Saturday, May 23, 2015

ഒരു പാനീസ് കവിത

പാനീസിന്റെ വെളിച്ചമായിരുന്നു
തട്ടുകടയിലെ സംസാരങ്ങള്‍ക്ക്
പുഴുങ്ങിയ മുട്ടയ്ക്കുമതെ

കുടിച്ചുമതിവരാത്ത രാത്രിക്ക്
നിലാവൊഴിച്ചു കൊടുക്കുന്ന
കായലോരം

മറ്റെങ്ങും പോകാനില്ലാതെ
വന്നവരുണ്ട്
മറ്റെങ്ങോ പോകുംവഴി
തങ്ങിയവരുണ്ട്
എന്നും വരുന്നവരും
ഇനിയൊരിക്കലും വരാത്തവരും
തമ്മില്‍ പരിചയപ്പെടുന്നു
അതൊക്കെയല്ലേ ജീവിതം

കോള്‍പ്പാടങ്ങളുടെ വെള്ളവും പച്ചപ്പും
കണ്ടുപോകുമ്പോള്‍
റോഡരികില്‍
കോര്‍മ്പയില്‍
പിടയ്ക്കുന്ന വരാലുകളെ കാണിക്കുന്നു
വിലപെശുമ്പോള്‍ വിശന്നുറങ്ങുന്ന
വീടിനെക്കുറിച്ചയാള്‍ പറയുന്നു
(പൊരിച്ച മീനിന്റെ രുചിയില്‍
ഒരു വീടിന്റെ സങ്കടം
ഉപ്പുപോലെ അലിഞ്ഞിരിക്കുന്നു)
തട്ടുകടയിലിരിക്കുമ്പോള്‍
അതെല്ലാം വെറുതെ ഓര്‍മവരുന്നു
അതുകൊണ്ടാവും
കവിതയില്‍ അവരുമുള്ളത്

പതിഞ്ഞതും
അല്ലാത്തതുമായ സംസാരങ്ങള്‍മുഴുവന്‍
കേട്ടുകിടക്കുകയാണ്
കായലെന്നുതോന്നും

ഇങ്ങനെയൊക്കെയാണ്
പാനീസിന്റെ വെളിച്ചം
തട്ടുകടയ്ക്ക് ജീവന്‍കൊടുക്കുന്നത്..!

Tuesday, January 27, 2015

വാക്കും വെയിലും

ഒരു കുമിളയ്ക്കുള്ളിലാണ്
വെയിലുറങ്ങുന്നതെന്ന്
ഞാന്‍ കണ്ടുപിടിച്ചു

രാത്രി മുഴുവനുമതോര്‍ത്തിരുന്നു
മരങ്ങളും ചെടികളും പടര്‍ന്നൊരു
തുരുത്തായിരുന്നത്
കിളികളുടെ ചിറകില്‍
ഞാനവിടെയെത്തി

കാത്തിരുന്നു കാണാം
വെയില്‍ പൊട്ടിവിരിയുന്നത്
അതിനു തന്നെ തീരുമാനിച്ചു
അപരിചിതമായ വിധികളെ
പഴിചാരുന്നതെന്തിന്?
ഉറക്കത്തെ അരുവികള്‍ക്കുകൊടുത്തു
അവരുമാര്‍ക്കോ കൊടുത്തിരിക്കാം

ഇതിലെന്താണിത്രയെന്ന്
മുറുമുറുപ്പുകള്‍ കേട്ടു
ഒരു കാര്യവുമില്ലാതെ
ഇലകളെന്താണിങ്ങനെയെന്നു തോന്നി
കാലിലൂടൊരു
തണുപ്പിഴഞ്ഞു പോയി
മണവും മഞ്ഞും കൂടിക്കുഴഞ്ഞ്
പടരാന്‍ തിടുക്കപ്പെടുന്നതു കണ്ടു
അപൂര്‍വതയുടെ സൗന്ദര്യത്തിന്
അരനിമിഷം മാത്രമെന്ന്
അവര്‍ക്കെല്ലാമറിയാമായിരുന്നു

ഒന്നല്ല
ഒരായിരം കുമിളകളില്‍ നിന്ന്
വെയില്‍ പൊട്ടിവിരിയുന്നതു കണ്ടു
ഒരു കൗതുകവും തോന്നിപ്പിക്കാതെ
അത്ര സ്വാഭാവികമായിരുന്നു അത്

ഞാനിരുന്നതും
ഒരു കുമിളയ്ക്കുള്ളിലായിരുന്നു.

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP