Tuesday, December 12, 2017

അപരംഫോട്ടോഗ്രാഫർമാരുടെ ഗ്രൂപ്പിൽ
ഫോട്ടോഗ്രാഫറായിട്ടഭിനയിക്കണം
കവിതാ ഗ്രൂപ്പിൽ കവിയായി
മാറണം
സൗഹൃദ ഗ്രൂപ്പിൽ
തനി തറയാകണം
വായനശാലാ ഗ്രൂപ്പിൽ
വായനാസമ്പന്നനാകണം
ഫാമിലി ഗ്രൂപ്പിൽ
നല്ല കുടുംബനാഥനാകണം

പ്രകൃതിസംരക്ഷകരുടെ ഗ്രൂപ്പിൽ
പരിസ്ഥിതി വാദിയാകണം
നാട്ടമ്പല ഗ്രൂപ്പിൽ
ഭക്തകുചേലനാകണം
സഹപാഠികളുടെ ഗ്രൂപ്പിൽ
സമസ്വത്വവാദിയാകണം


സത്യത്തിൽ
ഞാനാരാണ്?
ഒടുവിൽ
മരിച്ചവരുടെ ഗ്രൂപ്പിൽ
മിണ്ടാതെ കിടക്കാൻ തിരുമാനിച്ചു
ശ്വാസം നിലയ്ക്കും വരെ...!

പരസ്പരം

വാക്കിന്റെ
മണം പിടിച്ച്
വന്നവരാണ് നമ്മൾ
ഒടുവിൽ
എണ്ണപ്പാത്രത്തിൽ വീണൊടുങ്ങിയ
ഉറുമ്പുകളെപ്പോലെ
കവിതയിൽ കാൽതെറ്റിച്ചു വീണ്
പരസ്പരം നനഞ്ഞൊട്ടിയ
ആത്മഹത്യകൾ !

ഈച്ചവിത വായിച്ച് 
ഉറങ്ങിപ്പോയ ഒരു കാലമുണ്ടായിരുന്നു
കവിതകൊണ്ട് മുറിവേറ്റ 
മൃഗമായിരുന്നു ഞാനന്ന്
ഇന്നോ
ആട്ടിയോടിക്കപ്പെട്ട
വെറുമൊരീച്ച
ഭൂതകാലത്തിന്റെ പഴച്ചാറിനെ
മോഹിച്ചു കൊണ്ടിരിക്കുന്നു

ആ ഒരു നടുക്കം

എത്ര കിറുകൃത്യമായ്
ആ തെങ്ങ് ആ പുലർച്ചയ്ക്ക്
അതു വഴി പോകുമവളുടെ
തലയിൽത്തന്നെ വീണു
ഒരു നിമിഷം മുൻപോ പിൻപോ
ആയിരുന്നെങ്കിൽ
ആ മുഖത്തിപ്പോൾ
അത്ഭുതത്തിന്റെ ചിരി വിടർന്നേനെ
മരണത്തിന്റെ
തണുത്ത നാക്കൊന്നിഴയാനാഞ്ഞ
നെറ്റിയിൽ
വിയർപ്പു പൊടിഞ്ഞേനെ
വിരലുകൾ കൊണ്ടതു തുടച്ച്
ഓടിക്കൂടിയവർക്കു ചുറ്റും നിന്ന്
അവിശ്വാസത്തിന്റെ ആശ്വാസം പകർന്നേനെ
ഇത്രയും നാൾ
ദ്രവിച്ചു നാരുനാരായ് നുറുങ്ങിയ
വേരുകളിറുക്കിപ്പിടിച്ച്
കാത്തു കാത്തു നിന്നപോലെ
പച്ചയറ്റു പോകാതെ
വീഴുമോയെന്നാർക്കുമൊന്നും തോന്നിപ്പിക്കാതെ
ശ്വാസം പിടിച്ചതു പോലെ
(കവിതയുമങ്ങനെത്തന്നെ
കിറുകൃത്യമായതു വീഴുന്നു
അതുവഴി പോകുമൊരുവന്റെ
ശിരസ്സിൽത്തന്നെ)
തെങ്ങു വീഴുന്നത്
പകർന്നു പകർന്നു വന്ന
സി.സി.ടി.വി ദൃശ്യത്തിൽ
നമ്മളെല്ലാവരും കണ്ടു
കാണാത്തവർക്കയച്ച്
ആകസ്മികതയുടെ അവകാശിയായ് മാറി.
അവരവരുടെയേകാന്തതയിൽപ്പോലും
പിന്നെയതിനെക്കുറിച്ചോർത്തില്ല
അത്രയസ്വാഭാവികമായ്
ആർക്കുമൊന്നും തോന്നിയിരിക്കില്ല
ഇക്കാലത്ത്
ജീവിക്കുന്നവർ അങ്ങനെയാണ്
(ഇനിയും വറ്റിയിട്ടില്ലാത്ത
ചില ചെറിയ തടാകങ്ങൾ
അവശേഷിക്കുന്നുണ്ടായിരിക്കാമെങ്കിലും)
ആദ്യം കണ്ടപ്പോഴുണ്ടായ
ആ ഒരു നടുക്കം
അതു മാത്രമാണ്
മനുഷ്യരാണ് നമ്മളെന്ന്
നമ്മെ ഓർമിപ്പിച്ചത്
അല്ലേ ...?

മരണം

എന്നിലപ്പോൾ
ഞാൻ മാത്രം..!

തോന്നാലാൽ മാത്രം


കുറ്റവാളി അല്ലാഞ്ഞിട്ടും
കുറ്റവാളിയാണെന്ന തോന്നലാൽ മാത്രം
ഞാൻ പിടിക്കപ്പെടുന്നു
ചേർത്തു വയ്ക്കാൻ ആവശ്യപ്പെട്ട തെളിവുകൾ
അതുകൊണ്ട് മാത്രം
അവിശ്വാസനീയമാം വിധം
കൂടിച്ചേരുന്നു
എന്നിലേക്കുള്ള
എന്റെ നോട്ടങ്ങൾ
സംശയാസക്തിയുടെ വീഞ്ഞുമണം വിളമ്പുന്നു
അത് ചെയ്തത് ഞാൻ തന്നെ
ആ ചോരക്കറയുള്ള കൈകൾ എന്റേതു തന്നെ
പിടിക്കപ്പെടുമ്പോൾ മാത്രം മറ നീങ്ങിപോകുന്ന
ഒരു നിഴലിലാണ് ഞാൻ
പിടിക്കപ്പെട്ടല്ലോ
ഉള്ളിലൊരു ഗൂഢസ്മിതത്തോടെ
ഇനിയുറക്കെ വിളിച്ചു പറയാം
ഈ ഞാൻ ഞാനല്ലെന്ന്!

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP