എടോ തണുപ്പേ
താനിങ്ങനെയെന്നും
രാപ്പാതിനേരത്ത്
കടന്നുവന്ന്
ക്രൂരനായ വന്യമൃഗം
തേറ്റയാലെന്നപോലെ
മുരണ്ടുകൊണ്ടെന്റെ
പുറത്താകുന്ന ശരീരത്തെ
കുത്തിമറിക്കുകയാണ്
ഞാനപ്പോള്‍
സൂചിത്തലപ്പിനേക്കാള്‍
സൂക്ഷ്മമായ നിന്റെ മൂര്‍ച്ചയില്‍
നിന്നു രക്ഷപ്പെടാന്‍
പുതപ്പിനുള്ളിലേക്കു
ചുരുണ്ടുകൂടുകയാണ്
എന്നാലും
അസ്വസ്ഥപ്പെടുത്തുന്ന
സുഖാലസ്യത്തിന്റെ ചൂടില്‍നിന്ന്
ഇടയ്ക്കിടയ്ക്ക്
നിന്റെ തേറ്റയിലേക്കെന്റെ
പുതപ്പു ഞാന്‍ മാറ്റുന്നുണ്ട്
മരണത്തിന്റെ നാക്കിലേക്ക്
നീട്ടുന്ന ഉഷ്ണശരീരങ്ങള്‍പോലെ!