ഇനിയൊരാനയെ വരയ്ക്കാമെന്ന്
പടംവര ക്ലാസ്സില്‍
മാഷ് പറയുന്നു
കുട്ടികളെല്ലാം
മനസ്സിലൊരാനയെ വരച്ചു കഴിഞ്ഞിരുന്നു
അപ്പോഴേക്കും
മാഷിന്റെ കൈകള്‍ക്കുള്ളിലൊരാനയൊളിച്ചിരിപ്പുണ്ടെന്നും
അതിപ്പോള്‍ നെറ്റിപ്പട്ടമണിഞ്ഞ്
ചെവിയാട്ടുമെന്നും
കുട്ടികള്‍ നോക്കുന്നു
ബോര്‍ഡിലൊരാനയെ
മാഷ് വരയ്ക്കുന്നു
മാഷിന്റെ വരയിലൂടൊരാനയെ
കുട്ടികള്‍ വരയ്ക്കുന്നു
മാഷിന്റെ വര
കുട്ടികളുടെ വരയാകുന്നു
കുട്ടികള്‍ വരയുമാന
ചെവിയാട്ടുന്നു തുമ്പിയിളക്കുന്നു
ചങ്ങല കിലുക്കമില്ലാതെ
കാട്ടിലേക്കു നടക്കുന്നു
പൂഴിയാടി പൊന്തകളില്‍ മറയുന്നു
പെരുവയറനാനയെന്ന്
കുട്ടികള്‍ ചിരിക്കുന്നു
മാഷപ്പോള്‍ ഒരു പാപ്പാനാവുന്നു
ചങ്ങലയ്ക്കിട്ട കുട്ടികള്‍
ചെവിയാട്ടുന്നു
ചിന്നം വിളിക്കുന്നു
കുട്ടിയാനച്ചെവികളില്‍ നിന്ന്
മാഷിന്റെ വിരല്‍
പിച്ചിപ്പൂ പറിയ്ക്കുന്നു !
(മാതൃകാന്വേഷിയുടെ 100 ആം ലക്കത്തില്‍ )
4 comments:
vayichirunnu Anish.
kure naalayi ivide vannittu..!
മാഷും കുട്ടിയാനകളും നല്ല രസമായി!!
നന്നായിരിക്കുന്നു
മാഷിന്റെ കൈകള്‍ക്കുള്ളിലൊരാനയൊളിച്ചിരിപ്പുണ്ടെന്നും അതിപ്പോള്‍ നെറ്റിപ്പട്ടമണിഞ്ഞ് ചെവിയാട്ടുമെന്നും കുട്ടികള്‍ നോക്കുന്നു..
പക്ഷെ, മാഷിന്റെ വിരല്‍ പിച്ചിപ്പൂ പറിയ്ക്കുന്നു..
എവിടേയും വേദനിപ്പിക്കാതെ പൂപോലെ തലോടുന്ന വരികള്‍ ..മനോഹരം..
Post a Comment