Monday, September 12, 2011

ഒരിടത്ത്

മരച്ചുവട്ടില്‍
ആരും കാണാത്ത
ഒരിടത്തൊറ്റയ്ക്കിരുന്ന്
തേങ്ങിക്കരയുന്ന കുഞ്ഞിനോട്
നമ്മളെന്തു പറയും?

മരിച്ചുപോയ
അവന്റെ അച്ഛനുമമ്മയും
മറ്റൊരു വണ്ടിയില്‍
മടങ്ങിവരുമെന്നോ

മറവിയിലേയ്ക്കോടിപ്പോയ
അവന്റെ കുഞ്ഞനുജത്തി
കുറ്റിക്കാട്ടിലൊരിടത്ത് വലിച്ചെറിഞ്ഞ
പാവയുമൊക്കത്തുവച്ച്
കുളക്കരയില്‍ചെന്ന്
ഇനിയുമാമ്പല്‍പ്പൂക്കളെ
കൊതിപ്പിച്ചു കൊഴിക്കുമെന്നോ

അവന്റെ വീട്
ഉറങ്ങാന്‍ മറന്നുപോയ
ഋതുക്കളുടെ തോളത്തിരുന്ന്
പൂക്കാലത്തെക്കുറിച്ചൊരു
പാട്ടുകൊരുക്കുമെന്നോ

ഒന്നും പറയാറില്ലാത്ത
കാറ്റു ചിലപ്പോള്‍ പറഞ്ഞേക്കാം
ഒറ്റയ്ക്കിരിക്കേണ്ട
എനിയ്ക്കൊപ്പം വന്നേക്കെന്ന്
ഇതായീ തൂവാലകൊണ്ട്
കണ്ണീരു തുടച്ചേക്കെന്ന്
ദാ ഈവിരല്‍ത്തുമ്പില്‍
മുറുകെ പിടിച്ചേക്കെന്ന് !

4 comments:

Njanentelokam said...

കാറ്റിന്റെ സാന്ത്വനം .....
നല്ല വരികള്‍

ശ്രീനാഥന്‍ said...

ഇളം കാറ്റു പോലെ വരികൾ!

- സോണി - said...

ഒറ്റയ്ക്കിരുന്നു കരയുന്ന കുഞ്ഞിനെ സാന്ത്വനിപ്പിക്കാന്‍....
കാറ്റിനെ കഴിയൂ.

മുകിൽ said...

ഇനിയുമാമ്പൽ പ്പൂക്കളെ കൊതിപ്പിച്ചുകൊചിക്കുമെന്നോ! സുന്ദരം..

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP