Monday, September 12, 2011

ചതുരങ്ങളാക്കിയ ചുടുകട്ടകള്‍









ഇടയ്ക്കൊരു ദിവസം തോന്നും
എല്ലാമൊന്നടുക്കിപ്പെറുക്കിവയ്ക്കണമെന്ന്

ജനാലത്തട്ടി
ലടങ്ങിയൊതുങ്ങാതിരിക്കുന്ന വാരികകള്‍
പാതിവായിച്ച പുസ്തകങ്ങള്‍
തുണ്ടുകവിതകള്‍
മുറിച്ചെടുത്ത പഴയകട്ടിലിന്നുരുണ്ട കാല്‍ക്കഷണത്തില്‍
ശില്പചാതുരിയിലുരുകിയൊലിച്ച വെളിച്ചത്തിരികള്‍
കീറത്തുണിപോലെ ചുരുട്ടിവെച്ച
വീര്‍പ്പുമുട്ടല്‍

വായിച്ചെത്തിയിടത്തൊരു മടക്കുവെച്ച്
ഷെല്‍ഫിലേക്കോ
കടലപൊതിയാനടുക്കിവെച്ച കെട്ടുകളിലേക്കോ
കത്തുന്ന മറവിയിലേക്കോ
അവയോരോന്നപ്രത്യക്ഷമാവും

പിന്നെയോരോ കാല്‍വെപ്പിലുമൊതുക്കം ദൃശ്യമാവും
എത്രവൃത്തിയായ് വിതച്ചിരിക്കുന്നു താരങ്ങളെ
മണല്‍ത്തരികളെ
കൃത്യമായളന്നുമുറിച്ചിട്ട റെയില്‍പ്പാളങ്ങള്‍
ഒറ്റവരിയില്‍ മാത്രം
സഞ്ചരിക്കുന്ന വാഹനങ്ങള്‍
സീബ്രാലൈനിലൂടെ മാത്രം
റോഡുമുറിയ്ക്കുന്ന നിര്‍ഭയങ്ങള്‍
ഹാ ! ചതുരങ്ങളാക്കിയ ചുടുകട്ടകള്‍

ഓരോന്നും
എഴുതാത്ത നോട്ടുബുക്കിലെ
പേജുകള്‍പോലെയെന്ന തോന്നല്‍
എവിടെവച്ചാണ് നൂലുപൊട്ടുന്നത്?

വെട്ടാത്ത മുടി
വളര്‍ന്ന നഖം
ഒതുക്കമില്ലാതെ വഴിയും
താടിരോമശൃംഗങ്ങള്‍
വായിക്കാനെടുത്ത് മറവിയിലേക്കുമാറ്റി വയ്ക്കുന്ന
മുഷിവന്‍ വൈകുന്നേരങ്ങള്‍
ഉറുമ്പുകള്‍ കൊണ്ടുനടക്കുന്ന
പഴഞ്ചന്‍രുചികള്‍
എല്ലാമൊന്നടുക്കിവയ്ക്കണമെന്ന
തോന്നലും !

ബൂലോകകവിത ഓണപ്പതിപ്പ്

11 comments:

C J Jithien said...

നന്നായിരിക്കുന്നു ആശംസകള്‍....

Njanentelokam said...

BACK TO SQUARE ONE...

എം പി.ഹാഷിം said...

വന്നു വന്ന് അനീഷിന്റെ കവിതയ്ക്കെന്തോ ആ... പഴയ ഒരു സൌന്ദര്യമൊക്കെ
നഷ്ടപ്പെട്ട പോലെ ....എന്റെ തോന്നലാവുമോ .....
ഈയിടെ എല്ലാം വെറുതെ എന്തൊക്കെയോ ദൃതിയില്‍ പറഞ്ഞു പോകുന്ന പോലെ ....

ഭാവുകങ്ങള്‍

naakila said...

സിജെ ഡയറി
നാരദന്‍

സൂക്ഷ്മമായി എന്റെ കവിതയെ പിന്‍തുടരുന്നതിന് വളരെ സന്തോഷമുണ്ട്, പ്രിയ ഹാഷിം.നഷ്ടപ്പെട്ട സൗന്ദര്യം ഭാഷാപരമാണോ?

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയോടെ

സ്മിത മീനാക്ഷി said...

അനീഷിന്റെ കവിതയിപ്പോഴും സുന്ദരം ( സുന്ദരി എന്നു പറയണോ ) തന്നെ.

ശ്രീനാഥന്‍ said...

അടുക്കിയും അടുക്കാതെയും അങ്ങനെ മാറിമാറി ...നന്നായി.

എം പി.ഹാഷിം said...

ഭാഷാപരം തന്നെ അനീഷ്‌ ...
സാധാരണ വായനക്കാരന് ഒരു പ്രത്യേക ലോകം തുറക്കുന്ന
ഭാഷാപരമായ പ്രത്യേകത താങ്കളുടെ കവിതകളുടെ കരുത്തു തന്നെയാണ്.
ഞാന്‍ പറഞ്ഞത് എന്റെ തോന്നല്‍ മാത്രമാണ്. ഓരോരുത്തര്‍ക്കും അവരവരുടെ രുചിയുണ്ടല്ലോ...?

അനീഷിന്റെ കവിതകളില്‍ വളരെയിഷ്ടപ്പെട്ടവയോടു മുന്‍വിധി വച്ച് വായിക്കുന്നതിനാലുള്ള
വെറും തോന്നലാവാം.....

- സോണി - said...

എല്ലാകവിതയും എല്ലാവരികളും എപ്പോഴും ഒരേപോലെ സുന്ദരവും കാവ്യഭംഗി നിറഞ്ഞതും ആവില്ലല്ലോ. എന്നാല്‍ സൌന്ദര്യം കുറഞ്ഞു എന്ന തോന്നല്‍ അവ ഇപ്പോഴും ഉണ്ടാക്കുന്നില്ല.

ആശയം ശരിക്കും ഇഷ്ടപ്പെട്ടു, എനിക്കെപ്പോഴും സംഭവിക്കുന്നത്.

naakila said...

വളരെ നന്ദി ഹാഷിം
സ്മിത മീനാക്ഷി
ശ്രീനാഥന്‍ മാഷേ
സോണി

സ്നേഹം

naakila said...

അബോധപരമായി ചില മാറ്റങ്ങള്‍ കവിതയില്‍ സംഭവിക്കുന്നുണ്ടാവാം. തീര്‍ച്ചയായും ഹാഷിമിനെപ്പോലുള്ള ഒരാള്‍ക്കേ അത് തിരിച്ചറിയാന്‍ കഴിയൂ.നന്ദി.

മുകിൽ said...

കവിത നല്ലതു തന്നെ.

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP