Sunday, May 13, 2018

വരാൽ

നീ ഞാനാണല്ലോയെന്നുപറയുന്ന
ഒരാളുടെകൂടെ നഗരത്തിൽ ചുറ്റിക്കറങ്ങുന്നു

മെയ് മാസത്തിന്റെ കനൽപ്പൊരി വീണ്
കണ്ണു കലങ്ങി പൊള്ളിയടർന്ന്
കരിമ്പിൻ ജ്യൂസ് നോക്കിയെത്തുന്നു
കരിക്കിൻകുലകൾ വാ പൊത്തിപ്പിടിച്ച്
ചരിഞ്ഞിരിക്കുന്നു
(പൊത്തിപ്പിടിച്ചാലും ചെത്തിത്തുറക്കുമെന്ന
വാശിയിൽ
തൊട്ടടുത്തൊരു വാക്കത്തിയിരിക്കുന്നത് കണ്ട്
പരസ്പരം സങ്കല്പിച്ചു)
തിരക്കുപിടിച്ച പാതകളിലൂടെ
തിരക്കുപിടിച്ച ജന്തുക്കൾ
പേ പിടിച്ചപോലെ ഇരമ്പിക്കൊണ്ടിരിക്കുന്നു

തൊണ്ടക്കുഴലിലൂടെ
മധുരവും തണുപ്പുമിഴഞ്ഞ്
വീണ്ടും പൊള്ളിയടരാനിറങ്ങുന്നു
പരസ്പരം തൊപ്പികളാവുന്നു

നട്ടുച്ചവെയിലിന്റെ പൂരക്കുട പിടിച്ച്
ഒരു കൂട്ടം
ട്രാഫിക് ബ്ലോക്കിനെ തമാശയായി കാണുന്നു
കാല് ചുട്ടുപൊള്ളുമ്പോൾ ആനയ്ക്ക്
പാപ്പാനെ ചുരുട്ടി റോഡിലടിച്ച്
തല ചവിട്ടിയരച്ച് മരങ്ങൾക്കിടയിലേക്ക്
ഓടിപ്പോവാൻ തോന്നുന്നത്
എനിക്കും തോന്നുന്നു
നീ ഞാനല്ലോ
എന്നു പറയുന്ന നിനക്കും തോന്നുന്നുണ്ട്
എന്നു ഞാൻ വിചാരിക്കുന്നത്
നീയും വിചാരിക്കുന്നുണ്ട്

നടന്നു നടന്നു പോകുമ്പോൾ
മരങ്ങളെ തിരയുന്നു
നീ വിചാരിക്കുന്നത്
ഞാൻ പറയുന്നു
നിന്റെ ശ്വാസകോശത്തിലെ
വലിവ്
എനിക്കുമുണ്ടായതെങ്ങനെ
നിന്റെയന്തർമുഖത്വം
ദുരൂഹമായ നോട്ടം
കോലം കെട്ടിയ പോലത്തെ
സെൽഫികൾ
മിണ്ടായ്മകൾ
ആക്കിയ ചിരി
മസാലക്കലർപ്പുള്ള രുചികൾ
വാക്കുകൾ
നോട്ടങ്ങൾ
എല്ലാമെനിക്കുമുണ്ടല്ലോ
പറയുന്നതെല്ലാം അതുപോലെയാകുമ്പോൾ
നീ പറഞ്ഞതിന്റെ വാസ്തവത്തിൽ
ഞാൻ വിശ്വസിക്കുന്നു
അല്ല വിശ്വാസത്തെ
അരക്കിട്ടുറപ്പിക്കുന്നു

രണ്ടു തലയുള്ള
ഒറ്റജീവിയാകാൻ
നമ്മൾ തീരുമാനിക്കുന്നു
വിശ്വാസം മണ്ണാങ്കട്ട
എന്നു പറഞ്ഞ് രണ്ടു പട്ടങ്ങളെ
നൂലു പൊട്ടിച്ച്
ഒന്നിച്ച് പറത്തുന്നു
ശേഷിക്കുന്ന നൂൽ
കൈയിൽ നിന്ന് കളയാൻ
മറന്നു പോകുന്നു

നട്ടുച്ച
നന്നായി മൂക്കുന്നു

തിരഞ്ഞൊരു മൂലയിൽ
കണ്ടെത്തിയ മാളത്തിനുള്ളിൽ നിന്ന്
പുറത്തിറങ്ങിയപ്പോഴേക്കും
പകലിന്റെ മരണവെപ്രാളം തുടങ്ങിയിരുന്നു
നീ ഞാനല്ലോ
എന്നു നീ പറഞ്ഞില്ല
കളഞ്ഞിട്ടും കൈയിൽ അവശേഷിച്ച നൂൽ
കണ്ടപ്പോൾ മാത്രം
ഞാൻ നീയല്ലോ എന്നെനിക്കു തോന്നി

നീയപ്പോൾ തിരിഞ്ഞു നോക്കാതെ
തിടുക്കത്തിൽ
ബസ്സ്റ്റാൻഡിലേക്ക് നടക്കുകയായിരുന്നു
നീ നടന്നു പോകുന്നതു നോക്കി
കളഞ്ഞിട്ടും
കൈയിലൊട്ടിപ്പിടിച്ച പട്ടത്തിന്റെ നൂൽ
ഞാൻ വലിച്ചു പറിച്ചു കളഞ്ഞു

ഇരുട്ടിലേക്ക് പുതയുമ്പോൾ
എനിക്കു ചിരി വന്നു
നീയല്ലല്ലോ ഞാൻ!

No comments:

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP