Tuesday, July 21, 2009
ഇങ്ങനെയും ചിലത്
ചോക്കുകഷണം
എഴുതിവച്ചതെല്ലാം
മായ്ച്ചുകളഞ്ഞ ബോര്‍ഡ്
അവധിക്കാലത്ത്
ഒറ്റയ്ക്കിരുന്നു മുഷിഞ്ഞ്
ബഞ്ചിലും ഡസ്കിലുമെല്ലാം
ചവിട്ടി നടന്ന പാടുകളുണ്ടാവും
സ്കൂള്‍തുറക്കുന്ന
ഓരോ ക്ലാസ്മുറിയിലും
കറുപ്പില്‍ വെളുപ്പെഴുതിയത് കൂട്ടിവായിച്ച്
മറ്റൊരവധിക്കാലം കഴിഞ്ഞ്
മഴക്കാലം കുളിച്ചൊരുങ്ങി
ക്ലാസ്സിലെത്തുമ്പോള്‍
ഡസ്കിനിടയില്‍
മറന്നുവച്ചൊരു നോട്ടുബുക്ക്
ബോര്‍ഡിനുപിന്നില്‍
തിരുകിവച്ചതാരാണെന്ന്
ചോദിക്കാന്‍ മറക്കും
ടീച്ചറില്ലാത്ത പിരിയഡില്‍
അച്ചടക്കത്തിന്റെ തൊലിപൊട്ടി
നിലത്തു മാമ്പഴങ്ങള്‍ ചിതറുമ്പോള്‍
ആരും കാണാതെ
അതിലൊന്നു പെറുക്കി
ചുവരില്‍ത്തന്നെ
തൂങ്ങിക്കിടക്കും
വിളിച്ചു പറയണമെന്നുണ്ടായിരുന്നു
ബ്ലാക് ആന്റ് വൈറ്റ് സിനിമയിലെ
നായകനെപ്പോലെ
ഇടിച്ചുവീഴ്ത്തണമെന്നുണ്ടായിരുന്നു
അസൂയമൂത്ത്
ഇല്ലാത്തൊരു പ്രണയത്തെ
അമ്പുതുളഞ്ഞ ഹൃദയത്തോടൊപ്പം
നെഞ്ചില്‍ വരച്ചവനെ
ക്ലാസ്സുമുറിയില്‍
ചുറ്റിത്തിരിഞ്ഞൊരു കാറ്റ്
ബോര്‍ഡ് മായ്ക്കുമോ
അല്ലെങ്കില്‍ എങ്ങനെയാണ്
ഉച്ചബെല്ലടിച്ച്
ഒന്നും സംഭവിക്കാതെ
വിയര്‍ത്തൊലിച്ച്
ബഞ്ചു നിറഞ്ഞപ്പോള്‍
പുതിയ പാഠത്തിന്റെ തലക്കെട്ട്
കറുത്തിരുണ്ട ബോര്‍ഡില്‍ തെളിഞ്ഞത്?
ടീച്ചര്‍ക്കുപോലും
താനെഴുതിയതല്ലെന്ന്
സംശയം തോന്നാത്ത വിധം.
Tuesday, July 14, 2009
പെന്‍സില്‍
എഴുതുമ്പോള്‍
മുനയൊടിഞ്ഞ പെന്‍സിലുമായ്
ഒരു കുട്ടി വന്നു
ചെത്തിയിട്ടും ചെത്തിയിട്ടും
മുനവരാത്ത
പെന്‍സിലിനെക്കുറിച്ചോര്‍ത്തു
അതുകൊണ്ട് തെളിയിക്കാനാവാത്ത
ജീവിതത്തെക്കുറിച്ചും
കുഞ്ഞു കണ്ണില്‍
മുനയില്ലാത്ത
പെന്‍സിലിനെക്കുറിച്ചായിരുന്നു
ആശങ്ക
ചെത്തുമ്പോള്‍
മുനവരില്ലെന്നും
പാതിനിറുത്തിയത്
മുഴുമിക്കാനാവില്ലെന്നും
കുഞ്ഞുമിഴികള്‍ക്കറിയുമോ
വിരിയുംമുന്‍പേ
കൊഴിയുന്ന പൂക്കളുടെ
ചിത്രങ്ങളായിരുന്നു
അവളുടെ പുസ്തകം നിറയെ
നിറങ്ങളില്ലാതെ
Wednesday, July 1, 2009
നോക്ക്
കയ്പവളളിയുടെ തല
നീണ്ടു നീണ്ടു വന്നു;
നട്ടു നനച്ചത്
വെറുതെയാവില്ലെന്ന വിശ്വാസവും
പന്തലിട്ട്
കാത്തിരുന്നു
പ്രണയം
ഹൃദയത്തെ മൂടും പോലെ
പാവല്‍വളളി പന്തലുമൂടി
തളിരിട്ടു, തണലിട്ടു.
സ്ലേറ്റില്‍
ആദ്യമായ് എഴുതിയ വാക്കു വളര്‍ന്ന്
ജീവിതത്തിലും
പന്തലിടുന്നത്
സ്വപ്നം കണ്ടിരുന്നു
പൂവും കായുമില്ലാത്ത
പാവല്‍പ്പടര്‍പ്പിനു മുകളില്‍
നോക്കുകുത്തിയുടെ കുപ്പായമിട്ട്
കരിക്കലം തലയില്‍ കമഴ്ത്തി
വെളുത്ത് ചിരിച്ച് നിന്നു
വിശന്ന വയര്‍
വയ്ക്കോലു തന്നെയോ
എന്ന നോട്ടങ്ങളെ
കരിങ്കണ്ണാ...!
എന്നു ചിതറിച്ച്
(ഹരിതകം.കോം)
Subscribe to:
Posts (Atom)