Thursday, September 8, 2011

പൂക്കളെ പരിചയപ്പെടുത്തല്‍

രാവിലെ ചാനലില്‍
പൂക്കളെ പരിചയപ്പെടുത്തുന്നു

ഫ്ലാറ്റിന്റെ ചുറ്റുഭിത്തിയ്ക്കുള്ളില്‍
വറുത്ത മാംസച്ചീളുകള്‍ ചവച്ച്
കണ്ടുകൊണ്ടിരുന്നവര്‍
പൊടുന്നനെയൊരു ഗൃഹാതുരതയുടെ
മഴക്കാറ്റില്‍
വീട്ടുമുറ്റത്തെ കാശിത്തുമ്പയിലേക്കും
പോക്കുവെയിലിന്റെ മുക്കുറ്റിയിലേക്കും
ഒഴുകിപ്പോയി
അങ്ങനെയെങ്കിലുമൊഴുകിപ്പോകാന്‍
ഒരിടമുണ്ടല്ലോയെന്നവര്‍
സമാധാനിച്ചു
നെടുവീര്‍പ്പെയ്ത് ആശ്വസിച്ചു

അതാ
നിലാവുകീറിയെടുത്തൊട്ടിച്ച
മന്ദാരച്ചാരുതകള്‍
ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞയെന്നു കോളാമ്പിച്ചിരികള്‍
ഞാനുണ്ട് ഞാനുണ്ടെന്ന മട്ടില്‍
തിക്കിത്തിരക്കുന്ന
പലതരം വയല്‍പ്പൂവുകള്‍

അവരങ്ങനെയൊഴുകുകയാണ്
കാറ്റെവിടെക്കൊണ്ടിടുമെന്നറിയാത്ത
അപ്പൂപ്പന്‍താടിയോര്‍മയില്‍

2

കാക്കപ്പൂവെന്നു പരിയപ്പെടുത്തുന്നു
കാശിത്തുമ്പയെ
മുക്കുറ്റിയെന്നു
പരിചയപ്പെടുത്തുന്നു
അരിപ്പൂവിനെ
തുമ്പയെന്നു പറഞ്ഞു കാണിക്കുന്നു
പേരുമറന്ന മറ്റൊരു പൂവിനെ

വറുത്തൊരു മാംസച്ചീള്
ചുണ്ടില്‍ത്തിരുകി
അതതല്ല അതതല്ല...യെന്നു വിളിച്ചുപറയുമ്പോള്‍
ശത്രുക്കളെ വെടിവെച്ചിട്ട്
തുരങ്കങ്ങളിലൂടെ നൂണ്ടുകൊണ്ടിരുന്നവര്‍
സോഡാക്കുപ്പിപോലെ
തൊണ്ടയില്‍തങ്ങിയ പുച്ഛത്തില്‍
മോണിറ്ററില്‍നിന്നു തലതിരിച്ച്
മോണിറ്ററിലേക്കുതന്നെ തലചരിച്ചു

പേരു മാറിയാലും
നിറം മാറില്ലല്ലോ
മണം മാറില്ലല്ലോ
പൂക്കളന്നേരവും പൂക്കളായ്ത്തന്നെ നില്‍ക്കുമല്ലോ
എന്നോര്‍ക്കുമ്പോള്‍
സ്ഫോടനപരമ്പരകളുടെ
ഹരംകൊള്ളിക്കുന്ന
ചെമ്പരത്തികള്‍
ഹാ ചെമ്പരത്തികള്‍ !

10 comments:

asmo puthenchira said...

oonathinu poovidaan orupaadu pookkal. oonam kavithayaal dhanyamaakattte.

എം പി.ഹാഷിം said...

valare nannnaayi aneesh!

മുകിൽ said...

പൂക്കളെല്ലാം ഇനി തെറ്റി പറയും..

Sangeetha Sumith said...

കവിത നന്നായിരിക്കുന്നു ...പൂക്കളത്തിനു ഭാഗമാകാന്‍ യോഗമില്ലാതെ അവിടെ എന്റെ തൊടിയില്‍ നില്‍ക്കുന്ന ചെത്തിയും ചെമ്പരത്തിയുമൊക്കെ വേദനിക്കുന്നുണ്ടാവും ....അവരെ തെറ്റിയെങ്കിലും പറയാന്‍ ആളുണ്ടായിരുന്നെങ്കില്‍ എന്ന് ആശിക്കുന്നുണ്ടാവും ....

Njanentelokam said...

യാഥാര്‍ത്യങ്ങള്‍

ശ്രീനാഥന്‍ said...

ഭീകര കവിത! ഇഷ്ടമായി!

എസ് കെ ജയദേവന്‍ said...

തിരക്കുപിടിച്ച ഓണം...
ഓണം കഴിഞ്ഞാലേ പൂക്കളെക്കാണാന്‍ നേരമുള്ളൂ !!!

Midhin Mohan said...

kaalam thetti vidarunna pookkal...
avare kaanaatha manushyar....
niram mangi naracha onam, onamallaathaayi maarunnu......!!!
nalla kavitha etta.

ചിത്ര said...

kavitha ishtapettu..

naakila said...

Ellavarkkum Nandiyum Snehavum

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP