Wednesday, September 14, 2011

കുമിളകള്‍

ബീവറേജിനു മുന്നില്‍
നീണ്ട ക്യൂവിനുപിന്നില്‍
നില്‍ക്കുമൊരാളുടെ വിചാരത്തില്‍
താനേറ്റവും പിന്നിലാണല്ലോ
എന്ന തോന്നലൊരു കുമിളയായുയര്‍ന്നു
അത് തൊട്ടുപിന്നില്‍ വന്നുനിന്ന
മറ്റൊരാളിലേക്കു പൊട്ടിയത്
അന്നേരം ഭൂമിയിലെവിടെയോ ഒരിടത്ത്
ഏറ്റവുമവസാനം ജനിച്ച
ഒരു കുഞ്ഞിന്റെ കരച്ചിലിനൊപ്പമാണ്

ഒന്നില്‍ നിന്നു തൊട്ടുപിന്നില്‍ വന്ന
മറ്റൊന്നിലേക്കു പൊട്ടുകയുമതില്‍ നിന്നു
പിന്നെയും പൊള്ളയ്ക്കുകയും ചെയ്യുന്ന
കോടാനുകോടി കുമിളകളാല്‍
ചകിതമാക്കപ്പെട്ട ഭൂമി
ഒന്നും സംഭവിക്കാത്തതുപോലെ
നൂറുനൂറായിരം വൈചിത്ര്യങ്ങളുടെ
ആവരണത്താല്‍ ചുറ്റപ്പെട്ട ഭൂമി
അതാ ഏറ്റവുമവസാനം ജീവനുവേണ്ടി പിടയുമൊന്നിന്റെ
മരണത്തിന് കാതോര്‍ക്കുന്നു
അദൃശ്യമായ നൂറുനൂറായിരം
കാതുകള്‍
കൂണുകള്‍പോലെ മുളച്ചുകൊണ്ടിരിക്കുന്നു

തൊട്ടടുത്ത നിമിഷം
തൊട്ടടുത്ത നിമിഷത്തില്‍
വീണുപൊട്ടുന്ന
കുമിളകള്‍ക്കിടയിലൂടെ, കിതച്ചു
പോവുകയാണോരോ നിമിഷവും

ഏറ്റവുമവസാനത്തെ
ഈ കവിതയിലും
പൊന്തിവന്നൊരു കുമിളയുണ്ട്

മറ്റൊരുകവിതയില്‍
അതിപ്പോള്‍ പൊട്ടിയിട്ടുണ്ടാവാം
അതെഴുതിയത് നിങ്ങളായിരിക്കാം.

8 comments:

naakila said...

മറ്റൊരുകവിതയില്‍
അതിപ്പോള്‍ പൊട്ടിയിട്ടുണ്ടാവാം
അതെഴുതിയത് നിങ്ങളായിരിക്കാം

Njanentelokam said...

ചിന്തകളുടെ നൈരന്തര്യം.....
മനോഹരമായിരിക്കുന്നു.

എം പി.ഹാഷിം said...

വളരെ ഈടുറ്റ ഒരാശയം ...ഒന്നില്‍ നിന്ന് മറ്റൊന്ന്.
ഈ വായനയും വേറെയൊരുപാടിടങ്ങളില്‍ പുതിയ ചിന്തയ്ക്ക് കുമിള പൊട്ടിയിരിക്കാം....!


നീണ്ട ക്യൂവിന്പിന്നില്‍ നില്‍ക്കുമോരാളുടെ
വിചാരത്തില്‍ താനേറ്റവും പിന്നിലാണല്ലോ

ശ്രീനാഥന്‍ said...

താനേറ്റവും പിന്നിലാണല്ലോ എന്ന് ‘ബുദ്ബുദം പോലൊരു ചിന്ത പൊങ്ങാൻ‘ (ജല സേചനം എന്ന് വൈലോപ്പിള്ളി തലക്കെട്ടിട്ടത് രണ്ടർത്ഥത്തിലാകുമോ ആവോ!) ബെസ്റ്റ് സ്ഥലം തന്നെ ബിവറേജസ് ക്യൂ. ചിന്ത മനുഷ്യനെ ബോംബായി പൊട്ടിക്കുന്നതും കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നതും കവിതയുടെ സമകാലികത. അസ്സലായി.

മുകിൽ said...

മനോഹരം അനീഷ്. അഭിനന്ദനങ്ങൾ.

- സോണി - said...

അവസാനത്തെ മൂന്നു വരികള്‍ കൂടുതല്‍ ഇഷ്ടമായി.

Kalavallabhan said...

വീണുപൊട്ടുന്ന
കുമിളകള്‍ക്കിടയിലൂടെ, കിതച്ചു
പോവുകയാണോരോ നിമിഷവും

ആര്‍. ശ്രീലതാ വര്‍മ്മ said...

ഒരു ഓര്‍മപ്പെടുത്തല്‍, അനിവാര്യമായ തുടര്‍ച്ച, വാക്കിലെ കരുതലിന് നന്ദി, അനീഷ്‌...

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP