Thursday, October 30, 2008
പെണ്‍കുട്ടി
പൂ വരച്ച ബാഗില്‍
ഒരു പെണ്‍കുട്ടിയുടെ
മനസ്സുണ്ട്
ആരും കാണാതെ
അവളൊളിപ്പിച്ച
സ്വപ്നങ്ങളുണ്ട്
നോട്ടുബുക്കിനിടയില്‍
അരികുകീറിയ
ഒരു ഗ്രീറ്റിങ് കാര്‍ഡുണ്ട്
ചതഞ്ഞു പതിഞ്ഞ്
തിരിച്ചറിയാനാവാത്ത
അക്ഷരങ്ങള്‍ പോലുളള
മുല്ലപ്പൂക്കളും
അവളെപ്പോഴും
ഓര്‍ത്തെടുക്കുന്നത്
നിറമടര്‍ന്ന ഒരു തൂവാല
നനഞ്ഞ മൗനത്തില്‍
പൂകൊഴിഞ്ഞ വഴിയില്‍
നോക്കി നില്ക്കുന്ന
പെണ്‍കുട്ടി!
Tuesday, October 7, 2008
വെള്ളാരങ്കല്ല്
മിനുസമുള്ള
ഒരു വെള്ളാരങ്കല്ലുണ്ടായിരുന്നു
നിന്റെ കൈയ്യില്‍
കവിളില്‍ ചേര്‍ത്തു വച്ചാല്‍
തണുപ്പു തൊടുന്നത്
വെയില്‍ പടര്‍ന്ന
ഇല പോലെ നിന്റെ മനസ്സ്
പൊളളുമ്പോഴും
പൊട്ടിച്ചിരിച്ച്
നീയൊളിപ്പിച്ചു വച്ച
കൗതുകങ്ങള്‍
മഴയില്‍ കുതിര്‍ന്ന വിഷാദങ്ങള്‍
ആരുമറിയാത്ത സ്വപ്നങ്ങള്‍
കൈക്കുളളില്‍
വെളുത്ത മൗനത്തില്‍
അനങ്ങാതിരിക്കാനറിയാത്ത
ആ വിരലുകളെ
ഞാന്‍ ചേര്‍ത്തുപിടിയ്ക്കാനാഗ്രഹിച്ചു
പൂമ്പൊടി കൊണ്ട്
കവിളില്‍ തൊടാനും
നോക്കാനെന്ന പോലെ
ഞാനതു വാങ്ങി
കിളിമുട്ട പോലുളളത്
കുറേ ചോദിച്ചിട്ടും
കണ്ണീരില്‍ പിണങ്ങിയിട്ടും
തിരിച്ചു കൊടുത്തില്ല
പിന്നൊരിയ്ക്കല്‍
നിന്റെ കൈക്കുളളില്‍ വച്ചെങ്കിലും
അതെനിക്കെന്ന്
ആ കണ്ണുകളിലെ
തിളക്കം
(സുശിഖം മാസിക)
Wednesday, October 1, 2008
സാക്ഷി
കൃത്യം നടത്തിയതിനു ശേഷം
സാക്ഷികളാരുമില്ലെന്ന്
ഉറപ്പു വരുത്താന്‍
ചുറ്റും കണ്ണോടിച്ചു
അപ്പോഴുണ്ട്
വക്കില്‍ ചോരപുരണ്ടൊരു
മേശ
ഭയന്നു വിറച്ച്
മുറിയുടെ മൂലയില്‍
പതുങ്ങുന്നു
ബലപ്രയോഗത്തിനിടയില്‍
ചവിട്ടേറ്റു വീണൊരു കസേര
നിലത്തിഴഞ്ഞ്
തലയുയര്‍ത്തുന്നു
ടേബിള്‍ ലാമ്പിന്റെ
മങ്ങിയ മഞ്ഞ
ചുവരില്‍ പടര്‍ത്തിയ
നിഴലിന്റെ വിളളലുകള്‍ക്കിടയില്‍
നാവു കടിച്ചുപിടിച്ചൊരു പല്ലി
അപ്പോഴും
കിതപ്പടങ്ങാത്ത നെഞ്ചുപോലെ ഫാന്‍
ചോരത്തുളളികള്‍ തെറിച്ച മുഖം പോലെ
നിലവിളിക്കാന്‍ മറന്ന
പുസ്തകം
കണ്ണിറുക്കിപ്പിടിച്ച്
അതിനരികിലൊരു പേന
...................................
സാക്ഷികളില്ലാതാക്കാന്‍
മുറി മുഴുവന്‍ ചുട്ടെരിച്ച്
പുറത്തു കടന്നപ്പോള്‍
കൈകളിലിരുന്ന്
വിറയ്ക്കുന്നു
കണ്ണുകലങ്ങിയ
കഠാര
എപ്പോഴും അവശേഷിക്കാറുളള
ഒരേയൊരു
സാക്ഷി!
എട്ടുകാലി
Subscribe to:
Posts (Atom)