വെയിലില്‍ തിളങ്ങുന്ന
റെയില്‍പ്പാളങ്ങള്‍ക്കപ്പുറത്തായിരുന്നു പുഴ
ഒഴുക്കിലേക്ക്
ചാഞ്ഞുകിടന്ന
ഇല്ലിക്കൂട്ടങ്ങള്‍ക്കരികിലൂടെ
പുഴയിലേക്കുളള വഴി
അവിടെപ്പോഴുമുണ്ടാകും
കടത്തുകാരന്
അയാളുടെ വീട്
അടുത്തെവിടെയോ
ആയിരിക്കണം
വള്ളത്തില്‍
വീണുകിടക്കും നിഴല്‍
റാന്തല്‍വിളക്ക്
ചോറ്റുപൊതി
സ്കൂള്‍കുട്ടികള്‍
പുലര്‍ച്ചയ്ക്ക്
നഗരത്തിലേക്കുളള ആദ്യത്തെ ബസ്സു പിടിക്കാന്‍
തിരക്കിട്ടെത്തുന്ന
ജോലിക്കാര്‍
അക്കരെയുളള ഫാക്ടറിയില്‍
പണിക്കുപോകുന്നവര്‍
മഞ്ഞുകുപ്പായമിട്ട
നിശ്ശബ്ദത
എല്ലാറ്റിനും മീതെ
അയാളുടെ പാട്ട്
രാത്രിയില്‍
കരിമ്പടം പുതച്ച്
ഉറങ്ങാതിരിയ്ക്കുമയാളെത്തേടി
തിളങ്ങുന്ന
രണ്ടു കണ്ണുകള്‍!
ഒരിയ്ക്കലയാള്‍
പാളത്തില്‍ കിടന്നുറങ്ങി
പുഴയ്ക്കു മോളിലൂടെ
പാലം വന്നതു കൊണ്ടാവില്ല
തിളങ്ങുന്ന രണ്ടുകണ്ണുകള്
ഇനിയൊരിക്കലും തേടിവരില്ലെന്ന
തിരിച്ചറിവാകണം
മണല്‍ക്കരയില്‍
അനാഥജഡം പോലെ
അയാളുടെ വളളം
കുറേനാള്‍ കിടന്നു
പിന്നീടതും...
9 comments:
ഇഷ്ടപ്പെട്ടു മാഷേ...ആശംസകള്‍...
മൂര്‍ച്ചയുള്ള വാക്കുകള്‍...
നന്മകള് നേരുന്നു
“പുഴയ്ക്കു മോളിലൂടെ
പാലം വന്നതു കൊണ്ടാവില്ല
തിളങ്ങുന്ന രണ്ടുകണ്ണുകള്
ഇനിയൊരിക്കലും തേടിവരില്ലെന്ന
തിരിച്ചറിവാകണം“
അനീഷ്,
എല്ലാകവിതകളേയും പോലെ ഇതും നന്നായിട്ടുണ്ട്.
മനോഹരമായിരിക്കുന്നു
നന്മകള് നേരുന്നു
മനോഹരമായ വരികൾ
കഥയുള്ള കവിത :)
Nnnayittundu. Ashamsakal.
ചാഞ്ഞു വീണ നിഴലുകള്‍ക്കിടയിലൂടെ
ജലജീവിതങ്ങള്‍ നൊമ്പരപ്പെടുത്താതെ
മൌനങ്ങളുടെ ആഴങ്ങളില്‍ തുഴയെറിഞ്ഞ്
ജലസാന്നിധ്യം തൊട്ടറിഞ്ഞ ജീവിതം
നീന്തിത്തീര്ക്കുന്നൊരു കടത്തുകാരന്....
കരകള്ക്കപ്പുറത്തെ ചെറുപുഴകളും
പുഴകളെ കാത്തിരിക്കും വന്‍കരകളും
ചേര്‍ത്തു പിടിച്ചൊരു ജീവിതം,
കരകള്‍ക്കിടയില്‍ ജീവിച്ചുതീര്‍ക്കാന്‍
പുഴയിലേക്ക് ചാഞ്ഞൊരു ജീവിതം....
Post a Comment