ഒരു ചെറിയകഷണം
മെഴുകുതിരിയുടെ പ്രകാശത്തില്‍
വായിക്കുകയായിരുന്നു
ചെറിയ കഷണം മെഴുകുതിരി
അതെപ്പോള്‍ വേണമെങ്കിലും
കെട്ടുപോകാം
അല്പനേരത്തെ വെളിച്ചം
അക്ഷരങ്ങളെ ഇരുട്ടില്‍നിന്ന്
തിളക്കുന്നു
ഇരുട്ടിലേക്കെത്രദൂരമുണ്ടെന്നളക്കാന്‍
ഇടയ്ക്കിടയ്ക്ക് തിരിഞ്ഞുനോക്കുന്നു
എത്ര പേജുകളവശേഷിക്കുന്നുണ്ടെന്ന്
മറിച്ചുനോക്കുന്നു
എല്ലാ കണക്കുകൂട്ടലുകളും
തെറ്റിച്ചുകൊണ്ട്
കറന്റുവന്നേക്കാം അല്ലെങ്കില്‍
ഒരു കാറ്റുവന്ന് മെഴുകുതിരി
കെടുത്തിയേക്കാം
കണ്ടാലറിയാം
രണ്ടും അതാഗ്രഹിക്കുന്നുണ്ടെന്ന്,
പ്രകാശം പരത്തുന്ന ജീവിതം
എന്നൊക്കെ പറയിച്ച്
കത്തുന്നു എങ്കിലും.