Saturday, August 18, 2012

കൈവിട്ട കല്ല് വാ വിട്ട വാക്ക്

കൊല്ലാന്‍
കൊട്ടേഷന്‍ കൊടുത്തശേഷം
സുഹൃത്തിനെ കാണാന്‍ പോവുകയാണ്

ഇപ്പോഴവന്റെ
വീട്ടിലേക്കുള്ള വഴി
അത്ര ദുര്‍ഘടമായ് തോന്നിയില്ല
കല്ലുപാകിയ നിലങ്ങള്‍
ക്കത്ര മൂര്‍ച്ചയുണ്ടായിരുന്നില്ല
വഴിയ്ക്കരികിലൊരു മുള്‍മുരിക്കില്‍
ചുവന്നപൂക്കള്‍ വരയുന്നു നോട്ടം
ചിതപോലെരിയുന്ന വെയില്‍
അതിലവന്‍ കിടക്കുമിങ്ങനെയെന്നു കാണിച്ചു

അവന്റെ വീടെപ്പോഴു
മടയാതെ കിടന്നു
കിളികളും രാത്രിശലഭങ്ങളും
പ്രപഞ്ചമെന്നു നിനച്ചു
കൊത്തിവെച്ച ശില്പങ്ങളുള്ള
കസേരയിലവന്‍
ചിരിച്ചിരുന്നു
നഷ്ടപ്പെട്ട വിശ്വാസങ്ങളെക്കുറിച്ചാകുലപ്പെട്ടിരുന്നു
എങ്കിലുമുടനെ
വിലക്കുകളില്ലാത്ത ആകാശം
വിശാലമായ നെല്‍വയലുകള്‍ പോലെന്നവന്‍
ആഹ്ലാദചിത്തനായ്
ഒരു നിഴലവനുപിന്നില്‍
പതുങ്ങിനില്പതു കണ്ടു
കൊടുവാളോങ്ങുമതവനു
നേരെയെന്നു തോന്നിയപ്പോളെഴുന്നേറ്റു

പിരിയുമ്പോളവന്‍
ഒരുമിച്ചൊരു പാത്രത്തില്‍ നിന്നുണ്ട
തിപ്പോഴുമോര്‍ക്കുന്നുവോ
യെന്നു ചോദിച്ചു
മരവിച്ച മനസ്സുകൊണ്ടതു
തുടച്ചു കളഞ്ഞു
ചുവരില്‍ത്തറച്ച പോത്തിന്‍തല
യനങ്ങുന്ന പോലുണ്ടെന്നു
മറുപടി പറഞ്ഞു
അതവന്‍ കേട്ടില്ലെന്നു തോന്നി
അവന്റെ കുരുന്നുകള്‍
പൂച്ചെടിക്കായ്കളിറുത്തെണ്ണി
ക്കളിക്കുന്നു
പണമെണ്ണിക്കൊടുത്തതോര്‍ത്തു

തിരിച്ചുവരുമ്പോളിറക്കത്തിലൊരു
കല്ല്
ഒറ്റയേറിനു താഴത്തെത്തിച്ചു

കൈവിട്ട കല്ല്
വാ വിട്ട വാക്ക്...
മരവിച്ച മനസ്സുകൊണ്ടെല്ലാം
തുടച്ചു കളഞ്ഞു

Saturday, July 7, 2012

ഫ്ലാസ്ക്

മടങ്ങിയെത്തുമ്പോള്‍
ചൂടുള്ളൊരു ചുംബനംകൊണ്ട്
നീയെന്നെ തിരിച്ചെടുക്കുന്നു

തിരക്കില്‍ നിന്ന്
തിടുക്കങ്ങളില്‍ നിന്ന്
തുണ്ടുതുണ്ടായ് ചിതറുന്ന വിചാരങ്ങളില്‍നിന്ന്
അരക്ഷിതമായ ശൂന്യതയില്‍നിന്ന്

ഇത്രയും നേരം
എവിടെയാണു നീയതു സൂക്ഷിച്ചത്
ആറാതെ
എന്നോര്‍ക്കുമ്പോള്‍
നിമിഷങ്ങള്‍ക്കുള്ളില്‍
ഒരുകപ്പു ചുടുകാപ്പിയായ്
മുന്നില്‍ നീ

ഉരിഞ്ഞെറിഞ്ഞൊരു
മുഷിഞ്ഞ ദിനത്തെ
പരിഭവിക്കാതെ
കുടഞ്ഞൊതുക്കുമ്പോള്‍
കാണുകയായിരുന്നു
ആരും കാണാതെ
ഹൃദയത്തിലെവിടെയോ
നീ കാത്തുവയ്ക്കുന്ന ഫ്ലാസ്ക്

ആറാത്ത ഭാഷയില്‍
വിളമ്പുമ്പോഴെല്ലാം
അവിശ്വാസത്തിന്റെ കൈതട്ടി
ഉടഞ്ഞു പോവരുതേ
അതെന്ന്
വെറുതെ ആഗ്രഹിക്കാമെന്നല്ലാതെ !

Sunday, June 17, 2012

ടൈംടേബിള്‍

അവസാനത്തെ പിരിയഡ്
കണക്കായിരുന്നു
കണക്കുചെയ്യാനറിയാത്ത കുട്ടി
ജനലിലൂടെ
മഴ നോക്കിയിരുന്നു

മഴകാണുന്ന കുട്ടിയെ നോക്കി
ടീച്ചര്‍ ഓരോന്നോര്‍ത്തു
പെരിക്കപ്പട്ടികയുടെ
കറുത്തപുസ്തകം മടക്കിവെച്ച്
കുട്ടികളെല്ലാം
അവളെ നോക്കിയിരുന്നു

കനത്തൊരിടിവെട്ടി
ക്ലാസ് മുറിയെ
പേടിപ്പിച്ചിരുത്തി

കണ്ണിറുക്കിയടച്ച
ക്ലാസില്‍ നിന്ന്
മഴയിലേക്കിറങ്ങിപ്പോയ കുട്ടിയെ
ആരും കണ്ടില്ല
ടീച്ചറും പിന്നെയവളെ
ക്കുറിച്ചോര്‍ത്തില്ല

മഴയിലേക്കിറങ്ങിപ്പോയ കുട്ടി
ടൈംടേബിളില്‍
അവസാനത്തെ പിരിയഡ്
മഴയെന്നു തിരുത്തി
ചേമ്പിലച്ചോട്ടില്‍ നിന്ന്
പച്ച നിറമാര്‍ന്ന
ആകാശത്തെ നോക്കി
പിന്നെ
ചോര്‍ന്നൊലിയ്ക്കുമോര്‍മകളില്‍
മഴയെന്നാണു
തന്റെ പേരെന്നു കുറിച്ചിട്ടു !

Monday, May 14, 2012

വരൂ , കാണൂ *


ചോരയില്‍ നിന്ന്
ഹീമോഗ്ലോബിനടര്‍ത്തി
മാറ്റിയാല്‍
തലേന്നു രാത്രി പെയ്തതിന്റെ
ഒരല്പം മഴവെള്ളം മാത്രമല്ലാതെ
മറ്റൊന്നും കാണാനാവില്ല,
മണ്ണില്‍
റോഡരികില്‍,
തെരുവില്‍ *

കുടപിടിച്ചു നനയാതെ
ചുറ്റും കൂടിനില്‍ക്കുമ്പോള്‍
വലയില്‍ കുരുങ്ങാത്ത
കൊമ്പന്‍സ്രാവുകളുള്ള
കടല്‍പോലെ ആകാശം
എത്ര ശാന്തം
നിശ്ശബ്ദം

ഉണങ്ങാത്ത മുറിവുകളില്‍ നിന്നിപ്പോഴും
രക്തം കിനിയുന്നുണ്ട്
ഒരല്പം മഴവെള്ളമല്ലാതെ
മറ്റൊന്നുമല്ലതെന്ന്
തുടച്ചു കളയുമ്പോഴും
അതിന്റെ കനല്‍ച്ചൂട്
പൊള്ളിക്കുന്നല്ലോ
പൊള്ളിക്കുന്നല്ലോ നമ്മളെ !

* വരൂ, ഈ തെരുവുകളിലെ രക്തം കാണൂ (ചില കാര്യങ്ങളുടെ വിശദീകരണം ..
പാബ്ലോ നെരൂദ)

Tuesday, May 1, 2012

രാത്രിയെക്കുറിച്ചുള്ള വിചാരത്തില്‍


ആടുകള്‍ കൂട്ടത്തൊടെ പോവുകയാണ്
പുകയായുയരേക്കുപാറും
പൊടിമൂടുന്നുണ്ടവയുടെ വേഗത

ആട്ടിടയന്‍
ഏറെ പിന്നിലാണവയുടെ
ഒപ്പം നടക്കാനേറെ പണിപ്പെടുന്നുമുണ്ടയാള്‍
കാലുകളിലെ ദീനം
വാര്‍ദ്ധക്യത്തോടൊപ്പമേറിയേറി
വരുന്നതിനെക്കുടിച്ചോര്‍ത്തയാള്‍
നടക്കുന്നു
നിഴലയാളുടെ കാലുകളില്‍ത്തൊട്ടു
മുന്നിലേക്കു നീണ്ടുകിടക്കുന്നു

അയാള്‍  ശ്രദ്ധിക്കുകയാണ്
അവിചാരിതമായ്
എന്തുകൊണ്ടാടുകളുടെ
നിഴലുകള്‍ പിന്നിലേക്കു നീളുന്നു ?
വെയിലവയെ വകഞ്ഞുമാറ്റി
നിലത്തു പൊടിമണ്ണിനു മീതെ
പറ്റിക്കിടന്നുറങ്ങാന്‍
വെപ്രാളപ്പെടുന്നുണ്ടാരും കാണാതെ

പച്ചയുടെ തരിപോലുമില്ലാത്ത
അകലങ്ങള്‍
വഴിമറന്നതിനെക്കുറിച്ചുള്ള
ആശങ്കയുടെ വിത്തുകള്‍ മുളപ്പിക്കുന്നു

മഞ്ഞുള്ള
ഒരു രാത്രിയെക്കുറിച്ചുള്ള
വിചാരത്തില്‍
പൊടുന്നനെയയാള്‍
മലക്കം മറിഞ്ഞുവീഴുകയാണ്
പൊടിയിപ്പോള്‍ കൂടിക്കൂടി
കുറഞ്ഞു കുറഞ്ഞ്
അപ്രത്യക്ഷമായിരിക്കുന്നു
ആകാശമതിന്റെ കറുത്ത സ്ലേറ്റില്‍
നക്ഷത്രങ്ങളെ വരഞ്ഞു തുടങ്ങിയിരിക്കുന്നു

മലക്കം മറിഞ്ഞു
പൊടിമണ്ണിലാണ്ടുപോയ
ആട്ടിടയനെക്കുറിച്ചുള്ള വിചാരത്തില്‍
ആടുകളെല്ലാം തിരിഞ്ഞു നില്‍ക്കുകയാണ്
മുന്നിലേക്കും പിന്നിലേക്കും
നീണ്ടുകിടക്കുമോര്‍മയുടെ
നിഴലുകളില്‍ച്ചവിട്ടി
ഒരാട്ടിന്‍കുട്ടി
മുലപ്പാല്‍ നുണയുകയാണ്
അനങ്ങാതെ
ചുരത്തി നില്‍ക്കുകയാണ്
അന്നേരമാകാശം !

Saturday, February 25, 2012

കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും എന്ന കവിതാ സമാഹാരത്തിന്റെ രണ്ടാം പതിപ്പ്



എന്റെ കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും എന്ന കവിതാ സമാഹാരത്തിന്റെ രണ്ടാം പതിപ്പ് 2012 ഫെബ്രുവരി 19 ഞായറാഴ്ച( സമയം രാവിലെ 11 മണി )എളനാട്  വെച്ച് ഗ്രാമീണവായനശാലയുടെ ആഭിമുഖ്യത്തില്‍ പ്രകാശനം ചെയ്യപ്പെട്ട വിവരം സസന്തോഷം അറിയിക്കട്ടെ.
പ്രകാശനം നിര്‍വഹിച്ചത് ചലച്ചിത്രസംവിധായകന്‍ ഷാജൂണ്‍ കാരിയാല്‍ ആണ്.
പുസ്തകം ഏറ്റുവാങ്ങിയത് സാഹിത്യനിരൂപകനും എന്റെ അധ്യാപകനുമായ ഡോ.എം കൃഷ്ണന്‍നമ്പൂതിരിയും
. ആദ്യപതിപ്പിന് ലഭിച്ച പ്രോത്സാഹനങ്ങളും പിന്‍തുണയും തുടര്‍ന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.പുസ്തകം ഇവിടെ ലഭിക്കും

Saturday, January 7, 2012

ചില കാര്യങ്ങള്‍


ഇപ്പൊ തിരിച്ചുവിളിയ്ക്കാ
മെന്നു പറഞ്ഞ്
മറന്നുപോയവരുടെ കാര്യം  നില്‍ക്കട്ടെ

ഇപ്പൊ വിളിക്കും
വിളിക്കുമെന്നു വിചാരിച്ച്
മണിക്കൂറുകളോളം
വിരസതയുടെ മണലിലിരുന്ന്
കുഴിച്ചുകുഴിച്ചു
തുരങ്കമുണ്ടാക്കി
അതിലിറങ്ങിപ്പോയവരാണ്
ഇടയ്ക്കു കാറ്റുകൊള്ളാന്‍വരുന്ന
ഈ കടല്‍ ഞണ്ടുകള്‍

ആ മണിക്കൂറുകളുടെ കാര്യമോ
ഇപ്പൊ വിളിയ്ക്കും
വിളിക്കുമെന്ന
ഹൃദയമിടിപ്പുകളെണ്ണി
കടലകൊറിച്ചിരിക്കാന്‍
കൂട്ടിരുന്ന്
മടുപ്പുകൊണ്ട്
മുളച്ചുപടര്‍ന്ന
മരച്ചുവട്ടില്‍
കൂച്ചുവിലങ്ങിട്ട്
ചിന്നം വിളിച്ച്
മദംപൊട്ടിയത്
കാര്‍മേഘമായ്
മാറിയത്
കണ്ടില്ലേ

ഇപ്പൊ വിളിയ്ക്കാമെന്നു പറഞ്ഞ്
ഷവര്‍മ ഹട്ടിലേക്കോ
ഫേസ് ബുക് ചാറ്റിലേക്കോ
കയറിപ്പോയതിന്റെ
കലിപ്പുമുഴുവന്‍ തീര്‍ക്കുകയാണ്
ഇടി
വെട്ടി
പെയ്ത് !

Sunday, January 1, 2012

അത്യത്ഭുതം


ഇതു വളരെ അത്ഭുതമായിരിക്കുന്നു
അടുക്കളയില്‍
അടുപ്പുതട്ടിനു മധ്യത്തിലായി
ആ മുളകുപൊടിഡെപ്പി
ഇന്നലെയിരുന്ന
അതേ സ്ഥാനത്തുതന്നെയിരിക്കുന്നു
ഒരു പകല്‍
ഇടയില്‍ നിന്ന്
ആരോ മായ്ച്ചു കളഞ്ഞപോലെ

ഉറപ്പായും
അതൊരലമാരയിലിരിയ്ക്കേണ്ടതായിരുന്നു
അപരിചിതദേശത്ത്
ഒറ്റപ്പെട്ടപോലെയെന്ന്
ഇന്നലെയും തോന്നിയിരുന്നു
അതേ തോന്നല്‍
ഇപ്പോഴുമുണ്ടായി

അടുക്കളയിലെ
നിന്റെയൊരു ദിവസത്തെ
മുഴുവന്‍ അധ്വാനങ്ങളും
അതിനെ നീക്കിവെയ്ക്കാന്‍
പ്രേരിപ്പിക്കാത്തത്
അത്യത്ഭുതം തന്നെ

ആ മുളകുപൊടി ഡെപ്പി
നാളെയുമവിടെത്തന്നെ
യിരിക്കുമായിരിക്കും
ജനിച്ചപ്പോഴുണ്ടായ
ആ തോന്നല്‍
നാളെയുമുള്ളില്‍ നിന്ന്
തികട്ടിവരുമായിരിക്കും

വളരെ പെട്ടെന്നുതന്നെ
ഞാനെല്ലാം മറന്നുപോയിരിക്കുന്നു
ഇപ്പോഴെന്റെ മനസ്സില്‍
ആ മുളകുപൊടിഡെപ്പിയില്ല
ആ തോന്നലുമില്ല

അത്യത്ഭുതം തന്നെ
ഉപരിതലത്തിലെ  മീനുകളേ
നിങ്ങളുടെ ലോകം!

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP