
ഈ കറിക്കത്തിയുടെ
മൂര്‍ച്ചയെക്കുറിച്ചു പറയുമ്പോള്‍ ...
അരിഞ്ഞു നീക്കുമ്പഴും
നിലവിളിക്കാത്ത
ചീരയിലകളെക്കുറിച്ചു പറയേണ്ടിവരും
നെഞ്ചുപിളര്‍ന്ന്
കുടല്‍മാല പുറത്തിടുമ്പഴും
ഒന്നും മിണ്ടാത്ത
മത്തങ്ങകളെക്കുറിച്ച്
വിരലരിയുന്ന പോലെ
നുറുക്കി വീഴ്ത്തുമ്പഴും
ശബ്ദിക്കാത്ത
വെണ്ടക്കായകളെക്കുറിച്ച്
കവിളുപോലെ
മൃദുവായ് മുറിച്ചിടവേ
പിടയ്ക്കാത്ത
തക്കാളിത്തുടുപ്പിനെക്കുറിച്ച്
വെട്ടിയിടുമ്പോള്‍
നെഞ്ചിലെച്ചോര
നിശ്ശബ്ദതയുടെ വിരലില്‍ പുരട്ടിയ
ബീറ്റ്റൂട്ടിനെക്കുറിച്ച്
പറയേണ്ടി വരും
പ്രണയത്തിന്റെ ഒഴുക്കുകളെ
സ്വതന്ത്രമാക്കിയ
നിന്റെ ഹൃദയത്തിന്റെ
മൂര്‍ച്ചയെപ്പറ്റിയും..