ഇപ്പൊ തിരിച്ചുവിളിയ്ക്കാ
മെന്നു പറഞ്ഞ്
മറന്നുപോയവരുടെ കാര്യം നില്‍ക്കട്ടെ
ഇപ്പൊ വിളിക്കും
വിളിക്കുമെന്നു വിചാരിച്ച്
മണിക്കൂറുകളോളം
വിരസതയുടെ മണലിലിരുന്ന്
കുഴിച്ചുകുഴിച്ചു
തുരങ്കമുണ്ടാക്കി
അതിലിറങ്ങിപ്പോയവരാണ്
ഇടയ്ക്കു കാറ്റുകൊള്ളാന്‍വരുന്ന
ഈ കടല്‍ ഞണ്ടുകള്‍
ആ മണിക്കൂറുകളുടെ കാര്യമോ
ഇപ്പൊ വിളിയ്ക്കും
വിളിക്കുമെന്ന
ഹൃദയമിടിപ്പുകളെണ്ണി
കടലകൊറിച്ചിരിക്കാന്‍
കൂട്ടിരുന്ന്
മടുപ്പുകൊണ്ട്
മുളച്ചുപടര്‍ന്ന
മരച്ചുവട്ടില്‍
കൂച്ചുവിലങ്ങിട്ട്
ചിന്നം വിളിച്ച്
മദംപൊട്ടിയത്
കാര്‍മേഘമായ്
മാറിയത്
കണ്ടില്ലേ
ഇപ്പൊ വിളിയ്ക്കാമെന്നു പറഞ്ഞ്
ഷവര്‍മ ഹട്ടിലേക്കോ
ഫേസ് ബുക് ചാറ്റിലേക്കോ
കയറിപ്പോയതിന്റെ
കലിപ്പുമുഴുവന്‍ തീര്‍ക്കുകയാണ്
ഇടി
വെട്ടി
പെയ്ത് !