ആ മരത്തില്‍
എത്രയിനം കിളികളാണ്
ദിവസവും വരുന്നത്
കൂടുകെട്ടുന്നത്
കൊക്കുരച്ചു മിനുക്കുന്നത്
ഇലത്തുമ്പാല്‍ കണ്ണെഴുതുന്നത്
കിരുകിരുപ്പാല്‍
അള്ളിപ്പിടിക്കുന്നത്
നഗരത്തില്‍ നിന്നുള്ള
ആരവങ്ങളോ
കൊന്നും കൊലവിളിച്ചും
നടക്കുന്ന വാളുകളോ
അതിന്റെ ഓര്‍മയില്‍പ്പോലുമില്ല
ഏകാന്തതയെക്കുറിച്ച്
ഒരു വരി
വായുവില്‍പ്പോലുമെഴുതിയിട്ടില്ല
ഒറ്റ രാത്രികൊണ്ട്
മുഴുപ്പച്ചയായതെങ്ങനെ
എന്ന കൗതുകം
ഒരു കൂട്ടപ്പറക്കല്‍
ഋതുഭേദമാക്കും
മധുരമോ പുളിയോ കലര്‍ന്ന
ഒരോര്‍മയും
ഇതുവരെ പകര്‍ന്നിട്ടില്ല
അതൊന്നുമല്ല
സ്നേഹമെന്ന്
മനസ്സിലാക്കേണ്ടിയിരിക്കുന്നു
ഒരിക്കലും അരുതാത്ത ചിലത്
നമ്മളില്‍ സംഭവിക്കുന്നു
നമ്മളെന്താണിങ്ങനെയെന്ന്
നമ്മളെപ്പോഴാണിങ്ങനെയായെന്ന്
വിചാരിക്കാന്‍ പോലും
സമയമില്ലാതായിരിക്കുന്നു
പേരിട്ടുവിളിക്കാന്‍
പഠിച്ചതോടെ
ചരിത്രത്തില്‍ നിന്നുപോലും
നഷ്ടപ്പെട്ടു പോയത്
എവിടെ നിന്നു തിരിച്ചെടുക്കാനാണ്
ആ മരം
അത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്
കിളികള്‍ കാണിച്ചു തരുന്നുണ്ട്
എത്ര കുഴിച്ചാലും കണ്ടെത്താനാവാത്ത
ചില തിളക്കങ്ങള്‍
അലസമായൊരു നോട്ടത്താല്‍പ്പോലും
കണ്ടെത്താനാവുമെന്ന്
എത്ര നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും
നമ്മള്‍ പഠിക്കില്ല !