Wednesday, September 14, 2011

കുമിളകള്‍

ബീവറേജിനു മുന്നില്‍
നീണ്ട ക്യൂവിനുപിന്നില്‍
നില്‍ക്കുമൊരാളുടെ വിചാരത്തില്‍
താനേറ്റവും പിന്നിലാണല്ലോ
എന്ന തോന്നലൊരു കുമിളയായുയര്‍ന്നു
അത് തൊട്ടുപിന്നില്‍ വന്നുനിന്ന
മറ്റൊരാളിലേക്കു പൊട്ടിയത്
അന്നേരം ഭൂമിയിലെവിടെയോ ഒരിടത്ത്
ഏറ്റവുമവസാനം ജനിച്ച
ഒരു കുഞ്ഞിന്റെ കരച്ചിലിനൊപ്പമാണ്

ഒന്നില്‍ നിന്നു തൊട്ടുപിന്നില്‍ വന്ന
മറ്റൊന്നിലേക്കു പൊട്ടുകയുമതില്‍ നിന്നു
പിന്നെയും പൊള്ളയ്ക്കുകയും ചെയ്യുന്ന
കോടാനുകോടി കുമിളകളാല്‍
ചകിതമാക്കപ്പെട്ട ഭൂമി
ഒന്നും സംഭവിക്കാത്തതുപോലെ
നൂറുനൂറായിരം വൈചിത്ര്യങ്ങളുടെ
ആവരണത്താല്‍ ചുറ്റപ്പെട്ട ഭൂമി
അതാ ഏറ്റവുമവസാനം ജീവനുവേണ്ടി പിടയുമൊന്നിന്റെ
മരണത്തിന് കാതോര്‍ക്കുന്നു
അദൃശ്യമായ നൂറുനൂറായിരം
കാതുകള്‍
കൂണുകള്‍പോലെ മുളച്ചുകൊണ്ടിരിക്കുന്നു

തൊട്ടടുത്ത നിമിഷം
തൊട്ടടുത്ത നിമിഷത്തില്‍
വീണുപൊട്ടുന്ന
കുമിളകള്‍ക്കിടയിലൂടെ, കിതച്ചു
പോവുകയാണോരോ നിമിഷവും

ഏറ്റവുമവസാനത്തെ
ഈ കവിതയിലും
പൊന്തിവന്നൊരു കുമിളയുണ്ട്

മറ്റൊരുകവിതയില്‍
അതിപ്പോള്‍ പൊട്ടിയിട്ടുണ്ടാവാം
അതെഴുതിയത് നിങ്ങളായിരിക്കാം.

Monday, September 12, 2011

ചതുരങ്ങളാക്കിയ ചുടുകട്ടകള്‍

ഇടയ്ക്കൊരു ദിവസം തോന്നും
എല്ലാമൊന്നടുക്കിപ്പെറുക്കിവയ്ക്കണമെന്ന്

ജനാലത്തട്ടി
ലടങ്ങിയൊതുങ്ങാതിരിക്കുന്ന വാരികകള്‍
പാതിവായിച്ച പുസ്തകങ്ങള്‍
തുണ്ടുകവിതകള്‍
മുറിച്ചെടുത്ത പഴയകട്ടിലിന്നുരുണ്ട കാല്‍ക്കഷണത്തില്‍
ശില്പചാതുരിയിലുരുകിയൊലിച്ച വെളിച്ചത്തിരികള്‍
കീറത്തുണിപോലെ ചുരുട്ടിവെച്ച
വീര്‍പ്പുമുട്ടല്‍

വായിച്ചെത്തിയിടത്തൊരു മടക്കുവെച്ച്
ഷെല്‍ഫിലേക്കോ
കടലപൊതിയാനടുക്കിവെച്ച കെട്ടുകളിലേക്കോ
കത്തുന്ന മറവിയിലേക്കോ
അവയോരോന്നപ്രത്യക്ഷമാവും

പിന്നെയോരോ കാല്‍വെപ്പിലുമൊതുക്കം ദൃശ്യമാവും
എത്രവൃത്തിയായ് വിതച്ചിരിക്കുന്നു താരങ്ങളെ
മണല്‍ത്തരികളെ
കൃത്യമായളന്നുമുറിച്ചിട്ട റെയില്‍പ്പാളങ്ങള്‍
ഒറ്റവരിയില്‍ മാത്രം
സഞ്ചരിക്കുന്ന വാഹനങ്ങള്‍
സീബ്രാലൈനിലൂടെ മാത്രം
റോഡുമുറിയ്ക്കുന്ന നിര്‍ഭയങ്ങള്‍
ഹാ ! ചതുരങ്ങളാക്കിയ ചുടുകട്ടകള്‍

ഓരോന്നും
എഴുതാത്ത നോട്ടുബുക്കിലെ
പേജുകള്‍പോലെയെന്ന തോന്നല്‍
എവിടെവച്ചാണ് നൂലുപൊട്ടുന്നത്?

വെട്ടാത്ത മുടി
വളര്‍ന്ന നഖം
ഒതുക്കമില്ലാതെ വഴിയും
താടിരോമശൃംഗങ്ങള്‍
വായിക്കാനെടുത്ത് മറവിയിലേക്കുമാറ്റി വയ്ക്കുന്ന
മുഷിവന്‍ വൈകുന്നേരങ്ങള്‍
ഉറുമ്പുകള്‍ കൊണ്ടുനടക്കുന്ന
പഴഞ്ചന്‍രുചികള്‍
എല്ലാമൊന്നടുക്കിവയ്ക്കണമെന്ന
തോന്നലും !

ബൂലോകകവിത ഓണപ്പതിപ്പ്

ഒരിടത്ത്

മരച്ചുവട്ടില്‍
ആരും കാണാത്ത
ഒരിടത്തൊറ്റയ്ക്കിരുന്ന്
തേങ്ങിക്കരയുന്ന കുഞ്ഞിനോട്
നമ്മളെന്തു പറയും?

മരിച്ചുപോയ
അവന്റെ അച്ഛനുമമ്മയും
മറ്റൊരു വണ്ടിയില്‍
മടങ്ങിവരുമെന്നോ

മറവിയിലേയ്ക്കോടിപ്പോയ
അവന്റെ കുഞ്ഞനുജത്തി
കുറ്റിക്കാട്ടിലൊരിടത്ത് വലിച്ചെറിഞ്ഞ
പാവയുമൊക്കത്തുവച്ച്
കുളക്കരയില്‍ചെന്ന്
ഇനിയുമാമ്പല്‍പ്പൂക്കളെ
കൊതിപ്പിച്ചു കൊഴിക്കുമെന്നോ

അവന്റെ വീട്
ഉറങ്ങാന്‍ മറന്നുപോയ
ഋതുക്കളുടെ തോളത്തിരുന്ന്
പൂക്കാലത്തെക്കുറിച്ചൊരു
പാട്ടുകൊരുക്കുമെന്നോ

ഒന്നും പറയാറില്ലാത്ത
കാറ്റു ചിലപ്പോള്‍ പറഞ്ഞേക്കാം
ഒറ്റയ്ക്കിരിക്കേണ്ട
എനിയ്ക്കൊപ്പം വന്നേക്കെന്ന്
ഇതായീ തൂവാലകൊണ്ട്
കണ്ണീരു തുടച്ചേക്കെന്ന്
ദാ ഈവിരല്‍ത്തുമ്പില്‍
മുറുകെ പിടിച്ചേക്കെന്ന് !

Thursday, September 8, 2011

പൂക്കളെ പരിചയപ്പെടുത്തല്‍

രാവിലെ ചാനലില്‍
പൂക്കളെ പരിചയപ്പെടുത്തുന്നു

ഫ്ലാറ്റിന്റെ ചുറ്റുഭിത്തിയ്ക്കുള്ളില്‍
വറുത്ത മാംസച്ചീളുകള്‍ ചവച്ച്
കണ്ടുകൊണ്ടിരുന്നവര്‍
പൊടുന്നനെയൊരു ഗൃഹാതുരതയുടെ
മഴക്കാറ്റില്‍
വീട്ടുമുറ്റത്തെ കാശിത്തുമ്പയിലേക്കും
പോക്കുവെയിലിന്റെ മുക്കുറ്റിയിലേക്കും
ഒഴുകിപ്പോയി
അങ്ങനെയെങ്കിലുമൊഴുകിപ്പോകാന്‍
ഒരിടമുണ്ടല്ലോയെന്നവര്‍
സമാധാനിച്ചു
നെടുവീര്‍പ്പെയ്ത് ആശ്വസിച്ചു

അതാ
നിലാവുകീറിയെടുത്തൊട്ടിച്ച
മന്ദാരച്ചാരുതകള്‍
ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞയെന്നു കോളാമ്പിച്ചിരികള്‍
ഞാനുണ്ട് ഞാനുണ്ടെന്ന മട്ടില്‍
തിക്കിത്തിരക്കുന്ന
പലതരം വയല്‍പ്പൂവുകള്‍

അവരങ്ങനെയൊഴുകുകയാണ്
കാറ്റെവിടെക്കൊണ്ടിടുമെന്നറിയാത്ത
അപ്പൂപ്പന്‍താടിയോര്‍മയില്‍

2

കാക്കപ്പൂവെന്നു പരിയപ്പെടുത്തുന്നു
കാശിത്തുമ്പയെ
മുക്കുറ്റിയെന്നു
പരിചയപ്പെടുത്തുന്നു
അരിപ്പൂവിനെ
തുമ്പയെന്നു പറഞ്ഞു കാണിക്കുന്നു
പേരുമറന്ന മറ്റൊരു പൂവിനെ

വറുത്തൊരു മാംസച്ചീള്
ചുണ്ടില്‍ത്തിരുകി
അതതല്ല അതതല്ല...യെന്നു വിളിച്ചുപറയുമ്പോള്‍
ശത്രുക്കളെ വെടിവെച്ചിട്ട്
തുരങ്കങ്ങളിലൂടെ നൂണ്ടുകൊണ്ടിരുന്നവര്‍
സോഡാക്കുപ്പിപോലെ
തൊണ്ടയില്‍തങ്ങിയ പുച്ഛത്തില്‍
മോണിറ്ററില്‍നിന്നു തലതിരിച്ച്
മോണിറ്ററിലേക്കുതന്നെ തലചരിച്ചു

പേരു മാറിയാലും
നിറം മാറില്ലല്ലോ
മണം മാറില്ലല്ലോ
പൂക്കളന്നേരവും പൂക്കളായ്ത്തന്നെ നില്‍ക്കുമല്ലോ
എന്നോര്‍ക്കുമ്പോള്‍
സ്ഫോടനപരമ്പരകളുടെ
ഹരംകൊള്ളിക്കുന്ന
ചെമ്പരത്തികള്‍
ഹാ ചെമ്പരത്തികള്‍ !

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP