Sunday, June 17, 2012

ടൈംടേബിള്‍

അവസാനത്തെ പിരിയഡ്
കണക്കായിരുന്നു
കണക്കുചെയ്യാനറിയാത്ത കുട്ടി
ജനലിലൂടെ
മഴ നോക്കിയിരുന്നു

മഴകാണുന്ന കുട്ടിയെ നോക്കി
ടീച്ചര്‍ ഓരോന്നോര്‍ത്തു
പെരിക്കപ്പട്ടികയുടെ
കറുത്തപുസ്തകം മടക്കിവെച്ച്
കുട്ടികളെല്ലാം
അവളെ നോക്കിയിരുന്നു

കനത്തൊരിടിവെട്ടി
ക്ലാസ് മുറിയെ
പേടിപ്പിച്ചിരുത്തി

കണ്ണിറുക്കിയടച്ച
ക്ലാസില്‍ നിന്ന്
മഴയിലേക്കിറങ്ങിപ്പോയ കുട്ടിയെ
ആരും കണ്ടില്ല
ടീച്ചറും പിന്നെയവളെ
ക്കുറിച്ചോര്‍ത്തില്ല

മഴയിലേക്കിറങ്ങിപ്പോയ കുട്ടി
ടൈംടേബിളില്‍
അവസാനത്തെ പിരിയഡ്
മഴയെന്നു തിരുത്തി
ചേമ്പിലച്ചോട്ടില്‍ നിന്ന്
പച്ച നിറമാര്‍ന്ന
ആകാശത്തെ നോക്കി
പിന്നെ
ചോര്‍ന്നൊലിയ്ക്കുമോര്‍മകളില്‍
മഴയെന്നാണു
തന്റെ പേരെന്നു കുറിച്ചിട്ടു !

8 comments:

ajith said...

മഴയിലേക്കിറങ്ങിപ്പോയ കുട്ടി മഴക്കുട്ടി. നല്ല ചന്തം

എം പി.ഹാഷിം said...

മഴയിലേ ക്കിറങ്ങിപ്പോയ കുട്ടി
മഴയായ് പെയ്തിന്നെന്റെ മുട്ടത്ത്!

നല്ല വായന , നല്ല ഭാഷ !

എം പി.ഹാഷിം said...

മുറ്റത്ത്‌...:)

പി. വിജയകുമാർ said...

ചോർന്നൊലിക്കുമോർമ്മകളിൽ മഴയെന്നാണു തന്റെ പേരെന്നു കുറിച്ചിട്ട മഴയിലേക്കിറങ്ങിപ്പോയ പെൺകുട്ടി.
മഴയായ പെൺകുട്ടി.
സുന്ദരമായ രചന.
ചിന്തിപ്പിക്കുന്നതും.

Kalavallabhan said...

അവസാനത്തെ പീരിയഡ്‌ കണക്കായൊലിച്ചു പോയി

ഷാജു അത്താണിക്കല്‍ said...

ആശംസകൾ

ഇഗ്ഗോയ് /iggooy said...

മഴയിലേക്കിറങ്ങിപ്പോയ കുട്ടിയെ ആരും കണ്ടില്ല. ടീച്ചറും അവളെ ഓര്‍ത്തില്ല.
എന്തേ ഇങ്ങനെ എന്നത് ആരും ചോദിച്ചില്ല?

Unknown said...

നല്ല കവിത

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP