Tuesday, December 16, 2014

നനഞ്ഞ ശിഖരങ്ങള്‍

നനഞ്ഞ ശിഖരങ്ങള്‍
എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ട്
എന്നു തോന്നാന്‍ തുടങ്ങിയിട്ട്
കുറച്ചു നേരമായി
മഴ വല്ലാതെ വിയര്‍ത്തപോലെ
തോര്‍ന്നിട്ടും തോരാത്തപോലെ !

Monday, October 20, 2014

കൊക്കൂണ്‍

പുസ്തകപ്രദര്‍ശനത്തിനു പോയി
വാങ്ങിക്കൊണ്ടുവന്ന പുസ്തകങ്ങള്‍
ആദ്യം വായിക്കേണ്ടത്
പിന്നെ വായിക്കേണ്ടത്
കൂടെ കൊണ്ടുപോകേണ്ടത്
മരങ്ങള്‍ക്കിടയില്‍
നദീതീരത്ത്
തീവണ്ടിവേഗത്തില്‍
ഇലകള്‍ക്കിടയില്‍  മറഞ്ഞ്
ചാരുകസേരയിലലസം
കാറ്റുകാലത്ത് വെളുപ്പാന്‍കാലത്ത്
മണ്ണിലിരുന്ന്
ആകാശത്തിരുന്ന്, ഏതേതിടത്തിരുന്ന്
വായിക്കേണ്ടതെന്ന്
വേര്‍തിരിച്ചു

വീടു തുറന്ന്
വിളക്കു കത്തിച്ച്
പുറഞ്ചട്ടകളിലൂറിവന്ന
മഞ്ഞുതുള്ളികള്‍ തുടച്ചതും
കണ്ണടയിലെ ഈര്‍പ്പം
അക്ഷരങ്ങളെ മങ്ങിച്ചതും
വളരെയെളുപ്പം കടന്നുപോയ
നിമിഷങ്ങളിലായിരുന്നു

പുസ്തകങ്ങളടുക്കിവെച്ചുണ്ടാക്കിയ
വീടായിരുന്നത്
കനമുള്ളതൊന്നെടുത്താല്‍
അവിടെയൊരു ജനല്‍
അതിലൂടെ കാറ്റ് വെളിച്ചം
കിളികള്‍
തീയും പുകയും കലര്‍ന്ന ശബ്ദങ്ങള്‍
പ്രപഞ്ചം

നാളെയും പോകും
വനത്തില്‍ വിശന്ന കരടിയെപ്പോലെ
നടക്കും
മഞ്ഞുവീഴും മുന്‍പ്
വീടെത്തണമെന്ന്
ആഗ്രഹിക്കും

ഏതോ പുസ്തകത്തിന്‍ പുറഞ്ചട്ടയില്‍
ഒരു പുഴുവിന്റെ ചിത്രംകണ്ടത്
വീടിന്
കൊക്കൂണ്‍ എന്നുപേരിടുന്നതിനെക്കുറിച്ച്
അപ്പോള്‍ ആലോചിച്ചു.

Friday, September 19, 2014

ഫ്രയിം ചെയ്തെടുത്തു വയ്ക്കാവുന്ന ഒരനുഭവം

രോടൊക്കെയോ ഉള്ള
കലിപ്പ് തീര്‍ക്കാനെന്ന മട്ടില്‍
നിന്നു പെയ്യുന്നു

കലിപ്പൊന്നും
ഞങ്ങളോടുവേണ്ടെന്ന മട്ടില്‍
നിന്നു കൊള്ളുന്നു,
കൂസലില്ലാതെ
വെള്ളക്കൊറ്റികള്‍ , മുലകളുള്ള
പപ്പായമരം
തൈത്തെങ്ങുകള്‍
ഇതിനിടയിലൊരു കാര്യവുമില്ലാത്ത
എന്റെ
കാഴ്ചപ്പരിധിയില്‍ !

Tuesday, July 29, 2014

മരസൗഹാര്‍ദ്ദം


ആ മരത്തില്‍
എത്രയിനം കിളികളാണ്
ദിവസവും വരുന്നത്
കൂടുകെട്ടുന്നത്
കൊക്കുരച്ചു മിനുക്കുന്നത്
ഇലത്തുമ്പാല്‍ കണ്ണെഴുതുന്നത്
കിരുകിരുപ്പാല്‍
അള്ളിപ്പിടിക്കുന്നത്

നഗരത്തില്‍ നിന്നുള്ള
ആരവങ്ങളോ
കൊന്നും കൊലവിളിച്ചും
നടക്കുന്ന വാളുകളോ
അതിന്റെ ഓര്‍മയില്‍പ്പോലുമില്ല
ഏകാന്തതയെക്കുറിച്ച്
ഒരു വരി
വായുവില്‍പ്പോലുമെഴുതിയിട്ടില്ല

ഒറ്റ രാത്രികൊണ്ട്
മുഴുപ്പച്ചയായതെങ്ങനെ
എന്ന കൗതുകം
ഒരു കൂട്ടപ്പറക്കല്‍
ഋതുഭേദമാക്കും

മധുരമോ പുളിയോ കലര്‍ന്ന
ഒരോര്‍മയും
ഇതുവരെ പകര്‍ന്നിട്ടില്ല
അതൊന്നുമല്ല
സ്നേഹമെന്ന്
മനസ്സിലാക്കേണ്ടിയിരിക്കുന്നു

ഒരിക്കലും അരുതാത്ത ചിലത്
നമ്മളില്‍ സംഭവിക്കുന്നു
നമ്മളെന്താണിങ്ങനെയെന്ന്
നമ്മളെപ്പോഴാണിങ്ങനെയായെന്ന്
വിചാരിക്കാന്‍ പോലും
സമയമില്ലാതായിരിക്കുന്നു

പേരിട്ടുവിളിക്കാന്‍
പഠിച്ചതോടെ
ചരിത്രത്തില്‍ നിന്നുപോലും
നഷ്ടപ്പെട്ടു പോയത്
എവിടെ നിന്നു തിരിച്ചെടുക്കാനാണ്

ആ മരം
അത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്
കിളികള്‍  കാണിച്ചു തരുന്നുണ്ട്

എത്ര കുഴിച്ചാലും കണ്ടെത്താനാവാത്ത
ചില തിളക്കങ്ങള്‍
അലസമായൊരു നോട്ടത്താല്‍പ്പോലും
കണ്ടെത്താനാവുമെന്ന്
എത്ര നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും
നമ്മള്‍ പഠിക്കില്ല !

Tuesday, May 13, 2014

പവര്‍കട്ട്


ഒരു ചെറിയകഷണം
മെഴുകുതിരിയുടെ പ്രകാശത്തില്‍
വായിക്കുകയായിരുന്നു

ചെറിയ കഷണം മെഴുകുതിരി
അതെപ്പോള്‍ വേണമെങ്കിലും
കെട്ടുപോകാം
അല്പനേരത്തെ വെളിച്ചം
അക്ഷരങ്ങളെ ഇരുട്ടില്‍നിന്ന്
തിളക്കുന്നു

ഇരുട്ടിലേക്കെത്രദൂരമുണ്ടെന്നളക്കാന്‍
ഇടയ്ക്കിടയ്ക്ക് തിരിഞ്ഞുനോക്കുന്നു
എത്ര പേജുകളവശേഷിക്കുന്നുണ്ടെന്ന്
മറിച്ചുനോക്കുന്നു

എല്ലാ കണക്കുകൂട്ടലുകളും
തെറ്റിച്ചുകൊണ്ട്
കറന്റുവന്നേക്കാം അല്ലെങ്കില്‍
ഒരു കാറ്റുവന്ന് മെഴുകുതിരി
കെടുത്തിയേക്കാം
കണ്ടാലറിയാം
രണ്ടും അതാഗ്രഹിക്കുന്നുണ്ടെന്ന്,
പ്രകാശം പരത്തുന്ന ജീവിതം
എന്നൊക്കെ പറയിച്ച്
കത്തുന്നു എങ്കിലും.

Sunday, May 11, 2014

കാപ്പി


കാപ്പി കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു
പറമ്പിൽ മഴ നനഞ്ഞു നിന്ന
കാപ്പിച്ചെടി
ശ്രദ്ധയിൽപ്പെടുത്തി
പച്ചയും ചുവപ്പും കറുപ്പും
കുരുക്കൾ നീട്ടിപ്പിടിച്ച്

കാപ്പിച്ചെടിയെന്നോട്
പറയുകയായിരുന്നു
ഇപ്പോൾ കുടിച്ചു കൊണ്ടിരിക്കുന്ന
ചുടുകാപ്പിയിൽ
തന്റെ 
സർഗ്ഗാത്മഗതയുടെ
രുചിയുണ്ടെന്ന്
ആവിഷ്കാരത്തിന്റെ
ഇനിപ്പുണ്ടെന്ന്
പ്രണയത്തിന്റെ
കടുപ്പമുണ്ടെന്ന്
കരുതലിന്റെ
സുഗന്ധമുണ്ടെന്ന്
കവിതയുടെ 
ലഹരിയുണ്ടെന്ന്...

മറുപടിയില്ലാതെ
കേട്ടിരിക്കുകയായിരുന്നു
കവിതയുടെ ലഹരിയിൽ
പിന്നെയും കപ്പ്
ചുണ്ടോടമർത്തുകയായിരുന്നു.


Saturday, February 22, 2014

ആനവര !

ഇനിയൊരാനയെ വരയ്ക്കാമെന്ന്
പടംവര ക്ലാസ്സില്‍
മാഷ് പറയുന്നു

കുട്ടികളെല്ലാം
മനസ്സിലൊരാനയെ വരച്ചു കഴിഞ്ഞിരുന്നു
അപ്പോഴേക്കും 

മാഷിന്റെ  കൈകള്‍ക്കുള്ളിലൊരാനയൊളിച്ചിരിപ്പുണ്ടെന്നും
അതിപ്പോള്‍ നെറ്റിപ്പട്ടമണിഞ്ഞ്
ചെവിയാട്ടുമെന്നും
കുട്ടികള്‍ നോക്കുന്നു

ബോര്‍ഡിലൊരാനയെ
മാഷ് വരയ്ക്കുന്നു
മാഷിന്റെ വരയിലൂടൊരാനയെ
കുട്ടികള്‍ വരയ്ക്കുന്നു

മാഷിന്റെ വര
കുട്ടികളുടെ വരയാകുന്നു
കുട്ടികള്‍ വരയുമാന
ചെവിയാട്ടുന്നു തുമ്പിയിളക്കുന്നു
ചങ്ങല കിലുക്കമില്ലാതെ
കാട്ടിലേക്കു നടക്കുന്നു
പൂഴിയാടി പൊന്തകളില്‍ മറയുന്നു

പെരുവയറനാനയെന്ന്
കുട്ടികള്‍ ചിരിക്കുന്നു
മാഷപ്പോള്‍  ഒരു പാപ്പാനാവുന്നു

ചങ്ങലയ്ക്കിട്ട കുട്ടികള്‍
ചെവിയാട്ടുന്നു
ചിന്നം വിളിക്കുന്നു 
കുട്ടിയാനച്ചെവികളില്‍ നിന്ന്
മാഷിന്റെ വിരല്‍
പിച്ചിപ്പൂ പറിയ്ക്കുന്നു !

(മാതൃകാന്വേഷിയുടെ 100 ആം ലക്കത്തില്‍ )

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP