Tuesday, May 13, 2014

പവര്‍കട്ട്


ഒരു ചെറിയകഷണം
മെഴുകുതിരിയുടെ പ്രകാശത്തില്‍
വായിക്കുകയായിരുന്നു

ചെറിയ കഷണം മെഴുകുതിരി
അതെപ്പോള്‍ വേണമെങ്കിലും
കെട്ടുപോകാം
അല്പനേരത്തെ വെളിച്ചം
അക്ഷരങ്ങളെ ഇരുട്ടില്‍നിന്ന്
തിളക്കുന്നു

ഇരുട്ടിലേക്കെത്രദൂരമുണ്ടെന്നളക്കാന്‍
ഇടയ്ക്കിടയ്ക്ക് തിരിഞ്ഞുനോക്കുന്നു
എത്ര പേജുകളവശേഷിക്കുന്നുണ്ടെന്ന്
മറിച്ചുനോക്കുന്നു

എല്ലാ കണക്കുകൂട്ടലുകളും
തെറ്റിച്ചുകൊണ്ട്
കറന്റുവന്നേക്കാം അല്ലെങ്കില്‍
ഒരു കാറ്റുവന്ന് മെഴുകുതിരി
കെടുത്തിയേക്കാം
കണ്ടാലറിയാം
രണ്ടും അതാഗ്രഹിക്കുന്നുണ്ടെന്ന്,
പ്രകാശം പരത്തുന്ന ജീവിതം
എന്നൊക്കെ പറയിച്ച്
കത്തുന്നു എങ്കിലും.

4 comments:

എം പി.ഹാഷിം said...

velichamulla kavitha

ബൈജു മണിയങ്കാല said...

മരണ മണമുള്ള കാറ്റ് മനോഹര ജീവിതാഖ്യാനം

ajith said...

എപ്പോള്‍ വേണമെങ്കിലും അണഞ്ഞുപോകാവുന്ന ഒന്ന്!

Cartoonist said...

മരണാഭിമുഖ്യവും
ഒത്തുതീർപ്പുകാരന്റെ ജീവിതവ്യഗ്രതയും
നന്നായി, ചെറുതാക്കി
കാണിച്ചത് അസ്സലായി !

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP