പരമ്പ്

മുമ്പൊക്കെ
പുഴുങ്ങിയെടുത്ത നെല്ല്
ഉണങ്ങാനിട്ടിരുന്നു
വെയിലിനു ചുവട്ടില്‍ വിരിച്ച
പരമ്പുകളില്‍

ഉളളവനേയും ഇല്ലാത്തവനേയും വേര്‍തിരിക്കുന്ന
ദൃശ്യമായിരുന്നു
ഇറയത്ത് തൂക്കിയിട്ട
പരമ്പുചുരുട്ടുകള്‍

വീടിനു മുന്നില്‍
ചളിവരമ്പുകള്‍ക്കു നടുവില്‍ വിടര്‍ത്തിയ
വലിയ പരമ്പുകളില്‍
തഴച്ച പച്ചയിലൂടെ
കാറ്റൊഴുകി നടന്നു

പിന്നെപ്പോഴോ
ദ്രവിച്ച പരമ്പുകള്‍ക്കുളളില്‍
എലികള്‍ പെറ്റു പെരുകി
കൊട്ടിലിനുളളില്‍
കുണ്ടുമുറവും
മൂടുപോയ വട്ടിയും കിടന്നിടത്ത്
പഴമയെ നാം ചുരുട്ടിവച്ചു

ടെറസ്സിനു മുകളില്‍
സിമന്റു മുറ്റങ്ങളില്‍
സ്വപ്നങ്ങളുണക്കിയെടുക്കുന്നവര്‍
പരമ്പുകളെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ല;
അവരുടെ ഓര്‍മകളില്‍
പൊതിഞ്ഞെടുക്കപ്പെട്ടൊരു
ശവശരീരം
ഉണ്ടാവുമെങ്കിലും !

Monday, January 26, 2009

എന്തിന് ?തരില്ല എന്നു പറഞ്ഞ്
പിന്നെ തരും മാമ്പഴം
മധുരിക്കുമെങ്കിലും
ഒട്ടും മധുരമില്ലാതെ
കരയിപ്പിക്കും,
മനസ്സു തോര്‍ന്ന്
വിറങ്ങലിച്ചിരിക്കെ
ചിരിപ്പിക്കാന്‍ നോക്കും
ഒട്ടും ചിരിവരാതെ
ഉപ്പും രുചിയുമില്ലാതെ
മുന്നിലേക്കു വച്ചുതരും
ജീവിതം
കയ്ച്ചിട്ടിറക്കാനും
മധുരിച്ചിട്ട് തുപ്പാനും വയ്യാതെ!

Wednesday, January 7, 2009

ദൈവം ഓര്‍മപ്പെടുത്തുന്നത്

തീരത്തെ
അത്രനാളും തൊട്ടുഴിഞ്ഞ വിരലുകള്‍
പൊടുന്നനെയൊരു ദിനം
കൊടുങ്കാറ്റായതും

സഹനത്തിന്റെ താഴ്വരയിലേക്ക്
ഇടിമുഴക്കങ്ങള്‍
ഉരുണ്ടു വന്നതും

നിശ്ശബ്ദത മരിച്ച
നഗരങ്ങള്‍ക്കുമേല്‍
കുലുക്കത്തിന്റെ ഭൂമിശാസ്ത്രം
പടര്‍ന്നതും

എല്ലാമാണ് എന്ന തോന്നലിനെ
ഒന്നുമല്ല എന്നു മുറിക്കുന്ന
ദൈവത്തിന്റെ ഓര്‍മപ്പെടുത്തലുകളാവും !

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP